തിരുവനന്തപുരം : നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്കെതിരെ കള്ളക്കേസുകളെടുത്ത ശേഷം സർവകക്ഷി യോഗം വിളിച്ചത് സർക്കാരിന്റെ കാപട്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കാത്ത് നിൽക്കുന്നവരല്ല കേരളത്തിലെ പ്രതിപക്ഷം. ഒരു സഭാ ടി.വിക്കും മൂടിവയ്ക്കാൻ കഴിയുന്നതല്ല പ്രതിപക്ഷത്തിന്റെ ശബ്ദമെന്നും വാർത്താസമ്മേളനത്തിൽ ്അദ്ദേഹം പരഞ്ഞു. നിയസഭയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വാദി പ്രതിയായ സ്ഥതിയാണുണ്ടായിരിക്കുന്നത്. ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കാലാപം നടത്തിയെന്നതുൾപ്പെടെ ജാമ്യമില്ലാത്ത കേസുകളെടുത്തു.
10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന സെഷൻസ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം മർദ്ദനമേറ്റ എം.എൽ.എമാരുടെ പരാതിയിൽ ഭരണപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കുന്ന കേസുകളാണെടുത്തിരിക്കുന്നത്. കെ.കെ രമ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടുമില്ല. ഇന്നലെ വെളുപ്പിനെ ഒന്നരയ്ക്കും രണ്ടരയ്ക്കും പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസുകളെടുത്ത ശേഷം രാവിലെ എട്ടു മണിക്ക് സർവകക്ഷി യോഗം വിളിച്ചതിന് പിന്നിലെ കാപട്യം എല്ലാവർക്കും ബോധ്യമായി. പ്രശ്‌നങ്ങൾ തീർക്കാനല്ല സർവകക്ഷി യോഗം വിളിച്ചത്. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകുന്ന റൂൾ 50ൽ ഒരു ഒത്തുതീർപ്പിനുമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മാറിമാറി വന്ന പ്രതിപക്ഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശമാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടലും അതുമായി ബന്ധപ്പെട്ട ചർച്ചയും. പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന അവസരമല്ല റൂൾ 50 നോട്ടീസ്. അടിയന്തിര പ്രമേയ ചർച്ചകളിലെ മറുപടികളിലൂടെയാണ് കേരളത്തിലെ പല മന്ത്രിമാരും പേരെടുത്തിട്ടുള്ളത്. കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പ്രതിപക്ഷം പറയുന്നു എന്നതിന്റെ പേരിൽ റൂൾ 50 നിഷേധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പരിശോധിച്ച ശേഷം വേണമെങ്കിൽ അനുമതി നൽകുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കാത്ത് നിൽക്കുന്നവരല്ല കേരളത്തിലെ പ്രതിപക്ഷം.
കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശം സർക്കാരിന് മുന്നിൽ പണയപ്പെടുത്തിയാൽ ജനം പ്രതിപക്ഷത്തെ വിചാരണ ചെയ്യും. ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യത്തിൽ ഞങ്ങൾ പറയുന്നത് കേൾക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പ്രതിപക്ഷം അതിന് തയാറല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് ദയവുണ്ടായാൽ റൂൾ 50 ന് അനുമതി നൽകാമെന്ന നിലാപാട് അംഗീകരിക്കാനാകില്ല. ഡെപ്യൂട്ടി ചീഫ് മാർഷൽ സി.പി.എം ഗുണ്ടയെ പോലെയാണ് പെരുമാറിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അയാളെ തല്ലി പരുക്കേൽപ്പിച്ചെന്നാണ് പൊലിസിന് നൽകിയിരിക്കുന്ന മൊഴി. തിരുവഞ്ചൂരിനെ തള്ളി മാറ്റിക്കൊണ്ട് പ്രകോപനമുണ്ടാക്കിയത് ഡെപ്യൂട്ടി ചീഫ് മാർഷലാണ്. എന്നിട്ടാണ് അയാളെക്കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചത്. എം.എൽ.എമാർക്ക് നീതി കിട്ടാത്ത നാട്ടിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? നാട്ടിൽ പൊലിസ് ഭരണം നടക്കുന്നത് എങ്ങനെയെന്നതിന് ഉദാഹരമാണിത്.
ചോദ്യങ്ങൾ ചോദിക്കാതിരിക്കാനും വിമർശനങ്ങൾ കേൾക്കാതിരിക്കാനുമാണ് പ്രതിപക്ഷ അവകാശങ്ങൾ ലംഘിക്കുന്നത്. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. സർക്കാറിന്റെ ഒരു പരിപാടികളോട് സഹകരിക്കില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷം ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ധാർഷ്ട്യത്തിൽ നിന്നും മുഖ്യമന്ത്രി പിൻമാറുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.