
ബീജിങ്: ചൈനയിലെ തെക്ക്- പടിഞ്ഞാറന്‍ നഗരമായ ചെങ്ക്ടുവില് കോണ്‍സുലേറ്റിലെ യു.എസ് പതാക താഴ്ത്തിക്കെട്ടി. കോണ്‍സുലേറ്റ് വിടാനുള്ള നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി.
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് വിടാന്‍ യു.എസ് ഉത്തരവിട്ടതിനു മറുപടിയായാണ് ചൈനയുടെ നടപടി.
തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 6.18 നാണ് യു.എസ് പതാക താഴ്ത്തിയത്. ഇതിന്റെ ദൃശ്യം ചൈനീസ് ചാനലായ സി.ജി.ടി.എന്‍ പുറത്തുവിട്ടു. രാവിലെ പത്തു മണി വരെയാണ് കോണ്‍സുലേറ്റ് വിടായന് യു.എസിന് സമയം നല്‍കിയിരുന്നത്.
A U.S. national flag has lowered at the U.S. Consulate General in Chengdu at around 6:18 a.m. on Monday #ChinaUS https://t.co/9uAdmFdCLu pic.twitter.com/HlVlkWUhR7
— CGTN (@CGTNOfficial) July 26, 2020
വ്യാപാര- സാങ്കേതിക യുദ്ധം, കൊവിഡ് മഹാമാരി, ദക്ഷിണ ചൈനീസ് കടലിന്റെ ഉടമസ്ഥാവകാശം, ഹോങ്കോങ്ങിലെ ഇടപെടല്‍ തുടങ്ങിയ വിഷയത്തില്‍ നീണ്ട കാല തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോണ്‍സുലേറ്റുകള്‍ ഒഴിഞ്ഞുള്ള അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് യു.എസും ചൈനയും നീങ്ങിയത്.
കോണ്‍സുലേറ്റ് വിടാനുള്ള അവസാനം സമയം പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ചൈന വിടാനുള്ള അവസാന സമയം എപ്പോഴാണെന്ന് വ്യക്തമല്ല. കോണ്‍സുലേറ്റിലേക്കുള്ള ഗതഗാഗതം രണ്ടു ദിവസം മുന്‍പ് തന്നെ നിരോധിച്ചിരുന്നു. കോണ്സുലറെയോ പൊലിസുകാരെയോ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ.
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ‘ചാരപ്രവര്ത്തിയുടെയും ബൗദ്ധിക ആസ്തി കൊള്ളയുടെയും’ കേന്ദ്രമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു.