
വി. അബ്ദുൽ മജീദ്
‘മുദ്രാവാക്യങ്ങൾക്ക് അർഥം വേണം. അർഥവത്തായ മുദ്രാവാക്യങ്ങൾ ചരിത്രഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. അർഥമില്ലാത്ത മുദ്രാവാക്യങ്ങൾ തട്ടിപ്പുസംഘങ്ങളുടെ സ്വയംസംരക്ഷണത്തിനു മാത്രമേ ഉതകയിട്ടുള്ളൂ’ ഒ.വി വിജയൻ പറഞ്ഞു.
ഈ വചനം ശരിയാണെന്നു തോന്നിയ നിരവധി സന്ദർഭങ്ങളുണ്ട്. മുദ്രാവാക്യങ്ങളുടെ അർഥസമ്പുഷ്ടിയാണ് ആ തോന്നലുണ്ടാക്കിയത്. ചില മുദ്രാവാക്യങ്ങൾ ഭാവനയുടെ ഔന്നത്യംകൊണ്ട് വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഭാഷാവിശുദ്ധിയോ വ്യാകരണമോ ഒന്നും വേണമെന്നില്ല മുദ്രാവാക്യങ്ങൾക്ക്. പ്രത്യേക ഈണത്തിൽ ചുരുങ്ങിയ വാക്കുകളിൽ പറയാനുള്ളത് പറഞ്ഞു ഫലിപ്പിക്കുക എന്നതാണ് മുദ്രാവാക്യങ്ങളുടെ ധർമം.
ചെറുപ്പകാലത്ത് മുൻ തലമുറ പറഞ്ഞുകേട്ട ഒരു വലതുപക്ഷ മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ അർഥസമ്പുഷ്ടി ഏറെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. വിമോചന സമരകാലത്താണ് ആ മുദ്രാവാക്യം മുഴങ്ങിയത്.
‘ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ
തമ്പ്രാനെന്നു വിളിപ്പിക്കും
പാളേൽ കഞ്ഞി കുടിപ്പിക്കും….’
നികൃഷ്ടമായ വംശീയ വിദ്വേഷം നിറഞ്ഞ ഈ മുദ്രാവാക്യത്തിൽ വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമുണ്ടായിരുന്നു. ചാത്തനെപ്പോലുള്ള കീഴ്ജാതിക്കാരടക്കമുള്ള ദരിദ്ര ജനവിഭാഗങ്ങൾ അധികാരം കൈയാളാൻ അർഹരല്ലെന്നും അവരെ അതിനനുവദിക്കുകയില്ലെന്നുമുള്ള വരേണ്യ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനം. ലഘുലേഖാ വലുപ്പത്തിലെങ്കിലുമുള്ളൊരു മാനിഫെസ്റ്റോ എഴുതി പറയേണ്ടിയിരുന്ന കാര്യമാണ് ഏതാനും വരികൾ മാത്രമുള്ള മുദ്രാവാക്യത്തിൽ ഒതുക്കിയത്.
പിന്നീട് മുദ്രാവാക്യങ്ങൾ ശ്രദ്ധിക്കൽ ശീലമായി. കേട്ടതിൽ മഹാഭൂരിഭാഗവും പതിരായിരുന്നു. എന്നാൽ ഏറെ ഭാവനാസമ്പന്നമായ നിരവധി മുദ്രാവാക്യങ്ങളുമുണ്ട്. 1980കളുടെ അവസാനം. നാദാപുരത്ത് സി.പി.എമ്മുകാരും ലീഗുകാരും തമ്മിൽ സംഘട്ടനം നടക്കുന്നു. പരസ്യമായ കൊലവിളികളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉയരുന്നു. ഭരണം എൽ.ഡി.എഫിനായിരുന്നതിനാൽ സി.പി.എമ്മുകാർ പറയുന്നതിനനുസരിച്ച് പൊലിസ് പ്രവർത്തിക്കുന്നു എന്നൊരു ആരോപണം പരക്കെ ഉയരുന്നുമുണ്ടായിരുന്നു. അന്ന് നാദാപുരത്തും പരിസരപ്രദേശങ്ങളിലും ലീഗുകാർ വിളിച്ച മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.
‘കുട്ടിസഖാക്കൾ പൊലിസായാൽ
പട്ടാളപ്പണി ഞങ്ങളെടുക്കും’
അതിനെതിരേ സി.പി.എമ്മുകാർ വിളിച്ച മുദ്രാവാക്യം എന്നെ ശരിക്കും ചിന്തിപ്പിച്ചു.
‘പട്ടാളപ്പണി നിങ്ങളെടുത്താൽ
കുംഭവും മീനവും ഞങ്ങളെടുക്കും’
കുംഭവും മീനവും എടുക്കുക എന്നാൽ എന്താണെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. പിന്നീട് മുതിർന്ന ചിലരാണ് അതിനുപിന്നിലെ കാവ്യഭാവനയെക്കുറിച്ചു പറഞ്ഞുതന്നത്. നാദാപുരം മേഖലയിൽ അക്കാലത്ത് തെങ്ങുകൃഷിയാണ് ഏറെ പ്രധാനം. മികച്ച വിളവുണ്ടാകുന്ന കാലമാണ് കുംഭം, മീനം മാസങ്ങൾ. ആ സമയത്തു കിട്ടുന്ന തേങ്ങയ്ക്ക് നല്ല വലുപ്പമുണ്ടാകും. എതിരാളികളുടെ പറമ്പിൽ അതിക്രമിച്ചുകയറി കാർഷികവിളകൾ കൊയ്തു കൊണ്ടുപോകൽ നാദാപുരത്തെ രാഷ്ട്രീയ സംഘർഷങ്ങളിലെ ഒരു രീതിയാണ്. ആ ഭീഷണിയായിരുന്നു മുദ്രാവാക്യത്തിൽ.
1990കളിൽ കണ്ണൂരിൽ ജോലി ചെയ്ത കാലത്ത് ബി.ജെ.പിക്കാരിൽനിന്നും സി.പി.എമ്മുകാരിൽനിന്നും നിരവധി കൊലവിളി മുദ്രാവാക്യങ്ങൾ കേട്ടിട്ടുണ്ട്. റെക്കോർഡിങ് സൗകര്യമുള്ള മൊബൈൽ ഫോണുകളില്ലാത്ത കാലമായിരുന്നതിനാൽ ഒട്ടും മടികൂടാതെ അവർ ആ മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. കൊലവിളിയാണെങ്കിലും ആ മുദ്രാവാക്യങ്ങളിൽ പ്രാസം, വൃത്തം, ഉപമ, മാലോപമ, ഉൽപ്രേക്ഷ തുടങ്ങി പലതുമുമുണ്ടായിരുന്നു. കുറച്ചു കാലത്തിനു ശേഷം ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും ഉയർന്ന, ടി.പി ചന്ദ്രശേഖരന്റെ തല തെങ്ങിൻപൂക്കുലപോലെ ചിതറിപ്പിക്കുമെന്ന മുദ്രാവാക്യത്തിലുമുണ്ടല്ലോ ക്രൂരമെങ്കിലും ഒരു ഭാവനാവിലാസം.
മലയാള സാഹിത്യത്തിലെ മറ്റെല്ലാ ശാഖകളെയും പോലെ മുദ്രാവാക്യ ശാഖയും ഏറെ വളർന്നിട്ടുണ്ട്. ആ വളർച്ചയിൽ മുദ്രാവാക്യങ്ങൾ പരസ്യവാചകങ്ങളായും പരിണമിച്ചു.
ആ വളർച്ചയുടെ വലിയൊരു അടയാളമാണ് സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞദിവസം സി.പി.എം വ്യാപകമായി ഇറക്കിയ ഫ്ളക്സ് ബോർഡുകൾ. അതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ‘രാഷ്ട്രീയ സൂര്യതേജസിനെതിരേ നായ്ക്കളുടെ കൂട്ടക്കുര’ തുടങ്ങിയ കിടുകിടിലൻ വാചകങ്ങൾ.
പ്രതിപക്ഷമടക്കം പിണറായി വിജയനെ വിമർശിക്കുന്നവരെല്ലാം നായ്ക്കളാണെന്ന് സാരം. എന്തൊരു ഭാവന, എന്തൊരു കാവ്യഭംഗി. ഈ ബോർഡുകൾ നാടാകെ വ്യാപിക്കുന്നതോടെ പിണറായിയെന്ന രാഷ്ട്രീയ സൂര്യതേജസ് പതിന്മടങ്ങ് പ്രഭയിൽ ജ്വലിക്കുമെന്നുറപ്പ്. മറ്റു പാർട്ടികളും മാതൃകയാക്കേണ്ടതാണിത്. രാഷ്ട്രീയ എതിരാളികളെയെല്ലാം നായ്ക്കളെന്നു വിളിച്ചുകൊണ്ടുള്ള ബോർഡുകൾ നാടാകെ സ്ഥാപിച്ചാൽ കേരളത്തിന്റെ യശസ്സ് ഉയരും. നായ്ക്കളുടെ സ്വന്തം നാടെന്ന പേര് കേരളത്തിനു ലഭിക്കുന്നത് വലിയൊരു കാര്യമല്ലേ.എന്റെ കോർപറേഷൻ എന്റെ അഭിമാനംകോഴിക്കോട് കോർപറേഷൻ പരിധിയിൽ ജീവിക്കുന്ന ഞാൻ ഏഴു വർഷം മുമ്പ് പുതിയ വീടുണ്ടാക്കുന്നതിന് പ്ലാൻ പാസായിക്കിട്ടാൻ കോർപറേഷൻ ഓഫിസിൽ സമർപ്പിച്ച അപേക്ഷയുടെ കാര്യം ഓർമവരുന്നു. മാസങ്ങൾ നീണ്ടുപോയിട്ടും അത് അനക്കമില്ലാതെ കിടന്നു. വീടുണ്ടാക്കാൻ വായ്പയെടുക്കാൻ കാത്തിരിക്കുന്ന അവസ്ഥയായതിനാൽ ശരിക്കും വലഞ്ഞു. ഒടുവിൽ സഹികെട്ട് ഒരു ദിവസം അവിടെ ചെന്ന് രണ്ടിലൊന്ന് അറിഞ്ഞേ പോകൂ എന്ന് പറഞ്ഞു. ഞാൻ നൽകിയ അപേക്ഷ കാണാനില്ലെന്നായിരുന്നു മറുപടി.
ഞാൻ ഓഫിസിൽ നന്നായൊന്നു കണ്ണോടിച്ചു. അടുക്കും ചിട്ടയുമില്ലാതെ ഫയലുകൾ കുന്നുകൂടിക്കിടക്കുന്നു. പഠിക്കുന്ന കാലത്ത് പല ആവശ്യങ്ങൾക്കായി പോയിരുന്ന വില്ലേജ്, താലൂക്ക് ഓഫിസുകളുടെ അതേ ഛായയും അതേ മണവും തന്നെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇവിടെയും. നാടെങ്ങും കംപ്യൂട്ടർ യുഗത്തിലൂടെ കുതിച്ചു മുന്നേറുമ്പോൾ ഇവിടെ കംപ്യൂട്ടർവൽക്കരണം നടന്നിട്ടില്ല. ഫയലുകൾ വാരിവലിച്ചിട്ട് കൈകാര്യം ചെയ്യുന്ന രീതിയിൽ തന്നെ തുടരുകയായിരുന്നു ഇവിടെ.
സങ്കടവും കോപവും സഹിക്കവയ്യാതെ ഞാനവിടെ ഒരു പ്രഖ്യാപനം നടത്തി. പിറ്റേന്ന് രാവിലെ ഓഫിസിനു മുന്നിൽ നിരാഹാര സമരം തുടങ്ങുമെന്ന്. പ്രൈമറി ക്ലാസിൽ സഹപാഠിയായിരുന്ന പ്രതിപക്ഷ കൗൺസിലർ ബാലഗോപാലൻ ആ സമയത്ത് അവിടെയെത്തി. സമരം തുടങ്ങാൻ പോകുകയാണെന്നും പിന്തുണ നൽകണമെന്നും ജീവനക്കാർ കേൾക്കെ ഞാൻ അവനോടു പറഞ്ഞു. അവൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. അതുകഴിഞ്ഞ് വരാന്തയിലിറങ്ങി കൈകൊട്ടി അവിടെ കൂടിനിന്നവരുടെ ശ്രദ്ധയാകർഷിച്ച് കാര്യം വിശദീകരിച്ച് സമരപ്രഖ്യാപനം ആവർത്തിച്ചു. പല കാര്യങ്ങൾക്കായി എന്നെപ്പോലെ നടന്നുവലഞ്ഞ അക്കൂട്ടത്തിലെ ചിലരും എനിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഇത്രയുമായപ്പോൾ രണ്ടുമൂന്നു ജീവനക്കാർ അടുത്തെത്തി. ഒരു ദിവസം ക്ഷമിക്കണമെന്നും ഫയൽ തപ്പിയെടുക്കാമെന്നും പറഞ്ഞു. രാത്രി ഒമ്പതുമണിയോടെ ഒരു കോൾ വന്നു. രണ്ടു ജീവനക്കാർ ജോലി സമയം കഴിഞ്ഞ് അവിടെയിരുന്ന് കഷ്ടപ്പെട്ട് ഫയൽ തപ്പിയെടുത്തെന്ന്.
സ്വകാര്യ മേഖലയിൽ ചെറിയ കടകൾ പോലും വിറ്റുവരവ് കണക്കുകൾ കംപ്യൂട്ടറിലാക്കിയ കാലത്താണ് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഇതൊക്കെ സംഭവിക്കുന്നത്. പിന്നീട് 2018ൽ വകുപ്പിൽ സഞ്ചയ സോഫ്റ്റ്വെയർ ഉപയോഗിച്ച് കാര്യങ്ങളെല്ലാം ഓൺലൈനിലാക്കിയെന്ന വാർത്ത കണ്ടിരുന്നു. എന്നിട്ടും മുനിസിപ്പൽ കോർപറേഷനുകളിലെ പകുതിയിലേറെ ജീവനക്കാർ കംപ്യൂട്ടർ തുറക്കാൻ പോലും പഠിച്ചിട്ടില്ലെന്ന വാർത്ത കഴിഞ്ഞ ദിവസം കണ്ടു.
അതിനിടയിൽ ഇത്തിരി സന്തോഷം നൽകുന്നൊരു വാർത്തയും പുറത്തുവന്നു. കോഴിക്കോട് കോർപറേഷൻ ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ പാസ് വേർഡ് ചോർത്തി മറ്റു ചിലർ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്ന്.
ഇതറിഞ്ഞപ്പോൾ പഴയൊരു കഥ ഓർമവന്നു. സ്കൂളുകളിൽ പഠനനിലവാരം പരിശോധിക്കാൻ എ.ഇ.ഒ വരുന്ന ഒരു ഏർപ്പാടുണ്ടല്ലോ. എന്റെ ചെറുപ്പകാലത്ത് അതിനെ ‘ഏയ്യോൻ വരുന്നു’ എന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. പണ്ടൊരിക്കൽ കോഴിക്കോട്ടെ കടലോര മേഖലയിലെ ഒരു സ്കൂളിൽ ഇതുപോലെ ഏയ്യോൻ ഒന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരു അധ്യാപകൻ കുട്ടികളോട് കണക്കുകൾ ചോദിച്ചു. രണ്ടും രണ്ടും എത്രയെന്ന ചോദ്യത്തിന് അഞ്ചെന്ന് ഒരു കുട്ടിയുടെ മറുപടി. അതുകേട്ട് ഗുഡ് എന്ന് മാഷിന്റെ പ്രതികരണം. അഞ്ചും അഞ്ചും എത്രയെന്ന് അടുത്ത കുട്ടിയോട് ചോദിച്ചപ്പോൾ എട്ടെന്ന് മറുപടി. വെരി ഗുഡ് എന്ന് മാഷ്. അന്തംവിട്ട ഏയ്യോൻ ഇതെന്താണ് മാഷ് പറയുന്നതെന്ന് ചോദിച്ചു. സാറേ, സാധാരണ ഇതുപോലെ ചോദിച്ചാൽ കുട്ടികൾ മറുപടിയായി പറയുന്നത് മനുഷ്യശരീരത്തിലെ ചില അവയവങ്ങളുടെ പേരാണെന്നും ഇപ്പോൾ എന്തെങ്കിലും ഒരു സംഖ്യയെങ്കിലും പറയുന്നുണ്ടല്ലോ എന്നും മാഷ്.
അതുപോലെ കോർപറേഷൻ ഓഫിസിലെ ചില ഉദ്യോഗസ്ഥരെങ്കിലും പാസ് വേർഡ് എന്നാൽ എന്താണെന്ന് പഠിച്ചു. അഴിമതിക്കു വേണ്ടിയാണെങ്കിലും പാസ് വേർഡ് ചോർത്താനും ചിലർ പഠിച്ചു. ഇപ്പോൾ കോർപറേഷൻ ഓഫിസിനെക്കുറിച്ച് ഇത്തിരി അഭിമാനം തോന്നുന്നു.