തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിശദമായ ചര്‍ച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി ലഭിക്കും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖ്ഫ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനപ്പരിശോധിക്കണമെന്നായിരുന്നു നേതാക്കള്‍ മുഖ്യമന്ത്രിയോട് ഇന്നു നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ വിശാലമായ ചര്‍ച്ച നടത്തും. ഉടന്‍ തീരുമാനമില്ല. തീരുമാനം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ബാക്കി പരിപാടികള്‍ സമസ്ത നേതാക്കളുമായി ചര്‍ച്ചചെയ്ത ശേഷം അറിയിക്കുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, മുക്കം ഉമര്‍ ഫൈസി തുടങ്ങിയവര്‍ അറിയിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ മറുപടിയില്‍ പുതുമയില്ല. 2017ല്‍ വന്ന നിയമം ഉടന്‍ നടപ്പാക്കില്ല എന്നു പറയുന്നതില്‍ എന്താണ് പുതിയതായുള്ളത്. നിയമം പിന്‍വലിക്കുംവരേ സമരം മുന്നോട്ടുപോകുമെന്നും മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ് വ്യക്തമാക്കി.
Comments are closed for this post.