
റിയാദ്: വന്ദേ ഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ സഊദിയിൽ നിന്നും അധിക സർവ്വീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനാല് മുതൽ 28 വരെ 32 സർവ്വീസുകളായാണ് വർധിപ്പിച്ചത്. നേരത്തെ ഇതേ കാലയളവിൽ 16 സർവ്വീസുകൾ മാത്രമാണുണ്ടായിരുന്നത്.
പുതിയ ലിസ്റ്റ് പ്രകാരം ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 16 സർവ്വീസുകൾ ഉണ്ടാകും. ഇതിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു സർവ്വീസ് മുംബൈ വഴിയായിരിക്കും. ബാക്കി സഊദിയിൽ നിന്നുള്ള മുഴുവൻ സർവ്വീസുകളും സഊദിയിലെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടാണ് സർവീസ് നടത്തുക.
ടിക്കറ്റുകൾ ഓൺലൈൻ വഴിയോ എയർ ഇന്ത്യ ഓഫീസുകൾ മുഖേനയോ വാങ്ങാവുന്നതാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു