
എട്ട് സർവ്വീസുകൾ കോഴിക്കോട്, മൂന്ന് വീതം കൊച്ചി, തിരുവനന്തപുരം, കണ്ണൂരിലേക്ക് സർവ്വീസുകൾ ഇല്ല
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ട വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. സഊദിയിൽ നിന്നും കേരളത്തിലേക്ക് പതിനാല് സർവീസുകളാണ് ഇടം നേടിയിരിക്കുന്നത്. ഇതിൽ എട്ടു സർവ്വീസുകൾ കോഴിക്കോട് വിമാനത്താവളത്തിലേക്കും കൊച്ചിയിലേക്ക് മൂന്ന് സർവ്വീസുകളും തിരുവനന്തപുരത്തേക്ക് മൂന്ന് സർവ്വീസുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. കണ്ണൂരിലേക്ക് ഒരു സർവ്വീസ് പോലും ഇടം നേടിയിട്ടില്ല. പതിനാലു സർവീസുകളിൽ പത്ത് സർവീസുകളും സ്പൈസ് ജെറ്റ് വിമാനമാണ് സർവ്വീസ് നടത്തുന്നത്.
ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച്, ആറ് തിയ്യതികളിൽ റിയാദ് -കോഴിക്കോട്, ആഗസ്റ്റ് ഏഴ് ജിദ്ദ- കോഴിക്കോട്, എട്ടിന് റിയാദ്-കൊച്ചി, ഒമ്പതിന് റിയാദ്-തിരുവനന്തപുരം, പത്തിന് ജിദ്ദ- കോഴിക്കോട്, പതിനൊന്നിന് റിയാദ്-കോഴിക്കോട്, പന്ത്രണ്ടിന് ജിദ്ദ-കോഴിക്കോട്, പതിനാറിന് ദമാം-കൊച്ചി, പതിനേഴിന് ദമാം-തിരുവനന്തപുരം, പത്തൊമ്പതിനു ദമാം-കൊച്ചി, ഇരുപതിന് ദമാം- തിരുവനന്തപുരം എന്നീ വിമാന സർവീസുകളാണ് അഞ്ചാം ഘട്ടത്തിൽ കേരളത്തിലേക്ക് ഇടം നേടിയത്. ഇതിൽ ദമാം ഒഴികെയുള്ള റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ സ്പൈസ് ജെറ്റ് വിമാനമാണ് സർവ്വീസ് നടത്തുന്നത്. ദമാമിൽ നിന്നും മാത്രമാണ് കേരളത്തിലേക്ക് എയർ ഇന്ത്യ സർവ്വീസുകൾ.
ദമാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളിൽ ഹൈദരാാബാദ്, ബെംഗളൂരു, ദൽഹി, ഗയ, മുംബൈ, അമൃത്സർ എന്നിവടങ്ങളിലെക്കാണ് മറ്റു വിമാന സർവ്വീസുകൾ വിമാന സർവ്വീസുകൾ ഇടം നേടിയത്. ഇവിടേക്കുള്ള മുഴുവൻ സർവ്വീസുകളും എയർ ഇന്ത്യയാണ് നടത്തുന്നത്.