2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഈ വക്കീല്‍മാരെ എന്തിനുകൊള്ളാം?

യു.പിയിലെ എം.എല്‍.എയെ അറസ്റ്റ് ചെയ്തുവോ, ജമ്മുകശ്മിരിലെ മന്ത്രിമാര്‍ രാജിവച്ചുവോ, ഗത്യന്തരമില്ലാത്ത മഹാമൗനിയായ നരേന്ദ്രമോദി ചുണ്ടനക്കിയോ എന്നതൊന്നുമല്ല പ്രശ്‌നം. സംഘ്പരിവാര്‍ രാഷ്ട്രീയം പ്രസരിപ്പിക്കുന്ന തീവ്രവര്‍ഗീയതയും വംശീയ ബോധവും മതവിദ്വേഷവും എത്ര കരുണാരഹിതമായ ജീവിത വീക്ഷണത്തിലേക്കാണ് ഇന്ത്യയിലെ ജനങ്ങളെ നയിക്കുന്നത് എന്നാണ് ആലോചിക്കേണ്ടത്. മീനാക്ഷിലേഖിയുടെ വാചാലതയേയും ശ്രീധരന്‍പിള്ളയുടെ കളിചിരികളേയും നാം ശരിയായ അര്‍ഥത്തില്‍ തന്നെ മനസിലാക്കണം. ഇതേ മതവിദ്വേഷം പൊതുസമൂഹത്തിന്റെ നിലപാടുകളെ സ്വാധീനിച്ചതിന് വേറെയും ഉദാഹരണങ്ങളുണ്ട്.

എ.പി കുഞ്ഞാമു 9446464948

 

കഴിഞ്ഞ വെള്ളിയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള കത്‌വയിലെ അതിഭീകരമായ ബലാല്‍സംഗക്കൊലയുമായി ബന്ധപ്പെട്ടു ബി.ജെ.പി നിലപാടിനെ ന്യായീകരിക്കാനും പ്രതിരോധിക്കാനും പാടുപെടുന്നത് കണ്ട് വല്ലാത്ത സങ്കടം തോന്നി. ശ്രീധരന്‍പിള്ള മുതിര്‍ന്ന അഭിഭാഷകനാണ്, നൂറു പുസ്തകങ്ങളെഴുതി അതിന്റെ പേരില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ കൈയാല്‍ ആദരിക്കപ്പെട്ട വ്യക്തിയാണ്. മുസ്‌ലിം സംഘടനകളുടെ യോഗങ്ങളിലും മതപ്രഭാഷണ വേദികളില്‍ പോലും സ്ഥിരം സാന്നിധ്യമായ ഈ സഹൃദയന്‍ പ്രസ്തുത ചര്‍ച്ചയില്‍ പക്ഷേ, തീര്‍ത്തും നിലവിട്ടാണ് സംസാരിച്ചത്. അര്‍ഥം വച്ചും ദുസ്സൂചനകളോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം മുഴുവനും. കത്‌വകേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയും കോടതി ബഹിഷ്‌കരിക്കുകയും ചെയ്ത അഭിഭാഷകരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി ശ്രീധരന്‍പിള്ള ‘വിട്ടയച്ചു.’ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞു ഷാനിമോള്‍ ഉസ്മാനെ കളിയാക്കി. ഉത്തരം മുട്ടിയപ്പോള്‍ പഴയ ആം ആദ്മി ബന്ധം പറഞ്ഞ് എം.എന്‍ കാരശ്ശേരി ബി.ജെ.പി വിരോധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. കത്‌വയിലെ കരാളകൃത്യത്തെ നിസാരവല്‍ക്കരിക്കാനായിരുന്നു ബി.ജെ.പി നേതാവിന്റെ ശ്രമം. പിടിച്ചുനില്‍ക്കാന്‍ ഒരു വൈക്കോല്‍ത്തുരുമ്പുമില്ലാതെ പ്രയാസപ്പെട്ട അദ്ദേഹം എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന മട്ടില്‍ ഇടയ്ക്കിടെ വാച്ചു നോക്കുന്നുമുണ്ടായിരുന്നു. സാമാന്യമായിപ്പറഞ്ഞാല്‍ തീര്‍ത്തും അപഹാസ്യമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
എന്നാല്‍, ശ്രീധരന്‍പിള്ളയുടെ ശുഭസുന്ദര പ്രതിഛായ ഇടിഞ്ഞുവീഴുന്ന പ്രശ്‌നം മാത്രമായി ഇതിനെ ലഘൂകരിച്ചുകൂടാ. ആയിടെ തന്നെയാണ് ബി.ജെ.പിയുടെ ലോക്‌സഭാംഗം മീനാക്ഷിലേഖി കത്‌വ കൊലപാതകത്തിനും യു.പിയില്‍ ബലാല്‍സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെംഗാറിന്റെ ചെയ്തികള്‍ക്കുമെതിരായ പ്രതിഷേധങ്ങളെ മോദി ഗവണ്‍മെന്റിനെ മറിച്ചിടാനുള്ള ഉദ്യമമായി നിസ്സാരവല്‍ക്കരിച്ചത്. മീനാക്ഷിലേഖി പറഞ്ഞതിങ്ങനെയാണ്. ‘ആദ്യമവര്‍ ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന് മുറവിളികൂട്ടും. പിന്നീട് ദലിത്, ദലിത് എന്നു പറയും. ഇപ്പോള്‍ ബഹളമുണ്ടാക്കുന്നത് സ്ത്രീ, സ്ത്രീ എന്നു വിളിച്ചുകൂവിക്കൊണ്ടാണ്. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ രാജിവയ്‌ക്കേണ്ടിവന്ന രണ്ടു ബി.ജെ.പി മന്ത്രിമാരേയും അവര്‍ ആദര്‍ശവല്‍ക്കരിച്ചു, മന്ത്രിമാരെ ആളുകള്‍ വഴിതെറ്റിച്ചതാണത്രേ. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ആരും യാതൊന്നും മിണ്ടരുതെന്നാണ് ബി.ജെ.പി നേതാക്കള്‍ രണ്ടുപേരുടെയും നിര്‍ദേശം.
ഈ നിലപാടുകളുടെ തുടര്‍ച്ചയാണ് കൊച്ചിയിലെ ആര്‍.എസ്.എസ് നേതാവിന്റെ മകനും ബാങ്കുദ്യോഗസ്ഥനുമായ വിഷ്ണു നന്ദകുമാറിന്റ ഫേസ്ബുക്ക് പോസ്റ്റ്. കത്‌വാ ബാലിക മരിച്ചത് നന്നായി എന്നും അല്ലായിരുന്നെങ്കില്‍ അവള്‍ രാജ്യത്തിന്നെതിരായി ബോംബായി മാറിയേനെ എന്നുമാണ് ആര്‍ഷ പ്രോക്ത ധാര്‍മിക മൂല്യങ്ങളാല്‍ പ്രചോദിതനായ ഈ ധര്‍മസംസ്ഥാപന തല്‍പരന്റെ അഭിപ്രായം. ഇതുപോലെയുള്ള നിരവധി അഭിപ്രായങ്ങള്‍ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ വേറെയും പ്രകടിപ്പിച്ചിട്ടുണ്ട്. പലരും പറയാതെ അത്തരം അഭിപ്രായങ്ങള്‍ ഉള്ളിലൊതുക്കിവയ്ക്കുന്നു എന്നേയുള്ളു. ശ്രീധരന്‍പിള്ളയും മീനാക്ഷിലേഖിയും വിഷ്ണുനന്ദകുമാറും വച്ചുപുലര്‍ത്തുന്ന അപരവിദ്വേഷമാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പോലും അപലപിച്ച കത്‌വയിലെ ദാരുണ സംഭവത്തെ വിലയിരുത്തുന്നതിന്റെ അടിസ്ഥാനധാരയായി വര്‍ത്തിക്കുന്നത്.
യു.പിയിലെ എം.എല്‍.എയെ അറസ്റ്റ് ചെയ്തുവോ ജമ്മുകശ്മിരിലെ മന്ത്രിമാര്‍ രാജിവച്ചുവോ ഗത്യന്തരമില്ലാത്ത മഹാമൗനിയായ നരേന്ദ്രമോദി ചുണ്ടനക്കിയോ എന്നതൊന്നുമല്ല പ്രശ്‌നം. സംഘ്പരിവാര്‍ രാഷ്ട്രീയം പ്രസരിപ്പിക്കുന്ന തീവ്രവര്‍ഗീയതയും വംശീയ ബോധവും മതവിദ്വേഷവും എത്ര കരുണാരഹിതമായ ജീവിത വീക്ഷണത്തിലേക്കാണ് ഇന്ത്യയിലെ ജനങ്ങളെ നയിക്കുന്നത് എന്നാണ് ആലോചിക്കേണ്ടത്. മീനാക്ഷിലേഖിയുടെ വാചാലതയേയും ശ്രീധരന്‍പിള്ളയുടെ കളിചിരികളേയും നാം ശരിയായ അര്‍ഥത്തില്‍ തന്നെ മനസിലാക്കണം. ഇതേ മതവിദ്വേഷം പൊതുസമൂഹത്തിന്റെ നിലപാടുകളെ സ്വാധീനിച്ചതിന് വേറെയും ഉദാഹരണങ്ങളുണ്ട്.
ന്യൂഡല്‍ഹിയില്‍ നടന്ന നിര്‍ഭയക്കേസിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരന്‍ ആയിരുന്നുവല്ലോ. അയാളെ ദുര്‍ഗുണ പരിഹാരശാലയിലെ താമസത്തിനു ശേഷം വിട്ടയച്ചതിനെതിരായി ഉയര്‍ന്ന മുറവിളികള്‍ക്കിടയില്‍ കേട്ട പ്രബലമായ ഒരു വാദം തൂക്കിക്കൊല്ലുന്നില്ലെങ്കില്‍ അയാള്‍ തീവ്രവാദിയായി മാറുമെന്നും രാജ്യദ്രോഹപ്രവൃത്തികളില്‍ ഏര്‍പ്പെടുമെന്നുമായിരുന്നു. അങ്ങനെ വാദിക്കുന്നവര്‍ക്ക് ചില ന്യായങ്ങള്‍ ഉണ്ടായിരുന്നു. റിഫര്‍മേറ്ററിയിലെ താമസത്തിനിടയില്‍ ഈ പ്രതി മതബോധമുള്ള വ്യക്തിയായി, കൃത്യമായി നോമ്പനുഷ്ഠിച്ചു, സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു, താടി വളര്‍ത്തി- കുറ്റവാളിയില്‍ നിന്നു തൊപ്പിയും താടിയുമുള്ള മുസ്‌ലിമിലേക്കുള്ള ആ ചെറുപ്പക്കാരന്റെ മാറ്റമാണ് അയാള്‍ രാജ്യദ്രോഹിയായി മാറും എന്ന തീര്‍പ്പിലേക്ക് പൊതുബോധത്തെ നയിച്ചത്. ഹിന്ദു വര്‍ഗീയത കുത്തിവച്ച മതവിദ്വേഷമാണ് ഇക്കാര്യത്തില്‍ പൊതുബോധത്തെ സ്വാധീനിച്ചത് എന്ന് വ്യക്തം. മുസ്‌ലിം സമം ഭീകരന്‍, അഥവാ രാജ്യദ്രോഹി എന്നൊരു പരികല്‍പന സൂത്രത്തില്‍ സൃഷ്ടിക്കപ്പെടുന്നു എന്ന് സാരം. പിറവി തന്നെയാണ് തന്റെ കുറ്റം എന്ന് രോഹിത് വെമുല പറഞ്ഞത് ഇത്തരം സാമാന്യവല്‍ക്കരണ വേളകളിലും പ്രസക്തമാണ് എന്ന് തീര്‍ച്ചയായും പറയാവുന്നതാണ്.
ജമ്മുവിലെ അഭിഭാഷകര്‍ കത്‌വക്കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനെ തടസപ്പെടുത്തിയതും ബാര്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയതും വക്കീല്‍മാര്‍ ഒന്നടങ്കം കോടതി ബഹിഷ്‌കരിച്ചതും ഈ പശ്ചാത്തലത്തില്‍ കുറച്ചുകൂടി കൃത്യമായി മനസിലാക്കാവുന്നതാണ്. അഭിഭാഷക സമൂഹത്തിന്റെ ചിന്താധാരയെ തീവ്രവര്‍ഗീയത മലിനപ്പെടുത്തിയതിന്റെ അടയാളമാണിത്. ഈ രീതിയിലുള്ള അന്യമത വിദ്വേഷവും വംശീയബോധവും മറ്റു ചില സന്ദര്‍ഭങ്ങളിലും അഭിഭാഷകര്‍ പ്രകടമാക്കിയതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്.
ഡല്‍ഹി പൊലിസിന്റെ കുപ്രസിദ്ധമായ തീവ്രവാദി വേട്ടകളെത്തുടര്‍ന്ന് നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ അന്യായമായി പിടിക്കപ്പെടുകയുണ്ടായി പലപ്പോഴും. ഇന്നും നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ രാജ്യദ്രോഹികളും തീവ്രവാദികളുമായി മുദ്രകുത്തപ്പെടുന്നു. ഇവരുടെ കേസുകള്‍ വാദിക്കാന്‍ പല അഭിഭാഷകരും വിസമ്മതിക്കുന്നു. മിക്കവാറും ന്യൂനപക്ഷ സമുദായത്തില്‍പെട്ട അഭിഭാഷകര്‍ മാത്രമാണ് അവര്‍ക്കുവേണ്ടി ഹാജരാവുന്നത്. അഭിഭാഷക ലോകത്ത് എങ്ങനെയാണ് ഈ വിഭജനം സൃഷ്ടിക്കപ്പെടുന്നത്? രാജ്യസ്‌നേഹം എന്ന പുകമറ സൃഷ്ടിക്കപ്പെടുകയും രാജ്യദ്രോഹികള്‍ക്കു വേണ്ടി വാദിക്കരുത് എന്ന മാനസിക നിലയിലേക്ക് അഭിഭാഷക സമൂഹം നയിക്കപ്പെടുകയും ചെയ്യുന്നു.
കര്‍ണാടകയിലെ ഹുബ്ലിയിലേയും ധാര്‍വാഡിലേയും മറ്റും ചില കോടതികളില്‍ തീവ്രവാദികളായി മുദ്രകുത്തുന്നവര്‍ക്കെതിരായി വാദിക്കരുത് എന്ന പൊതുസമ്മതം വക്കീല്‍മാര്‍ക്കിടയിലുണ്ട്. അവിടെയുള്ള ബാര്‍ അസോസിയേഷനുകള്‍ ഈ രീതിയില്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിക്കു വേണ്ടി വാദിക്കുവാനും ചില സമുന്നതരായ അഭിഭാഷകര്‍ മടികാണിച്ചുവല്ലോ. അഭിഭാഷക സമൂഹത്തിന്നിടയില്‍ ഉല്‍പാദിക്കപ്പെട്ട തീവ്രഹൈന്ദവ ബോധമാണ് കശ്മിരിലും കര്‍ണാടകയിലുമെല്ലാം പ്രവര്‍ത്തനക്ഷമമായത്. രാജ്യസ്‌നേഹത്തെ ആധാരമാക്കി സൃഷ്ടിക്കപ്പെട്ട ചില മിത്തുകള്‍ മതസ്പര്‍ധയായി പരിണമിക്കപ്പെട്ടു എന്നു തന്നെയാണ് ഇക്കാര്യത്തില്‍ പറയേണ്ടത്. ഈ വിദ്വേഷ രാഷ്ട്രീയം കുറേശ്ശെക്കുറേശ്ശെയായി മറ്റു പൊതുമണ്ഡലങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളും കാണാനുണ്ട്. സര്‍വകലാശാലകള്‍, മാധ്യമങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കപ്പെടുന്ന ‘ഹിന്ദു-മുസ്‌ലിം ഡിവൈഡ്’ കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തുന്ന പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കപ്പെടുക തന്നെ വേണം. അതിനാല്‍ ജമ്മുവിലെ അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണവും ബി.ജെ.പി നേതാക്കളുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുമെല്ലാം ഒരേ ‘ഹെയിറ്റ് കാംപയിന്റെ’ ഭിന്ന മുഖങ്ങളാണെന്ന് നിശ്ചയമായും പറയാം. ശ്രീധരന്‍പിള്ളയും മീനാക്ഷിലേഖിയും സ്പര്‍ധയുടെ ഈ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പുറത്തേക്ക് കാണുന്നത് അവരുടെ മുഖാവരണങ്ങള്‍ മാത്രമാണ്.
കത്‌വയില്‍ നടന്നത് എത്ത്‌നിക് ക്ലീന്‍സിംഗ് തന്നെയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കുതിരകളെ മേച്ചു ജീവിക്കുന്ന മുസ്‌ലിം നാടോടി സമൂഹത്തെ പേടിപ്പിച്ച് നാട്ടില്‍ നിന്നു പായിക്കാന്‍ വേണ്ടിയായിരുന്നു കൂട്ടബലാല്‍സംഗവും കൊലയുമെന്ന് പിടിക്കപ്പെട്ടവര്‍ പറയുന്നു. സുരക്ഷാ സൈന്യം അതിന് ഒത്താശ ചെയ്തു. ഭരണകൂടം കുറ്റവാളികളെ സഹായിച്ചു.
ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ നിരപരാധികള്‍ പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് അഭിഭാഷക സമൂഹം കോടതി ബഹിഷ്‌കരിക്കുന്നത് എത്ര പ്രാകൃതമായ നടപടിയാണ്! ഈ പ്രാകൃതത്വത്തെയാണ് ശ്രീധരന്‍പിള്ളയും മീനാക്ഷിലേഖിയും ശോഭാസുരേന്ദ്രനുമെല്ലാം നിസ്സാരവല്‍ക്കരിച്ചത്; അത് വക്കീല്‍മാരുടെ അവധാനതയാണെന്ന് വാദിച്ചത്. ഇത്തരം വിതണ്ഡവാദങ്ങള്‍ക്കെതിരായി എന്തുകൊണ്ടാണ് രാജ്യത്തുടനീളമുള്ള അഭിഭാഷകര്‍ ശബ്ദമുയര്‍ത്താത്തത്? സുപ്രിംകോടതി ‘സുവോ മോട്ടോ’ കേസെടുത്തു എന്നത് സമ്മതിക്കുന്നു.
പക്ഷേ, സ്വന്തം തൊഴിലിന്റെ അന്തസ്സ് നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നീതിനിര്‍വഹണം തടസപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്ന അഭിഭാഷക ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ അഭിഭാഷക സമൂഹം എന്തുകൊണ്ട് വേണ്ടരീതിയില്‍ തയാറാവുന്നില്ല?
സ്വന്തം രോമം പോലും തൊടാന്‍ മറ്റു സംഘടിത വിഭാഗങ്ങളെ അനുവദിക്കാതിരിക്കുവാന്‍ ബദ്ധശ്രദ്ധരായ അഭിഭാഷക മനസ്സാക്ഷിയെ കത്‌വ അത്രയൊന്നും അലോസരപ്പെടുത്താത്തത് അതിശയകരം തന്നെ. ലോയേഴ്‌സ് യൂനിയനുകള്‍ക്കൊക്കെ എന്തുപറ്റി? ഈ വക്കീല്‍മാരെ എന്തിനുകൊള്ളാം എന്ന് അതിനാല്‍ ആരെങ്കിലും ചോദിച്ചാല്‍ എന്തായിരിക്കും അതിനുള്ള മറുപടി.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.