
ടെറ്റ്നസ്, ഡിഫ്ത്തീരിയ, ക്ഷയം, പോളിയോ, ജപ്പാന്‍ജ്വരം, വില്ലന്‍ചുമ, റൂബെല്ല, മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണു കുട്ടികളുടെ ജനനം മുതല്‍ പ്രതിരോധമരുന്ന് നല്‍കുന്നത്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കുട്ടികള്‍ക്കു നല്‍കുന്നത് അപകടകരമാണെന്നും മരണംവരെ സംഭവിക്കാമെന്നും ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ അസോസിയേഷനുകളും ആരോഗ്യവകുപ്പും നിരന്തരം സര്‍ക്കാരിനുമേല്‍ വാക്സിന് നിര്‍ബന്ധമാക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ആരും അതു ചെവിക്കൊണ്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ആരോഗ്യമന്ത്രി വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തി സ്കൂള്‍ പ്രവേശനത്തിന് പ്രതിരോധകുത്തിവയ്പ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേരളത്തില്‍ പ്രതിരോധ കുത്തിവയ്പില്‍ പിന്നിട്ടു നില്ക്കുന്നതു മലപ്പുറം ജില്ലയാണ്. ഏതാണ്ടു രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇവിടെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. 2008 മുതല്‍ 2015വരെ 32 കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാല്‍ മരണപ്പെട്ടതായി ആരോഗ്യവകുപ്പ് പറയുന്നു. ഇപ്പോള്‍ മലബാറില്‍ ഡിഫ്തീരിയബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വാക്സിനുകള്‍ നല്‍കുന്നുണ്ടെങ്കിലും ആശുപത്രി വിടുമ്പോള്‍ അടുത്ത ഡോസ് എടുക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ശക്തമായ ബോധവല്‍ക്കരണം വേണമെന്നാണ് ആരോഗ്യവകുപ്പും ഐ.എം.എയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.