2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചാംപ്യന്‍ പോര്

ലണ്ടന്‍: ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം ഇന്ന് അതിയായ സന്തോഷത്തിലാണ്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും പുതിയ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ ശക്തി തെളിയിക്കാനായി ഇറങ്ങുന്നതു തന്നെ കാര്യം. നിലവിലെ യൂറോകപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക കിരീടം ചൂടിയ അര്‍ജന്റീനയും ചരിത്രമുറങ്ങുന്ന മൈതാനത്ത് ഫൈനലിസ്സിമയില്‍ പരസ്പരം പോരിനിറങ്ങുമ്പോള്‍ ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍. രാത്രി 12.15നാണ് മത്സരം.
ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയായിരുന്നു ഇറ്റലിയുടെ യൂറോ കപ്പ് കിരീടധാരണം. എന്നാല്‍ ഫുട്‌ബോള്‍ അതികായരായ ബ്രസീലിനെ 10ന് കീഴ്‌പ്പെടുത്തിയാണ് ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്.
2018ന് പിന്നാലെ ഈ വര്‍ഷത്തെയും ലോകകപ്പ് ടിക്കറ്റ് കൈയെത്തും ദൂരത്ത് വച്ച് നഷ്ടമായ ഇറ്റലി, ആ ക്ഷീണം മാറ്റാനുള്ള തയാറെടുപ്പിലാണ്. ആ ചീത്തപ്പേരു മാറ്റാന്‍ ടീമിന് ഇന്നത്തെ മത്സരത്തില്‍ എങ്ങനെയെങ്കിലും ജയിക്കണം. പ്ലേ ഓഫില്‍ നോര്‍ത്ത് മാസിഡോണിയയോടാണ് ഇറ്റലി അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. കൂടാതെ, ടീം ജഴ്‌സിയില്‍ ജോര്‍ജിയോ ചില്ലിനിക്ക് ഇത് അവസാന മത്സരമാണെന്നതും ഇറ്റലിക്ക് ജയം അനിവാര്യമാക്കുന്നു.
കിരീടനേട്ടത്തിനു ശേഷമുള്ള മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും പരാജയപ്പെടാതെയാണ് അര്‍ജന്റീന ഇറ്റലിക്കെതിരേ ബൂട്ടുകെട്ടുന്നത്. ലോകകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന് പിന്നിലായി രണ്ടാംസ്ഥാനം. 17 മത്സരങ്ങളില്‍ നിന്ന് 11 ജയവും ആറ് സമനിലയുമായി 39 പോയിന്റ്.
അര്‍ജന്റീന ജഴ്‌സിയില്‍ വീണ്ടും തിളങ്ങാന്‍ ഒരുങ്ങുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി വിശ്വാസമര്‍പ്പിക്കുന്നത്. മറുവശത്ത് പ്രതിരോധം പണ്ടുമുതലേ കൈമുതലാക്കിയ ഇറ്റലിക്കൊപ്പം ആക്രമണ കുന്തമുന മെനയാന്‍ ലോറന്‍സോ ഇന്‍സൈനുമുണ്ട്. സീസണില്‍ നാപ്പൊളിക്കായി മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്‍സൈന്റെ വരവ്.
ഈ പോരില്‍ അധിക സമയം ഉണ്ടാവില്ലെന്നതാണ് പ്രധാന പ്രത്യേകത. 90 മിനുട്ടിന് ശേഷവും ഇരുവരുടെയും ഗോള്‍നില തുല്യമായി വന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വിജയിയെ തീരുമാനിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.