2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലൈംഗിക കോഴ്‌സ് നടത്തി ശിഷ്യകളെ ലൈംഗിക അടിമകളാക്കി: യു.എസില്‍ ‘ആത്മീയഗുരു’വിന് 120 വര്‍ഷം തടവ്

   

 

ന്യൂയോര്‍ക്ക്: ലൈംഗിക കോഴ്‌സ് നടത്തി ശിഷ്യകളെ ലൈംഗിക അടിമകളാക്കി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ‘ആത്മീയഗുരു’വിന് യു.എന്‍ വന്‍ ശിക്ഷ. 120 വര്‍ഷത്തെ തടവുശിക്ഷയാണ് കെയ്ത്ത് റാനിയര്‍ക്ക് (60) എന്നയാള്‍ക്ക് ന്യൂയോര്‍ക്ക് കോടതി വിധിച്ചത്.

നെക്‌സിയം എന്ന പേരില്‍ ജീവിതപരിശീലന സംഘടന നടത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളെ വീഴ്ത്തിയത്. സമ്പന്നരും പ്രശസ്തരുമായ ആയിരക്കണക്കിനു വനിതകളാണ് കെയ്ത്തിന്റെ ശിഷ്യഗണത്തിലുള്ളത്. സ്ത്രീകളെ താനുമായി നിര്‍ബന്ധിത ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചതിനു പുറമെ കുട്ടികളെ കടത്തിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത ജോലിയെടുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

5,000 ഡോളര്‍ ഫീസ് ഈടാക്കി അഞ്ചു ദിവസത്തെ കോഴ്‌സിലേക്കാണ് ഇയാള്‍ ആളുകളെ തെരഞ്ഞെടുക്കുന്നത്. പിന്നീട് ഇവരെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയാണ് പതിവ്. പിരമിഡ് മാതൃകയിലുള്ള പരിപാടിയില്‍ സ്ത്രീകള്‍ ലൈംഗിക അടിമകളും കെയ്ത്ത് ഏറ്റവും മുകളില്‍ ഗ്രാന്‍ഡ് മാസ്റ്ററുമാണ്. തുടര്‍ന്ന് ഗുരുവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ‘അടിമകളെ’ നിര്‍ബന്ധിക്കും. പിന്നീട് ഇവരുടെ വ്യക്തിവിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുകയും ചെയ്യും.

2019ല്‍ 15കാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇയാളുടെ ഇരകളില്‍ 13 സ്ത്രീകള്‍ ബ്രൂക്‌ലിന്‍ കോടതിയില്‍ വിധികേള്‍ക്കാനായി എത്തിയിരുന്നു. ഇരയാക്കപ്പെട്ട 90 പേര്‍ ജഡ്ജി നിക്കോളാസ് ഗരൗഫിസിനു കത്തെഴുതുകയും ചെയ്തു.

1998ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച നെക്‌സിയം എന്ന സംഘടന സ്വയം നവീകരണ കോഴ്‌സുകള്‍ നടത്തിയാണു പ്രശസ്തമായത്. 20 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായി ലൈംഗിക വിഷയങ്ങള്‍ക്കായി വ്യക്തിവികസന പരിശീലന കോഴ്‌സ് നടത്തുന്നതിനിടെ 2018ല്‍ മെക്‌സിക്കോയില്‍ വച്ചാണ് റാനിയര്‍ അറസ്റ്റിലായത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ശിക്ഷ 15 വര്‍ഷമായി കുറയ്ക്കണമെന്നും പ്രതിഭാഗം വാദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.