
തിരുവനന്തപുരം: കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരായ എല്‍.ഡി.എഫ് ആരോപണം തള്ളി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതം എന്ന വാദം ബാലിശമാണെന്നും സി.പി.എമ്മിന്റെ ഇരവാദം ശരിയല്ലെന്നും മുരളീധരന് പറഞ്ഞു. വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടിയില്‍ സി.പി.എം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് മാര്‍ച്ച് നടത്തേണ്ടത് എ.കെ.ജി സെന്ററിന് മുന്നില്‍ നേതാക്കള്‍ താമസിക്കുന്ന വീട്ടിലേക്കാണ്. വിനോദിനി ബാലകൃഷ്ണന് സന്തോഷ് ഈപ്പന് ഫോണ്‍ നല്‍കിയതില്‍ സി.പി.എം മറുപടി പറയണമെന്ന് ആവശ്യപ്പെട്ട മുരളീധരന്, കസ്റ്റംസ് സത്യവാങ്മൂലത്തിന് തെരഞ്ഞെടുപ്പുമായി ബന്ധം ഇല്ലെന്നും പറഞ്ഞു.
കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ഒത്തുകളി എന്ന ചെന്നിത്തലയുടെ പ്രസ്താവനയും അടിസ്ഥാന രഹിതമാണ്. കസ്റ്റംസ് നിലപാട് വാര്‍ത്ത സമ്മേളനം നടത്തി അല്ല പുറത്ത് വിട്ടത്. ഉത്തരവാദിത്തത്തോടെ കോടതിയിലാണ് നല്‍കിയത്. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ് മൂലം അല്ല അത്.
ജയില്‍ ഡി.ജി.പി കൊടുത്ത റിട്ടിനുള്ള സത്യവാങ്മൂലമാണ്. റിട്ടിനുള്ള മറുപടി ഫയല്‍ ചെയ്യാന്‍ കസ്റ്റംസ് നിര്‍ബന്ധിതരാവുകയായികുന്നു.
സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ടെന്നും സിപിഎമ്മിന്റെ വേട്ടയാടല്‍ വാദം ശരിയല്ലെന്നും വി മുരളീധരന് പറഞ്ഞു.