2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം; മറുപടിയുമായി വി.ഡി സതീശന്‍

പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം

   


തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരില്‍ നടന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. തൃശൂരിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ സിപിഐഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാര്‍ക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നില്‍ നിന്ന് കുത്തുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

പാത്രത്തിലെ ചോറില്‍ നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ വിവാദങ്ങള്‍ക്കെതിരായി പ്രതികരിച്ചത്.എന്നാല്‍ പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ് ?. സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി ഡി സതീശന്‍ ചൂണ്ടികാട്ടി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സര്‍ക്കാര്‍ ചെലവിലുള്ള എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്. ധന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടംതിരിയുമ്പോഴാണ് ഈ ധൂര്‍ത്തെന്നോര്‍ക്കണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടാതെ, സാധാരണക്കാരന്റെ നികുതി പണം ധൂര്‍ത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷത്തിന് സഹകരിക്കാനാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.