2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുധീരനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പാർട്ടിയിൽ യാതൊരു പ്രതിസന്ധിയുമില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവെച്ച സംഭവത്തില്‍ ആരോപണങ്ങളില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. വിഎം സുധീരന്റെ കാര്യത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് തിരുത്താന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായവിത്യാസങ്ങള്‍ ഉള്ളവര്‍ക്ക് ഉണ്ടാകാം. ഒരിക്കലും അവരെ ഒറ്റപ്പെടുത്താന്‍ കെപിസിസി നേതൃത്വം ശ്രമിച്ചിട്ടില്ല. വിഎം സുധീരനല്ല ആരെയും മാറ്റി നിര്‍ത്തില്ല. തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കും. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ യുക്തിയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം വിദ്വേഷ പ്രസംഗത്തിലൂടെ പാലാ ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്തുവന്നതെന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയംഗവും മുതിർന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന സുധാകരൻ തള്ളി. കെ.പി.സി.സി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.

ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ കാര്യം പറയേണ്ടത് കേരളത്തിലെ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തങ്ങൾ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും  അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പിന്റെ പരാമര്‍ശം വെളിവാക്കുന്നത് വികൃതമായ ചിന്താഗതിയെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. ബിഷപ്പിനെ ഹിന്ദു തീവ്ര വലതുപക്ഷം പിന്തുണച്ചതില്‍ അതിശയമില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെടുത്ത നിലപാടില്‍ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു.

ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പേരെടുത്തു പറഞ്ഞുള്ള പി.ചിദംബരത്തിന്റെ വിമര്‍ശനം. ഒരു ബിഷപ്പില്‍ നിന്നും അത്തരം പരാമര്‍ശമുണ്ടായത് വേദനിപ്പിച്ചു. ശരിക്കൊപ്പം നില്‍ക്കുന്നതും തെറ്റിനെതിരെ പോരാടുന്നതുമാണ് ജിഹാദ്. ആധുനിക കാലത്താണ് ഇത് ഹിംസാത്മക പ്രവര്‍ത്തനങ്ങളുടെ പര്യായമായത്. പ്രണയവും നാര്‍ക്കോട്ടും യഥാര്‍ഥമാണ്. എന്നാല്‍ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണ്. ഹിന്ദുക്രിസ്ത്യന്‍ ഇസ്ലാം മതവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കലാണ് ഇതിന്റെ ലക്ഷ്യമെന്നും ചിദംബരം പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.