
വാഷിങ്ടണ്‍: യു.എസിലെ ഡെമോക്രാറ്റിക് പ്രതിനിധി ക്രിസ് വാന്‍ ഹോളന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു. കശ്മീരിലെ പ്രശ്നങ്ങള്‍ നേരിട്ടറിയുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ യാത്ര ഉദ്ദേശിച്ചതെന്നും എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘കശ്മീരില്‍ സംഭവിക്കുന്നത് എന്താണെന്ന് എനിക്ക് നേരിട്ട് അറിയണം. പക്ഷെ, ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല’- വാന്‍ ഹോളന് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് താന്‍ അധികൃതരെ സമീപിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അതിനു പറ്റിയ സമയമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് സെനറ്റില്‍ മേരിലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന വാന്‍ ഹോളന്, കശ്മീരിനു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ആശങ്കയറിയിച്ച 60 കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളാണ്.
‘ഇന്ത്യന്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ ആളുകള്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതിലും അവിടുത്തെ സാഹചര്യങ്ങള്‍ നേരിട്ടറിയുന്നതിലും ആശങ്കപ്പെടേണ്ടതില്ല’- യു.എസ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സുതാര്യതയ്ക്ക് പ്രാധാന്യം നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.