മലപ്പുറം: കേരള വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട വിഷയവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിലപാട് ഏകകണ്ഠമാണെന്നും ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയോടൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയത്.
വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments are closed for this post.