ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച ചുമ സിറപ്പ് കഴിച്ച് രാജ്യത്ത് ചുരുങ്ങിയത് 18 കുട്ടികളെങ്കിലും മരിച്ചതായി ഉസ്‌ബെകിസ്താന്‍. നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മിച്ച ഡോക് 1 മാക്‌സ് എന്ന കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചതെന്ന് ഉസ്‌ബെകിസ്താന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.
ഒരു കൂട്ടം സിറപ്പുകളുടെ ലബോറട്ടറി പരിശോധനയില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ പദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മാതാപിതാക്കളോ ഫാര്‍മസിസ്റ്റുകളുടെ ഉപദേശപ്രകാരമോ കുട്ടികള്‍ക്ക് കൂടുതല്‍ ഡോസുകള്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ്, കുട്ടികള്‍ ഈ സിറപ്പ് 27 ദിവസത്തേക്ക് വീട്ടില്‍ വെച്ച് 2.5 മുതല്‍ 5 മില്ലി വരെ മൂന്ന് മുതല്‍ നാല് തവണ വരെ കഴിച്ചതായി കണ്ടെത്തി.
ജലദോഷത്തിനുള്ള പ്രതിവിധിയായി മാതാപിതാക്കള്‍ സിറപ്പ് ഉപയോഗിച്ചു. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് ഉസ്‌ബെകിസ്താനിലെ എല്ലാ ഫാര്‍മസികളില്‍ നിന്നും ഡോക്1 മാക്‌സ് ഗുളികകളും സിറപ്പുകളും പിന്‍വലിച്ചിട്ടുണ്ട്. കൃത്യസമയത്ത് സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ട ഏഴ് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരേ ഗുരുതരമായ ആരോപണം ഉയരുന്നത്. ഈ വര്‍ഷമാദ്യം, ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച ചുമ സിറപ്പ് കഴിച്ച് 70 കുട്ടികള്‍ മരിച്ചതായി ഗാംബിയ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ പരിശോധന നടത്തുകയും ഉല്‍പ്പാദന മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഒക്ടോബറില്‍ സോനെപത്തിലെ യൂണിറ്റ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
Comments are closed for this post.