2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറബി മലയാളത്തിലെ രണ്ടാമത്തെ കൃതി വലിയനസ്വീഹത്തുമാല

പി.കെ മുഹമ്മദ് ഹാത്തിഫ്

 

കോഴിക്കോട്: അറബി മലയാളത്തില്‍ രചിക്കപ്പെട്ട രണ്ടാമത്തെ കൃതി വലിയ നസ്വീഹത്തുമാലയെന്ന് ഗവേഷകന്‍. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ.ബാവ കെ. പാലുകുന്നിന്റെ ഗവേഷണ പ്രബന്ധമായ ”മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍; ഭാഷയും വ്യവഹാരവും’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

കുഞ്ഞായിന്‍ മുസ്്‌ലിയാരുടെ പ്രഥമ മാപ്പിള ഖണ്ഡകാവ്യമായ നൂല്‍മദ്ഹാണ് ഈ വിഭാഗത്തിലെ രണ്ടാമത്തെ സാഹിത്യകൃതിയായി ഇതുവരെ പരിഗണിച്ചു പോന്നിരുന്നത്. കാലനിര്‍ണ്ണയം വ്യക്തമായി രേഖപ്പെടുത്തിയ രണ്ടാമത്തെ കൃതിയെന്നാണ് പല അറബിമലയാള ചരിത്ര ഗവേഷക ഗ്രന്ഥങ്ങളിലും ഇതിനെ സൂചിപ്പിച്ചിരിക്കുന്നത്. പ്രഥമ അറബി മലയാള രചനയായ മുഹ്‌യുദ്ദീന്‍ മാലയ്ക്കും നൂല്‍മദ്ഹിനുമിടയില്‍ 130 വര്‍ഷത്തെ ഇടവേള കാണപ്പെടുന്നുണ്ടെന്നാണ് അറബിമലയാള ചരിത്രകാരന്‍മാര്‍ കണ്ടെത്തിയത്.

എന്നാല്‍ 1607 ല്‍ എഴുതിയ മുഹ്‌യിദ്ദീന്‍മാലയുടെ 35 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം രചിക്കപ്പെട്ട വലിയ നസ്വീഹത്ത് മാലയാണ് രണ്ടാമത്തെ കൃതിയെന്നാണ് ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നത്. 1052 സഫര്‍ ഒമ്പതിനാണ് കാവ്യരചന പൂര്‍ത്തിയായതെന്ന് ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഇത് ക്രിസ്തുവര്‍ഷം 1642 നു സമാനമാണ്. അത് കൊണ്ട് തന്നെ 1607 ല്‍ എഴുതിയ മുഹ്‌യിദ്ദീന്‍മാലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൃതി വലിയ നസ്വീഹത്ത് മാലയാണെന്ന് ഗവേഷകന്‍ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ കൂട്ടായില്‍ ജീവിച്ചിരുന്ന മനാക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങളാണ് വലിയനസ്വീഹത്ത് മാലയുടെ കര്‍ത്താവ്. മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിശ്വാസങ്ങളും സങ്കല്‍പങ്ങളുമാണ് കൃതിയിലെ പ്രമേയം.

വയനാട് മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനായ ഗവേഷകന് അലിഗഢ് സര്‍വ്വകലാശാലാ ആധുനിക ഇന്ത്യര്‍ ഭാഷാ വകുപ്പു മേധാവി ഡോ.എ. നുജൂമിന്റെ കീഴില്‍ 2017 ലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ചിത്രം… വലിയ നസ്വീഹത്ത്മാലയുടെ കവര്‍, കാലനിര്‍ണയവുമായി ബന്ധപ്പെട്ട് കാവ്യത്തിലെ അവസാന വരികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.