2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യാത്രക്കാര്‍ക്ക് നിസ്‌ക്കരിക്കാനായി ബസ് നിര്‍ത്തിയെന്ന്; ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍

യാത്രക്കാര്‍ക്ക് നിസ്‌ക്കരിക്കാനായി ബസ് നിര്‍ത്തിയെന്ന്; ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍

ലക്‌നോ: യാത്രക്കിടെ രണ്ട് യാത്രക്കാര്‍ക്ക് നിസ്‌കരിക്കാന്‍ ബസ് അഞ്ച് മിനിറ്റ് അധികം നിര്‍ത്തിയെന്ന പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. ഉത്തര്‍ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (യു.പി.എസ്.ആര്‍.ടി.സി) ഡ്രൈവറെയും കരാറില്‍ ജോലി ചെയുന്ന കണ്ടക്ടറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹിയിലേക്കുള്ള ‘ജന്‍രഥ്’ എ.സി ബസാണ് യാത്രക്കാര്‍ക്കായി കുറച്ച് നേരം നിര്‍ത്തിയത്. 14 യാത്രക്കാരുമായി പുറപ്പെട്ട ബസ് രാത്രി റാംപൂര്‍ ജില്ലയിലെ മിലാക് എന്ന സ്ഥലത്ത് ദേശീയപാത 24ല്‍ നിര്‍ത്തിയതാണ് നടപടിക്ക് കാരണം. പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ കെ.പി സിങ്, കണ്ടക്ടര്‍ മോഹിത് യാദവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കുറച്ചുപേര്‍ക്ക് ശുചിമുറിയില്‍ പോകാനായി ബസ് നിര്‍ത്തിയപ്പോള്‍ രണ്ട് യാത്രക്കാര്‍ ഇറങ്ങി നിസ്‌ക്കരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിഡിയോ എടുത്ത് ഒരാള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ബസില്‍ 14 യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ചുപേര്‍ക്ക് ശുചിമുറിയില്‍ പോകാനായി ബസ് നിര്‍ത്തിയെന്നും ഈ സമയം രണ്ട് യാത്രക്കാര്‍ നമസ്‌കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അഞ്ച് മിനിറ്റ് അധികം നിര്‍ത്തുകയായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. എന്തെങ്കിലും തെറ്റ് ചെയ്തതായി കരുതുന്നില്ല. സസ്‌പെന്‍ഷനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരില്‍നിന്ന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിയെന്നും തിരക്കേറിയ ഹൈവേയില്‍ ബസ് നിര്‍ത്തി യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഡ്രൈവറെയും സഹ ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തതെന്നുമാണ് യു.പി.എസ്.ആര്‍.ടി.സി റീജനല്‍ മാനേജര്‍ (ബറേലി), ദീപക് ചൗധരി നല്‍കുന്ന വിശദീകരണം.

‘യുപിഎസ്ആര്‍ടിസിയുടെ ജനരഥ് ബസ് ശനിയാഴ്ച രാത്രി സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൗശാംബിയിലേയ്ക്ക് പോവുകയായിരുന്നു. കെ പി സിംഗ് ആണ് വാഹനം ഓടിച്ചിരുന്നത്, മോഹിത് യാദവ് ബസ് കണ്ടക്ടറായിരുന്നു,’ ബറേലി ഡിപ്പോയിലെ അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ (ARM) സഞ്ജീവ് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

രാംപൂരിന് മുമ്പ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാര്‍ മറുപടി ആവശ്യപ്പെട്ടപ്പോള്‍ രണ്ട് മുസ് ലിം യാത്രക്കാര്‍ ഇറങ്ങി റോഡില്‍ നമസ്‌കരിക്കുകയായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു.തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ എതിര്‍പ്പ് ഉന്നയിക്കുകയും അവരില്‍ ഒരാള്‍ സംഭവത്തിന്റെ വിഡിയോ എടുത്ത് ഞായറാഴ്ച പരസ്യമാക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

അതേസമയം, സസ്‌പെന്‍ഡ് ചെയ്ത രണ്ട് ജീവനക്കാര്‍ക്കും പിന്തുണയുമായി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. കൃത്യമായ അന്വേഷണമില്ലാതെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്നും അത്തരം പരാതികളില്‍ സമിതി രൂപവത്കരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം നടപടിയെടുക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഹരിമോഹന്‍ മിശ്ര പറഞ്ഞു. മറ്റ് യാത്രക്കാര്‍ക്കായാണ് ബസ് നിര്‍ത്തിയതെന്നും ഒപ്പം ഞങ്ങള്‍ക്ക് പ്രാര്‍ഥന നടത്താന്‍ സമയം നല്‍കിയതിന് ഇത്തരമൊരു നടപടി സ്വീകരിച്ചതില്‍ ആശ്ചര്യപ്പെടുന്നെന്നും ജീവനക്കാര്‍ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും യാത്രക്കാരിലൊരാളായ അഹമ്മദാബാദ് സ്വദേശി ഹുസൈന്‍ മന്‍സൂരി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.