2021 January 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വി.സി.ആറുകളും ഓര്‍മയിലേയ്ക്ക്

രാജു ശ്രീധര്‍

കൊല്ലം: നാല്‍പതു വര്‍ഷത്തെ ജീവിതത്തിനു ശേഷം വി.സി.ആറുകളും (വീഡിയോ കാസറ്റ് റെക്കോര്‍ഡര്‍) ഇനി ഓര്‍മകളിലേക്ക്. വി.സി.ആറുകളുടെ അവസാന ഉല്‍പാദകര്‍ എന്നറിയപ്പെടുന്ന ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ഫുനായ് ഇലക്ട്രിക് മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം ഈ മാസം അവസാനത്തോടെ ഉല്‍പാദനം നിര്‍ത്തുകയാണ്.

കുറഞ്ഞുവരുന്ന കച്ചവടവും അവശ്യഘടകങ്ങളുടെ ദൗര്‍ലഭ്യവുമാണ് ഉല്‍പാദനം നിര്‍ത്താന്‍ കമ്പനിയെ  പ്രേരിപ്പിച്ചത്. ഫുനായ് കമ്പനി സാന്യോ എന്ന പേരിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലും ചൈനയിലും പ്രശസ്തമായത്. ഫുനായ് 1980ലെ തങ്ങളുടെ തന്നെ സി.വി.സി (കോമ്പാക്റ്റ് വീഡിയോ കാസറ്റ്) ഫോര്‍മാറ്റ് പുറത്തിറക്കി പരാജയപ്പെട്ട ശേഷമാണ് 1983ല്‍ വി.സി.ആര്‍ പുറത്തിറക്കുന്നത്. സി.വി.സി കാല്‍ ഇഞ്ച് ടേപ്പ് ഉപയോഗിച്ച് വലിപ്പവും ഭാരവും കുറഞ്ഞ രീതിയിലാണ് പുറത്തിറങ്ങിയതെങ്കിലും മറ്റു സാങ്കേതിക മികവുകളാല്‍ അര ഇഞ്ച് ടേപ്പ് ഉപയോഗിച്ച വി.എച്ച്.എസും ബീറ്റാമാക്‌സും കനത്ത മത്സരം തന്നെയാണ് സമ്മാനിച്ചത്.

വര്‍ഷം 15 ലക്ഷം വി.സി.ആറുകള്‍ വരെ വിറ്റഴിച്ച ചരിത്രമുള്ള കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വില്‍പന 7,50,000 യൂനിറ്റുകള്‍ മാത്രമാണ്. 1980ല്‍ ഉല്‍പാദനം ആരംഭിച്ച ബീറ്റാമാക്‌സ് പ്ലെയെറുകള്‍ 2002ഓടെ ഉല്‍പാദനം നിര്‍ത്തിയിരുന്നെങ്കിലും 2015 വരെ അതിന്റെ ടേപ്പുകള്‍ ലഭ്യമായിരുന്നു.

കാലം മാറി പുതിയ സാങ്കേതിക വിദ്യകള്‍ സ്ഥാനം പിടിച്ചതോടെ വി.സി.ആറിനുള്ള എതിരാളികള്‍ ഡി.വി.ഡി.യും ബ്ലൂറേയും മാത്രം ആയിരുന്നില്ല, ഹാര്‍ഡ് ഡിസ്‌കിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ റെക്കോര്‍ഡറുകളും കൂടിയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും  ഭൂരിഭാഗം ആളുകളും കാര്യക്ഷമത കൂടിയ പുതിയ സാങ്കേതിക വിദ്യകളെ ആശ്രയിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ തന്നെ, പഴയ ടേപ്പുകളും ഉപകരണങ്ങളും വാങ്ങി ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത്തരക്കാരുടെ എണ്ണത്തില്‍ വലിയതോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫുനായ് ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച വി.സി.ആറുകളുടെ എണ്ണം അതിനു തെളിവാണ്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.