2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വന്ദേ ഭാരത് മിഷൻ; മുറവിളിക്കൊടുവിൽ സഊദിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് ടിക്കറ്റുകൾ ഓൺലൈനിൽ

നാട്ടിലേക്ക് പോകാനുള്ള പ്രവാസികളുടെ തള്ളിച്ച അവസാനിച്ച ഘട്ടത്തിലാണ് ഒടുവിൽ ഓൺലൈൻ സേവനം ലഭ്യമാക്കിയത്

    റിയാദ്: കൊവിഡ് പ്രതിസന്ധിക്കിടെയുള്ള മടക്ക വിമാന സർവീസായ വന്ദേഭാരത് മിഷൻ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായിത്തുടങ്ങി. നിലവിൽ പ്രഖ്യാപിക്കപ്പെട്ട ആറാം ഘട്ടത്തിലാണ് സഊദിയിൽ നിന്നുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാകുന്നത്. വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ആവശ്യവുമായി പ്രവാസികൾ ഏറെ വാതിലുകൾ മുട്ടിയെങ്കിലും ആറാം ഘട്ടമെത്തിയപ്പോഴാണ് ഇത് അനുവദിക്കാനുള്ള മനസ്സ് അധികൃതർക്ക് കൈവന്നത്.

    ദൂര ദിക്കുകളിലുള്ളവർക്ക് ഓഫീസുകളിൽ പോയി ടിക്കറ്റ് കരസ്ഥമാക്കാനുള്ള ബുദ്ധിമുട്ട് തുടക്കത്തിൽ തന്നെ എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല. നാട്ടിലേക്ക് പോകാനുള്ള പ്രവാസികളുടെ തള്ളിച്ച അവസാനിച്ച ഘട്ടത്തിലാണ് നേരത്തെ തന്നെ അത്യാവശ്യമായിരുന്ന ഓൺലൈൻ ടിക്കറ്റ് വിൽപ്പനക്ക് എയർ ഇന്ത്യ എക്‌സ്പ്രസ്സും ഒരുങ്ങിയത്.

     ആറാം ഘട്ടത്തിൽ സഊദിയിൽ നിന്നും കേരളത്തിലേക്കുള്ള ഒമ്പത് സർവീസുകളും എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനമാണ് സർവ്വീസ് നടത്തുന്നത്. ആകെയുള്ള 19 സർവ്വീസുകളിൽ ബാക്കിയുള്ള ഇതര സംസ്ഥാന സർവ്വീസുകളിൽ മൂന്നെണ്ണം വീതം എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനങ്ങളുമാണ് സർവ്വീസ് നടത്തുന്നത്. നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്ക് മാത്രമാണ് ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായിതുടങ്ങിയത്‌. ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് www.airindiaexpress.in വഴി ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

      സെപ്റ്റംബർ 04 ന് ദമാം-തിരുവന്തപുരം, 05, 07 തിയ്യതികളിൽ ദമാം-കോഴിക്കോട്, 07 ന് റിയാദ്-തിരുവനന്തപുരം, 08 ന് ദമാം-കൊച്ചി, 12 ന് റിയാദ്-കൊച്ചി, 13 ന് റിയാദ്-കോഴിക്കോട്, 13 ന് ദമാം-തിരുവന്തപുരം, 14 ന് ദമ്മാം-കണ്ണൂർ എന്നിങ്ങനെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് നടത്തുന്ന സർവിസുകൾ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.