
യു.എന്‍: കുടിയേറ്റ-അഭയാര്‍ഥി പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉണ്ടാക്കിയ യു.എന്‍ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങി. യു.എസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഇക്കാര്യം യു.എന്നിനെ അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരവുമായി ഒത്തുപോകുന്നതല്ല ഉടമ്പടിയെന്ന് കാണിച്ചാണ് അമേരിക്കയുടെ പിന്മാറ്റം.
കുടിയേറ്റ വിരുദ്ധ നിലപാടുകളുമായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന്റെ ഒടുവിലത്തെ നീക്കമാണിത്. അഭയാര്‍ഥികള്‍ക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെയും നേരത്തെ ട്രംപ് നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.
തിങ്കളാഴ്ച മെക്സിക്കോയിലെ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ ആഗോള കുടിയേറ്റ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് അമേരിക്കയുടെ പിന്മാറ്റം. വിവിധ കാരണങ്ങളാല്‍ നിര്‍ബന്ധിതരായി പലായനം ചെയ്യേണ്ടി വന്ന 60 മില്യന്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാനുഷികമായ നയനിലപാടുകള്‍ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് മെക്സിക്കോയില്‍ സമ്മേളനം ആരംഭിക്കുന്നത്.
യു.എന്‍ പൊതുസഭയുടെ നേതൃത്വത്തില്‍ 2016ലാണ് ന്യൂയോര്‍ക്ക് ഡിക്ലറേഷന്‍ ഓഫ് റെഫ്യൂജിസ് ആന്‍ജ് മൈഗ്രന്റ്സ് എന്ന പേരില്‍ രാഷ്ട്രീയ ഉടമ്പടി പ്രഖ്യാപനം പുറത്തിറക്കിയത്. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, അവരെ പുനരധിവാസത്തിനു സഹായിക്കുക, വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കുടിയേറ്റ ഉടമ്പടി തയാറാക്കിയത്. ഇത് അമേരിക്ക അടക്കം 193 അംഗരാജ്യങ്ങളും പിന്തുണച്ചിരുന്നു. നിയമപരമായി ബാധ്യതയായി നിലനില്‍ക്കുന്ന സ്വഭാവത്തിലുള്ളതല്ല ഉടമ്പടി.