കാലിഫോര്‍ണിയ: തിലാപ്പിയ മത്സ്യം കഴിച്ച് അണുബാധയേറ്റ് യുവതിയുടെ കൈകാലുകള്‍ മുറിച്ചു മാറ്റി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. തിലാപ്പിയയില്‍നിന്ന് അണുബാധയേറ്റ് 40കാരി ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ലോറ ബറാജസ് എന്ന 40 കാരി വീടിന് സമീപത്തെ സാന്‍ ജോസിലെ മാര്‍ക്കറ്റില്‍ നിന്നാണ് തിലാപ്പിയ വാങ്ങിയത്. ഭക്ഷണം കഴിച്ച ഉടനെ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കകം കോമയിലായി. വൃക്കകള്‍ തകരാറിലാകുകയും ചെയ്തു. തിലാപ്പിയയില്‍നിന്നുള്ള ബാക്ടീരിയല്‍ അണുബാധയാണ് വില്ലനായത്. അവരുടെ കൈകാലുകളും ചുണ്ടുകളും കറുത്ത നിലയിലായിരുന്നുവെന്നും കൂടെയുള്ളവര്‍ പറയുന്നു.
മത്സ്യം മതിയായി വേവിക്കാതെയാണ് ഇവര്‍ കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കടല്‍ജലത്തിലും സമുദ്രവിഭവങ്ങളിലും കാണുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന മാരക ബാക്ടീരിയയാണ് ലോറയുടെ ശരീരത്തിലെത്തിയത്.
വ്യാഴാഴ്ചയായിരുന്നു കൈകാലുകള്‍ നീക്കം ചെയ്ത സര്‍ജറി. ഇപ്പോള്‍ ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
Comments are closed for this post.