നിലമ്പൂർ • വന്ദേ ഭാരത് ട്രെയിൻ സർവിസുകൾക്കു ശേഷം ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവിസുകളും വരുന്നു. കേരളത്തിൽനിന്ന് 10 റൂട്ടുകളാണ് പരിഗണനയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്. എറണാകുളം – -കോഴിക്കോട്, കോഴിക്കോട്- – പാലക്കാട്, പാലക്കാട്- – കോട്ടയം, എറണാകുളം- – കോയമ്പത്തൂർ, തിരുവനന്തപുരം – -എറണാകുളം, കൊല്ലം- – തിരുനെൽവേലി, കൊല്ലം- – തൃശൂർ, മംഗളൂരു- – കോഴിക്കോട്, നിലമ്പൂർ- – മേട്ടുപാളയം എന്നിവയാണ് വന്ദേ മെട്രോ ട്രെയിൻ സർവിസ് റൂട്ടുകളായി പരിഗണിക്കുന്നത്. വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോമീറ്ററാണ്. പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകൾക്ക് ഉണ്ടാകില്ല.
ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാണ് റെയിൽവേ ബോർഡ് വന്ദേ മെട്രോ ട്രെയിനുകൾക്ക് അനുമതി നൽകുന്നത്. പൂർണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക. 130 കിലോമീറ്ററായിരിക്കും പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നവംബറിൽ പുറത്തിറക്കും. വന്ദേ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്നാണ് കേന്ദ്രം വന്ദേ മെട്രോ പദ്ധതി ആരംഭിച്ചത്.
യൂറോപ്പിലെ റീജ്യനൽ ട്രെയിനുകൾക്ക് സമാനമാണിത്.
ടൂറിസം വികസനം കൂടി ലക്ഷ്യമിട്ടാണ് നിലമ്പൂർ-മേട്ടുപാളയം സർവിസ് പരിഗണിക്കുന്നത്. നിലമ്പൂരിൽ വൈദ്യുതീകരണ പ്രവൃത്തികൾ നടന്നു വരുന്നുണ്ട്.
Comments are closed for this post.