2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കില്‍ എന്തിന് സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടണം?; വി.ഡി സതീശന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും യാതൊരു പങ്കുമില്ലെങ്കില് എന്തുകൊണ്ടാണ് അവര്‍ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വധികാരത്തോടെ പ്രവര്‍ത്തിച്ച ആളാണ് കോഴക്കേസില്‍ അറസ്റ്റിലായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ചല്ല മറുപടി പറയേണ്ടത്. പ്രതിപക്ഷവും ജനങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനും സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സന്തോഷ് ഈപ്പന്റെയൊപ്പം സംസ്ഥാന സര്‍ക്കാരും സി.ബി.ഐ അന്വേഷണത്തിനെതിരായി പ്രവര്‍ത്തിക്കുകയാണ്. ഇത് വിരോധാഭാസമാണ്. സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും സതീശന്‍ ചോദിച്ചു.

കേസില്‍ അഞ്ചാംപ്രതിയായ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഇതുവരെ ഇ.ഡി പ്രതിചേര്‍ത്തത് ആറുപേരെയാണ്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ.ഡി കണ്ടെത്തിയത്.

ഒരു കോടി രൂപ ശിവശങ്കറിന് നല്‍കിയെന്നാണ് സ്വപ്‌നയുടെ മൊഴി. സരിത്തിനും സന്ദീപിനും 59 ലക്ഷം രൂപ വരെ നല്‍കി. കേസില്‍ ഒരാളെക്കൂടി ഇ.ഡി പ്രതിചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇ.ഡി പ്രതിയാക്കിയത്. യദുകൃഷ്ണന് മൂന്ന് ലക്ഷം കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയത് യദു കൃഷ്ണനാണ്.

അതേസമയം, ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത് . സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളര്‍ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇഡിയുടെ കൊച്ചി ഓഫിസില്‍ വെള്ളി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.