2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്-യു.കെ സംയുക്ത വ്യോമാക്രമണം; തിരിച്ചടിയെ കരുതിയിരുന്നോ എന്ന് ഹൂതികളുടെ മുന്നറിയിപ്പ്

യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കും തിരിച്ചടിയുണ്ടാവും

‘ചെങ്കടല്‍ പ്രളയ’ത്തിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്-യു.കെ സംയുക്ത വ്യോമാക്രമണം; തിരിച്ചടിയെ കരുതിയിരുന്നോ എന്ന് ഹൂതികളുടെ മുന്നറിയിപ്പ്

സന്‍ആ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. ചെങ്കടലില്‍ തങ്ങളുടെ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണ പ്രളയത്തിന് പിന്നാലെയാണ് യു.എസും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയത്. ഹുദൈദ, സന്‍ആ, ഹൂതികളുടെ ശക്തി കേന്ദ്രമായ സഅദ, തെക്കു പടിഞ്ഞാറന്‍ ദമാര്‍ തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു.

ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികൾ പറയുന്നു.

‘അമേരിക്കൻ ബ്രിട്ടീഷ് സയണിസ്റ്റ് സഖ്യം യെമനിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിന് യു.എസിനും സഖ്യകക്ഷികൾക്കും വലിയ മറുപടി നൽകും. തിരിച്ചടി കിട്ടാതെ ഒരു അമേരിക്കൻ ആക്രമണവും സേഷിക്കില്ല. 20 ഡ്രോണുകളും നിരവധി മിസൈലുകളും ഉപയോഗിച്ച് അവർ നടത്തിയ ആക്രമണത്തേക്കാൾ ഭീകരമായിരിക്കും തിരിച്ചടി’ ഹൂതി നേതാവ് അബ്ദുൽ മാലിക് അൽഹൂദി പറഞ്ഞു.

ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ അർധരാത്രി ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തിൽ ഹൂതികൾക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഹുദൈദക്കും ഹജ്ജാക്കും ഇടയിൽ ഹൂതികൾ ഡ്രോണുകൾ അയക്കുന്ന കേന്ദ്രങ്ങൾ അക്രമിക്കാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണലും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, യു.എസ് സഖ്യത്തിന്റെ ആക്രമണവും ഹൂതികളുടെ താക്കീതും പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലാക്കിയിരിക്കുകയാണ്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന കുരുതി മേഖലായുദ്ധം അനിവാര്യമാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

സൂയസ് കനാൽ വഴി യൂറോപ്യൻ, ഏഷ്യൻ വിപണികളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഷിപ്പിംഗ് പാതകളിലൊന്നാണ് ചെങ്കടൽ. ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും ഹൂതികൾ ഷിപ്പിംഗ് ലക്ഷ്യമിടുന്ന സ്ഥലത്തിന് സമീപമുള്ള ബാബ്എൽമണ്ടേബ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.

അതിനിടെ, ഇസ്‌റാഈൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിൽ ഹേഗിലെ അന്താരാഷ്ട്ര കോടതി മുമ്പാകെ ഇന്നും വാദം തുടരും. ഇസ്‌റാഈലിന്റേത് വംശഹത്യയാണെന്ന് സഥാപിക്കുന്ന നിരവധി തെളിവുകൾ ദക്ഷിണാഫ്രിക്ക ഇന്നലെ കോടതിക്ക് കൈമാറി. എന്നാൽ ആരോപണം അന്യായമാണെന്നും ഹമാസിനെ പിന്തുണക്കുന്നതാണെന്നും നെതന്യാഹു ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.