
വാഷിങ്ടണ്‍: തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഉത്തരകൊറിയക്ക് യു.എസിന്റെ താക്കീത്. നിര്‍ബന്ധിതരായാല്‍ തങ്ങള്‍ സൈന്യത്തെ ഇറക്കുമെന്നും യു.എസ് ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്കി. യു.എന്നിലെ യു.എസ് അമ്പാസഡര്‍ നിക്കി ഹാലെയുടേതാണ് പ്രതികരണം. കൊറിയക്കെതിരെ യു.എന്നില്‍ പുതിയ പ്രമേയം അവതരിപ്പിക്കുമെന്നും നിക്കി ഹാലെ പറഞ്ഞു.
കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സൈനിക വിപുലീകരണത്തിന്റെ ഭാഗമാണ്. അവസാനമായി നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണമുള്പ്പെടെയുള്ളവ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള ചെറിയ സാധ്യത പോലും ഇല്ലാതാക്കുന്ന നീക്കമാണ്- നിക്കി ഹാലെ വ്യക്തമാക്കി.
തങ്ങളുടേയും ഒപ്പം നില്‍ക്കുന്നവരുടേയും സുരക്ഷക്കായി മുഴുവന്‍ യു.എസ് സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സൈന്യത്തെ മുഴുവന്‍ രംഗത്തിറക്കുന്ന അവസ്ഥയിലേക്ക് പോവാന്‍ തങ്ങളെ നിര്ബന്ധിതരാക്കാതിരിക്കുന്നതാണ് നല്ലതെന്നും യു.എസ് മുന്നറിയിപ്പു നല്കി.
ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം നടത്തിയതിന് മറുപടിയായി യു.എസും ദക്ഷിണ കൊറിയയും കഴിഞ്ഞ ദിവസം ബാലിസ്റ്റിക് മിസൈല്‍ അഭ്യാസ പ്രകടനം നടത്തിയിരുന്നു.