2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗോള്‍വലയ്ക്കുള്ളിലെ നോമ്പുകാലം

ഹാറൂന്‍ റഷീദ്

ഹാറൂന്‍ റഷീദ്

ശക്തമായ ഫിസിക്കല്‍ സ്റ്റാമിന വേണ്ടയിടമാണ് ഫുട്‌ബോള്‍ മൈതാനങ്ങള്‍. നിരന്തരമായ പരിശീലനം ഉണ്ടെങ്കില്‍ മാത്രമേ ഗ്രൗണ്ടില്‍ കൃത്യമായ രീതിയില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഈസ്റ്റ് ബംഗാളിന്റെ മലയാളി താരവുമായി വി.പി സുഹൈര്‍ കളത്തില്‍ മതനിഷ്ഠകള്‍ കൃത്യമായി പാലിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ്. എങ്ങനെയാണ് കഠിനമായ പരിശീലന സമയത്തും നോമ്പും മറ്റു കാര്യങ്ങളും മുടങ്ങാതെ നിര്‍വഹിക്കുന്നതെന്ന് വായിക്കാം.
ഗോകുലം കേരള, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, മോഹന്‍ ബഗാന്‍ ക്ലബുകള്‍ക്കായി പന്തുതട്ടിയ പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈര്‍ ഇപ്പോള്‍ ഐ.എസ്.എല്‍ ടീമായ ഈസ്റ്റ് ബംഗാളിനൊപ്പം കൊല്‍ക്കത്തയിലാണുള്ളത്. അടുത്തമാസം തുടങ്ങാനിരിക്കുന്ന ഹീറോ സൂപ്പര്‍ കപ്പ് മത്സരത്തിനായി ടീമിനൊപ്പം കൊല്‍ക്കത്തയില്‍ പരിശീലനം നടത്തുന്ന സുഹൈര്‍ കളിക്കിടയിലെ നോമ്പിനെ ഓര്‍ത്തെടുക്കുകയാണ്. നോമ്പെടുത്തുള്ള പരിശീലനവും കളികളും തീര്‍ത്തും പ്രയാസമേറിയതാണെന്ന് സുഹൈര്‍. പല കോച്ചുമാരും അത് അനുവദിച്ചു തരാറില്ല. ചില കോച്ചുമാര്‍ നോമ്പെടുക്കരുതെന്നും നിര്‍ദേശിക്കാറുണ്ടെന്ന് സുഹൈര്‍ പറയുന്നു.


പലരും സ്വന്തം റിസ്‌കില്‍ നോമ്പെടുക്കാനാണ് പറയാറുള്ളത്. ഇപ്പോള്‍ കളിക്കുന്ന ഈസ്റ്റ് ബംഗാള്‍ ക്ലബിന്റെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇക്കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നയാളാണ്. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും പരിശീലിക്കാമെന്നും കളിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. നിങ്ങള്‍ക്കു സ്റ്റാമിനെ ഉണ്ടെങ്കില്‍ നോമ്പെടുക്കാമെന്ന് നിര്‍ദേശിക്കുന്ന കോണ്‍സ്റ്റന്റൈന്‍ അതിനു വേണ്ട സൗകര്യങ്ങളും ചെയ്തുതരുന്നുണ്ട്. പലതവണ നോമ്പുകാലത്ത് കളിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും പെരുന്നാളിന് ഇതുവരെ കളത്തിലിറങ്ങേണ്ടി വന്നിട്ടില്ല.

 

 

നോമ്പുകാലങ്ങളിലെ പരിശീലനത്തിനു രണ്ട് സെഷനുകളുണ്ടാകും. രാവിലെ ഒമ്പതിന് ടീമിനൊപ്പമുള്ള പ്രാക്ടീസ് ആയിരിക്കും. തുടര്‍ന്ന് ജിം സെഷനിലേക്ക്. കോച്ചിന്റെ അനുമതിയോടെ നോമ്പു തുറന്നതിനു ശേഷമാണ് ജിം സെഷന്‍ പൂര്‍ത്തിയാക്കുക. നോമ്പാണെങ്കിലും പരിശീലനത്തില്‍ യാതൊരു വിധത്തിലുള്ള കുറവും വരുത്താറില്ലെന്നും സുഹൈര്‍ പറയുന്നു. നിലവില്‍ ഈസ്റ്റ് ബംഗാള്‍ ടീമിനൊപ്പം കൂടുതല്‍ പേരും നോമ്പെടുക്കുന്ന താരങ്ങളാണ്. നോമ്പു പോലത്തന്നെയാണ് നിസ്‌കാരത്തിന്റെ കാര്യത്തിലും. എവിടെയാണെങ്കിലും നിസ്‌കാരം ഒഴിവാക്കാറാല്ല. ഐ.എസ്.എല്ലിന്റെ സമയത്ത് പലപ്പോഴും ഡ്രസിങ്‌റൂമില്‍ നിന്നാണ് മഗ്‌രിബ് നിസ്‌കരിക്കാറുള്ളത്.


നോര്‍ത്ത് ഈസ്റ്റിലായിരുന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേയുള്ള മത്സരത്തില്‍ മഗ്‌രിബ് ജമാഅത്തായി ഗ്രൗണ്ടില്‍ വച്ചായിരുന്നു നിസ്‌കരിച്ചിരുന്നത്. സഹതാരം മഷൂര്‍ ഷരീഫ്, കോച്ച് ഖാലിജ് ജമീല്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് സഹപരിശീലകന്‍ ഇഷ്ഫാക് അഹമ്മദ്, കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു അന്ന് നിസ്‌കരിച്ചത്. നിസ്‌കരിക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ മ്യൂസിക് ഉണ്ടെങ്കില്‍ അതെല്ലാം നിര്‍ത്തി അധികൃതര്‍ സൗകര്യമൊരുക്കാറുണ്ട്,
എറണാകുളത്തു നടന്ന കെ.പി.എല്‍ ഫൈനലില്‍ ഒരുതവണ നോമ്പ് മുറിക്കേണ്ടി വന്നിട്ടുണ്ട്. ഉച്ചവരെ പിടിച്ചുനിന്നെങ്കിലും പിന്നീട് കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നോമ്പു മുറിച്ചത്. കളിക്കാനും പരിശീലിക്കാനും നോമ്പുകാലമായതുകൊണ്ട് പ്രത്യേകിച്ച് തടസമൊന്നുമുണ്ടാകാറില്ല. സൂപ്പര്‍ കപ്പ് മത്സരങ്ങളെല്ലാം നോമ്പിനാണ് വരുന്നത്. അതിനാല്‍ നോമ്പുനോറ്റുകൊണ്ടുതന്നെ പരിശീലനം നടത്തേണ്ടിവരും. ഏപ്രില്‍ ഒമ്പതിന് ഒഡിഷക്കെതിരേയാണ് സൂപ്പര്‍ ലീഗിലെ ആദ്യ മത്സരം. അന്ന് നോമ്പായതിനാല്‍ നോമ്പെടുത്ത് തന്നെ കഠിനപരിശീലനം നടത്തേണ്ടിവരുമെന്നും സുഹൈര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.