2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അശ്രദ്ധകൊണ്ട് മാത്രം വരുന്ന ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെ ചില പൊടിക്കൈകള്‍ കൊണ്ട് നേരിട്ട് നോക്കൂ…

അശ്രദ്ധകൊണ്ട് മാത്രം വരുന്ന ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെ ചിലപൊടിക്കൈകള്‍ കൊണ്ട് നേരിട്ട് നോക്കൂ…

ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ല് ഇടയ്ക്കിടക്ക് വരാറുണ്ട്. കാലാവസ്ഥക്കനുസരിച്ചും ഉപയോഗത്തിനനുസരിച്ചുമൊക്കെയാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ തകരാറുകൊണ്ടും ചിലപ്പോ ബില്ലില്‍ പ്രതിഫലിച്ചേക്കാം. അത് അധികമാരും ശ്രദ്ധിക്കാറില്ല താനും.
ഗൃഹോപകരണങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലാഭിക്കാനാകും. ഇതിനായി അറിയേണ്ട ചില കാര്യങ്ങളുണ്ട്.

ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊര്‍ജകാര്യക്ഷമത കൂടിയതുമായ മോഡലുകള്‍ തെരഞ്ഞെടുക്കുക.

ഇന്‍വെര്‍ട്ടര്‍ റഫ്രിജറേറ്റര്‍ കാര്യക്ഷമതയില്‍ മുന്നില്‍.
റഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ഭിത്തിയില്‍ നിന്നും 15 സെമി അകലം പാലിക്കണം. കൂടെ കൂടെ റഫ്രിജറേറ്റര്‍ തുറക്കുന്നത് ഊര്‍ജനഷ്ടം ഉണ്ടാക്കും. ആഹാരപദാര്‍ഥങ്ങള്‍ ചൂടാറിയതിനുശേഷം മാത്രം റഫ്രിജറേറ്ററില്‍ വയ്ക്കുക. ആഹാരസാധനങ്ങള്‍ അടച്ചുമാത്രം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഇത് ഈര്‍പ്പം റഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും, തന്‍മൂലം ലോഡ് കൂടുകയും ഇതുവഴി വൈദ്യുതി നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

റഫ്രിജറേറ്ററിന്റെ വാതില്‍ ഭദ്രമായി അടഞ്ഞിരിക്കണം. ബീഡിങ്ങിലൂടെയുള്ള തണുത്ത വായുവിന്റെ ലീക്ക് ഇടയ്ക്ക് പരിശോധിക്കണം.

ഫ്രീസറില്‍ ഐസ് കൂടുതല്‍ കട്ട പിടിക്കുന്നത് ഊര്‍ജനഷ്ടം ഉണ്ടാക്കുന്നു.

ഫ്രീസറില്‍ നിന്ന് എടുക്കുന്ന സാധനങ്ങള്‍ അല്‍പനേരം ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍ വച്ചാല്‍ നന്ന്

  1. ഇസ്തിരിപ്പെട്ടി

ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടികള്‍ കാര്യക്ഷമത കൂടിയവാണ്. ഇവ ഈ സംവിധാനം ഇല്ലാത്തതിനേക്കാള്‍ പകുതി വൈദ്യുതി മാത്രം ഉപയോഗിക്കുന്നു.
ഇസ്തിപ്പെട്ടി ഉപയോഗിക്കുന്ന സ്ഥലത്ത് കഴിവതും ഫാനിന്റെ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തുക വഴി ഇസ്തിരിപ്പെട്ടിയില്‍ നിന്നും ചൂട് നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

ഒരാഴ്ചത്തേക്ക് വേണ്ട വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുന്നത് ശീലമാക്കുക.

അലക്കിയ വസ്ത്രങ്ങള്‍ പിഴിയാതെ ഉണക്കിയെടുക്കാന്‍ പറ്റുകയാണെങ്കില്‍ ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം കുറയ്ക്കാം.

  1. ടെലിവിഷന്‍
    സി. ആര്‍. റ്റി ടെലിവിഷനുകളെ അപേക്ഷിച്ച് എല്‍. ഇ. ഡി/ എല്‍. സി. ഡി ടെലിവിഷനുകള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.

ടെലിവിഷന്‍ റിമോട്ടില്‍ മാത്രം ഓഫാക്കി ഇടുന്നത് വൈദ്യുതി നഷ്ടത്തിന് ഇടയാക്കും. അതിനാല്‍ സ്വിച്ച് ഓഫാക്കുക.

ആവശ്യത്തിന് മാത്രം വലിപ്പമുള്ള സ്‌ക്രീന്‍ തെരഞ്ഞെടുക്കുക. വലിപ്പം കൂടുന്തോറും ഊര്‍ജഉപഭോഗം വര്‍ധിക്കും.

  1. കമ്പ്യൂട്ടര്‍എല്‍.ഇ.ഡി മോണിറ്ററിന് സി. ആര്‍. റ്റി മോണിറ്ററിന് വേണ്ടി വരുന്നതിന്റെ 1/8 ഭാഗം വൈദ്യുതി മതിയാകും.

കുറച്ചു സമയത്തേക്ക് കമ്പ്യൂട്ടര്‍ ആവശ്യമില്ലാതെ വരികയാണെങ്കില്‍, സ്റ്റാന്റ് ബൈ അല്ലെങ്കില്‍ സ്ലീപിംഗ് മോഡില്‍ ഇടുകയാണ് നല്ലത്.

ഒരു പ്രാവശ്യം ഓഫാക്കി വീണ്ടും ഓണാക്കുമ്പോള്‍ ഒരു മണിക്കൂര്‍ സ്ലീപ്പിംഗ്, സ്റ്റാന്റ് ബൈ മോഡില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയാണ് ചെലവാകുന്നത്.

  1. മിക്‌സി
    നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ജാറില്‍ നിറയ്ക്കുന്നത് ഒഴിവാക്കുക. അരയ്ക്കാന്‍ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം കൂടിയാല്‍ അരയാന്‍ സമയം കൂടുതല്‍ എടുക്കും. എന്നാല്‍ കുറഞ്ഞാലോ മിക്‌സിയുടെ ലോഡ് കൂടും.

ഓവര്‍ലോഡ് റിലേ ഉള്ളത് നല്ലത്.

  1. ഇന്‍ഡക്ഷന്‍ കുക്കര്‍

വിറകോ, എല്‍.പി.ജിയോ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കുക.

ഇവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം കൂടുന്നതിനാല്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് നല്‍കേണ്ടി വരും.

ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രതലത്തിലെ വൃത്തത്തേക്കാള്‍ കുറഞ്ഞ അടിവട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

  1. വാഷിങ്ങ്‌ െമഷീന്‍
    ടോപ്പ് ലോഡിങ്ങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ്ങ് മെഷീനുകള്‍ കുറച്ച് വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നു.

വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ്ങ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു.

നിര്‍ദേശിച്ചിരിക്കുന്ന പൂര്‍ണശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക.

എല്ലാ ദിവസവും ഉള്ള ഉപയോഗം ഒഴിവാക്കുക.

വാട്ടര്‍ പമ്പ്

കിണറിന്റെ ആഴവും, ടാങ്കിന്റെ ഉയരവും കണക്കിലെടുത്ത് മാത്രം പമ്പ് സെറ്റുകള്‍ തെരഞ്ഞെടുക്കുക.

പമ്പിന്റെ ഫൂട്ട് വാല്‍വുകള്‍ ആവശ്യത്തിന് വലിപ്പവും ധാരാളം സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. കടക മാര്‍ക്ക് ഉള്ളത് നന്ന്.

വെള്ളം കൊണ്ടു പോകുന്ന പൈപ്പുകള്‍ക്ക് കഴിവതും വളവും തിരിവും ഒഴിവാക്കുക.

ഓട്ടോമാറ്റിക് വാട്ടര്‍ലെവല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് നല്ലത്.

ആഴം വളരെ കൂടിയ സ്ഥലങ്ങളില്‍ സബ്‌മേഴ്‌സിബിള്‍ പമ്പുകള്‍ ഉത്തമം

വാട്ടര്‍ ഹീറ്റര്‍

വാട്ടര്‍ ഹീറ്ററിന്റെ താപസൂചിക എത്രയും കുറച്ച് വയ്ക്കാമോ അത്രയും നല്ലത്. താപനഷ്ടം കുറയ്ക്കുന്നതിനായി താപജലവിതരണ പൈപ്പുകള്‍ ഇന്‍സുലേറ്റ് ചെയ്യുക. കഴിവതും സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ ഉപയോഗിക്കുക.

ഇന്‍വെര്‍ട്ടര്‍

ഇന്‍വെര്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്. കാര്യക്ഷമത കുറഞ്ഞ ഇന്‍വെര്‍ട്ടറും, ബാറ്ററിയും കൂടുതല്‍ വൈദ്യുതി പാഴാക്കും. സോളാര്‍ പാനല്‍ സ്ഥാപിച്ച് അതുവഴി ഇന്‍വെര്‍ട്ടര്‍ ചാര്‍ജ് ചെയ്യുക വഴി വൈദ്യുത ഉപയോഗം കുറയ്ക്കാം.

ഓരോ ഗാര്‍ഹിക വൈദ്യുത ഉപഭോക്താവും സാമ്പത്തിക ശേഷിക്കനുസരിച്ച് ചെറിയ തോതിലെങ്കിലും ഒരു സൗരവൈദ്യുതോല്പാദന സംവിധാനം സ്ഥാപിച്ച് പരിപാലിക്കുന്നത് എല്ലാ വിധത്തിലും നല്ലൊരു മുതല്‍ കൂട്ടായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.