മോസ്‌കോ: ഉക്രൈനിലേക്ക് നിര്‍ബന്ധിത സൈനിക സേവനത്തിന് റഷ്യന്‍ പൗരന്‍മാരോട് സജ്ജരാവാന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഉത്തരവിട്ടതിനു പിന്നാലെ യു.എസ് പൗരന്‍മാരോട് റഷ്യ വിടാന്‍ അമേരിക്കന്‍ എംബസിയുടെ നിര്‍ദേശം. റഷ്യയില്‍ 18 വയസ്സ് മുതല്‍ 60 വരെയുള്ളവര്‍ സൈനിക സേവനത്തിന് സജ്ജരാവാനാണ് പുടിന്‍ ഉത്തരവിട്ടത്.
റഷ്യയിലുള്ള മുഴുവന്‍ അമേരിക്കന്‍ പൗരന്‍മാരും എത്രയും വേഗം രാജ്യംവിടണമെന്ന് മോസ്‌കോയിലെ യു.എസ് എംബസി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നേരത്തേ തന്നെ വഷളായിട്ടുണ്ടെന്നും അതിര്‍ത്തി ചെക്‌പോയിന്റുകളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്നും ചുരുക്കം ചില വിമാന സര്‍വീസുകള്‍ മാത്രമാണ് ശേഷിക്കുന്നതെന്നും സമയം വൈകുന്തോറും രാജ്യംവിടുന്നത് ദുഷ്‌കരമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
ഇരട്ടപൗരത്വമുള്ളവര്‍ക്ക് റഷ്യയില്‍ നിര്‍ബന്ധിത സൈനിക സേവനം ചെയ്യേണ്ടിവരുമെന്നും ഇരട്ടപൗരത്വ അവകാശങ്ങള്‍ നിഷേധിച്ചേക്കാമെന്നും യു.എസ് കോണ്‍സുലാര്‍ സേവനങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാമെന്നും റഷ്യയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുമതി നിഷേധിച്ചേക്കാമെന്നും പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
നിര്‍ബന്ധിത സൈനിക സേവനത്തിനായി മൂന്ന് ലക്ഷം പൗരന്‍മാരോട് ഉക്രൈനിലേക്ക് നീങ്ങാന്‍ പുടിന്‍ ഉത്തരവിട്ട ശേഷം യോഗ്യരായ വിഭാഗത്തില്‍ പെടുന്ന പതിനായിരക്കണക്കിന് ആളുകള്‍ രാജ്യംവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ തടിച്ചുകൂടിയ വിമാനത്താവളങ്ങളുടെയും പതിനായിരക്കണക്കിന് കാറുകള്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഹൈവേയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
Comments are closed for this post.