കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ യാത്രക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കാനുള്ള തീരുമാനം പുതുപ്പാടി പഞ്ചായത്ത് റദ്ദാക്കി. ചട്ടവിരുദ്ധമായതിനാൽ ഈ തീരുമാനത്തിൽ പിൻമാറണമെന്ന് കോഴിക്കോട്ടെ ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.വിനയരാജ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിനെതുടർന്നാണിത്. ഈ അറിയിപ്പ് സംബന്ധിച്ച തുടർ നടപടികൾ അറിയിക്കണമെന്നും ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സെക്രട്ടറിയോട് ആവശ്യപ്പെട്ടിണ്ട്.
പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റുകൾ,2,4 മുടിപിൻവളവുകൾ, വ്യൂ പോയന്റിന് താഴ്ഭാഗം എന്നിവിടങ്ങളിൽ വാഹനം നിർത്തി ഇറങ്ങുന്ന സഞ്ചാരികളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കുള്ള യൂസർഫീ യായി 20 രൂപ വാങ്ങാനായിരുന്നു തീരുമാനം. പഞ്ചായത്ത് ഭരണസമിതി യോഗത്തിലും അഴകോടെ ചുരം സീറോ വേസ്റ്റ് ചുരം പദ്ധതിയുടെ റിവ്യൂ മീറ്റിങ്ങിലുമാണ് യൂസർ ഫീ ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളോട് യൂസർഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഫെബ്രുവരി ഒന്നിന് യൂസർ ഫീ ഈടാക്കി തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് ഫീ ഈടാക്കൽ ചട്ടവിരുദ്ധമാണെന്ന ഉത്തരവ് വന്നിരിക്കുന്നത്.
Comments are closed for this post.