2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

പാഠങ്ങൾ പിഴുതെറിഞ്ഞ് ഹിന്ദുത്വരാഷ്ട്രത്തിലേക്ക്!


നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയ്‌നിങ് (എൻ.സി.ഇ.ആർ.ടി) തയാറാക്കിയ 10ാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് ജനാധിപത്യത്തെക്കുറിച്ചുള്ള പാഠം നീക്കം ചെയ്തിരിക്കുന്നു. ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് 2 പുസ്തകത്തിലെ, ‘ജനാധിപത്യവും വൈവിധ്യവും’ എന്ന അധ്യായമാണ് നീക്കം ചെയ്തത്. ജനമുന്നേറ്റങ്ങൾ, രാഷ്ട്രീയപാർട്ടികൾ, ജനാധിപത്യത്തിന്റെ വെല്ലുവിളി തുടങ്ങിയ അധ്യായങ്ങളും പുസ്തകത്തിൽ ഇനി ഉണ്ടാകില്ല. 10ാം ക്ലാസ് സയൻസ് പുസ്തകത്തിൽനിന്ന് ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട അധ്യായം പൂർണമായി ഒഴിവാക്കി. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഭാഗം നീക്കാൻ തീരുമാനിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. 12ാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് ഗാന്ധി വധവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ആർ.എസ്.എസ് നിരോധനവുമായി ബന്ധപ്പെട്ട ഭാഗങ്ങളും നേരത്തെ നീക്കം ചെയ്തിരുന്നു.


ആറു മുതൽ 12ാം ക്ലാസ് വരെയുള്ള സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പരാമർശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടു. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടെ സുപ്രധാന പാഠഭാഗങ്ങളും നേരത്തെ നീക്കം ചെയ്തിരുന്നു. ഇൗ ഭാഗങ്ങൾ നീക്കം ചെയ്തുള്ള പുസ്തകമാണ് പുതിയ അധ്യയന വർഷം പുറത്തെത്തിയിരിക്കുന്നത്. ജനാധിപത്യം, പീരിയോഡിക് ടേബിൾ, പരിണാമം തുടങ്ങിയവയൊക്കെ ഹയർ സെക്കൻഡറി തലത്തിൽ അതതു വിഷയങ്ങൾ തെരഞ്ഞെടുക്കുന്നവർ പഠിച്ചാൽ മതിയെന്നാണ് എൻ.സി.ഇ.ആർ.ടി നിലപാട്. അമേരിക്കൻ മേധാവിത്വം ലോകരാഷ്ട്രീയത്തിൽ, ശീതയുദ്ധ കാലഘട്ടം എന്നീ രണ്ട് അധ്യായങ്ങളും 12ാം ക്ലാസിലെ പൗരശാസ്ത്ര പുസ്തകത്തിൽനിന്ന് നീക്കം ചെയ്തിരുന്നു. പൊളിറ്റിക്കൽ സയൻസിൽനിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം എന്നീ അധ്യായങ്ങൾ ഒിവാക്കി.
പതിനൊന്നാം ക്ലാസിലെ ലോക ചരിത്രമെന്ന പാഠപുസ്തകത്തിൽനിന്ന് സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്സ്, ഇൻഡസ്ട്രിയൽ റെവല്യൂഷൻ തുടങ്ങിയ അധ്യായങ്ങൾ നേരത്തെഎടുത്തുമാറ്റിയിരുന്നു. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തിൽനിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ എന്നീ വിഷയങ്ങളിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയുണ്ടായി. രാജ്യത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെല്ലാം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ സ്വീകരിച്ചിട്ടുള്ള സംസ്ഥാന ബോർഡുകളുമുണ്ട്. ജനാധിപത്യമെന്നത് ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ വൈദേശിക ആശയമാണെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. സംഘ്പരിവാർ പ്രകീർത്തിക്കുന്ന ആർഷഭാരത സങ്കൽപത്തിൽ ജനാധിപത്യം പോലുള്ള ആധുനിക സങ്കൽപത്തിന് സ്ഥാനവുമില്ല.


ജനാധിപത്യം രാജ്യത്ത് മാത്രമല്ല, പാഠപുസ്തകങ്ങളിലും ആവശ്യമില്ലെന്നാണ് ബി.ജെ.പി കരുതുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി നടത്തുന്ന ഈ അട്ടിമറികളെല്ലാം ആർ.എസ്.എസിന്റെ ഹിന്ദുത്വരാഷ്ട്രത്തിലേക്കുള്ള വഴികളായി കാണുന്നതാണ് ശരിയാവുക. 1999 മുതലാണ് സംഘ്പരിവാർ ചരിത്രത്തിലും പാഠപുസ്തകങ്ങളിലും അട്ടിമറി തുടങ്ങുന്നത്. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിൽ മുരളി മനോഹർ ജോഷിയായിരുന്നു മാനവ വിഭവശേഷി വകുപ്പ് മന്ത്രി. സ്‌കൂൾ, ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്കാണ് മുരളി മനോഹർ ജോഷി തുടക്കമിട്ടത്. ചരിത്രവുമായി വസ്തുതയില്ലാത്ത വിചിത്ര കഥകൾ ചരിത്ര പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചു. വേദഗണിതം, ജ്യോതിഷം പോലുള്ള വ്യാജ ശാസ്ത്രശാഖകൾ കോളജുകളെയും സർവകലാശാലകളെയും പാഠ്യപദ്ധതിയിൽ ഇടം പിടിക്കാൻ നിർബന്ധിച്ചു.
ജനാധിപത്യ വീക്ഷണം പുലർത്തുന്ന പുരോഗമന കാഴ്ചപ്പാടുള്ള ചരിത്രകാരൻമാർക്ക് സർക്കാരിന്റെ വിവിധ സമിതികളിൽനിന്ന് കൂട്ടത്തോടെ പടിയിറങ്ങേണ്ടിവന്നതും ആർ.എസ്.എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ ജെ.എസ് രാജ്പുട്ടിനെപ്പോലുള്ളവർ എൻ.സി.ഇ.ആർ.ടി ഡയരക്ടറായി അവരോധിക്കപ്പെട്ടതും ഇക്കാലത്താണ്. വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനെതിരേ അക്കാലത്തുയർന്നുവന്ന ശക്തമായ എതിർപ്പുകൾ ഇതിന്റെ വേഗം കുറച്ചെങ്കിലും ഇല്ലാതാക്കിയില്ല. പിന്നാലെ വന്ന യു.പി.എ സർക്കാരിന്റെ കാലത്തും തിരുത്തൽ നടപടികളുണ്ടായില്ല. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതോടെ വേഗം കൂടി. 2015ൽ അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രിമാരെ വിളിച്ചു വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വവത്കരണം ശക്തിപ്പെടുത്താൻ നിർദേശം നൽകി. അതേവർഷം ജൂലൈയിൽ എൻ.സി.ഇ.ആർ.ടി പുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അഞ്ച് ദിവസത്തെ ശിൽപശാലയും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഘ്പരിവാർ അനുകൂലികളായ വിദ്യാഭ്യാസ വിചക്ഷണരും ചരിത്ര ഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ) അംഗങ്ങളുമായിരുന്നു ശിൽപശാലയിൽ പങ്കെടുത്തത്. സിലബസുകളിൽ ഹിന്ദുത്വത്തിനും ഹൈന്ദവ സംസ്‌കാരത്തിനും അതിദേശീയതക്കും പ്രാമുഖ്യം കൊടുക്കുകയെന്നതായിരുന്നു അതിൽ ഉയർന്നുവന്ന നിർദേശം. ഇതിന്റെ തുടർച്ചയായുള്ള മാറ്റങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ചരിത്രമെന്ന പേരിൽ അവതരിപ്പിക്കുന്ന യുക്തിരഹിത കഥകളാണ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്റെ നെടുംതൂണായി ബി.ജെ.പി കാണുന്നത്.


വിയോജിക്കാനുള്ള സ്വാതന്ത്ര്യം അടിത്തറയാവുന്ന, മതേതരവും ബഹുസ്വരവുമായ ജനാധിപത്യമാണ് ഇന്ത്യ. അതിനുവേണ്ടിയാണ് ഗാന്ധിജി രക്തം ചിന്തിയത്. ജനാധിപത്യത്തിന്റെ നാശമായിരുന്നു ഗാന്ധിജിയെ ഇല്ലാതാക്കിയവരുടെ ലക്ഷ്യം. ജനാധിപത്യമെന്ന സങ്കൽപം രാജ്യത്ത് ഇല്ലാതാകുന്ന കാലത്തേക്ക് കാത്തിരിക്കരുത്. പാഠപുസ്തകങ്ങളിലെ അട്ടിമറിക്കെതിരേ മതേതര സമൂഹം ശക്തമായ നിലപാടുകൾ സ്വീകരിക്കണം. അതേസമയം നിയമപരമായ തെളിവുകളും സാധ്യതകളും പരിശോധിക്കേണ്ട സമയമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.