2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക മറ്റുകുട്ടികളെക്കൊണ്ട് അടിപ്പിച്ച സംഭവം; നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലിസ്

മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക മറ്റുകുട്ടികളെക്കൊണ്ട് അടിപ്പിച്ച സംഭവം; നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലിസ്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളില്‍ വെച്ച് മുസ്‌ലിം സമുദായത്തില്‍പെട്ട ആണ്‍കുട്ടിയെ തല്ലാന്‍ അധ്യാപിക ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളോട് പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപികയുടെ നടപടി വര്‍ഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോയില്‍ അധ്യാപിക വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചു

‘നിരപരാധികളായ കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂള്‍ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു.

ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ കത്തിക്കാനായി ഇതേ മണ്ണെണ്ണയാണ് ബി.ജെ.പി എല്ലായിടത്തും ഉപയോഗിക്കുന്നത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്, നമ്മള്‍ എല്ലാവരും ഒരുമിച്ച് സ്‌നേഹം പഠിപ്പിക്കണം,’ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്റ്റ് ചെയ്തു.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് നിഷ്ഠൂരമായ ഒരു വിദ്വേഷ ആക്രമണവാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്. എട്ട് വയസുള്ള മുസ്‌ലിം വിദ്യാര്‍ഥിയെ ക്ലാസില്‍ എല്ലാവര്‍ക്കും മുന്നില്‍ എണീറ്റു നിര്‍ത്തിക്കുകയും ബാക്കിയുള്ളവരോട് കുട്ടിയുടെ മുഖത്ത് അടിക്കാന്‍ ക്ലാസിലെ അധ്യാപിക ആവശ്യപ്പെടുകയും ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നത്.

മുസഫര്‍നഗര്‍ ജില്ലയില്‍ മന്‍സൂര്‍പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ത്രിപ്ത ത്യാഗി എന്നാണ് അധ്യാപികയുടെ പേര്. ക്ലാസിലെ ഏക മുസ് ലിം കുട്ടിയാണ് വിഡിയോയില്‍ കാണുന്ന ഇര. കുട്ടിയെ മറ്റു കുട്ടികള്‍ക്ക് മുന്നില്‍ നിര്‍ത്തിയാണ് ബാക്കിയുള്ളവരോട് വന്ന് അടിക്കാന്‍ പറയുന്നത്. ഞാന്‍ എല്ലാ മുസ്‌ലിം കുട്ടികളെയും അടിക്കുന്നുവെന്ന് അധ്യാപിക പറയുന്നതും മറ്റൊരാള്‍ പകര്‍ത്തിയ വിഡിയോയില്‍ കേള്‍ക്കാം.

വിഡിയോ പകര്‍ത്തിയയാള്‍ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. കുട്ടിയെ ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക വഴക്ക് പറയുന്നതും ദൃശ്യത്തിലുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിഷയത്തില്‍ മുസഫര്‍നഗര്‍ പൊലിസ് ഇടപെട്ടതോടെ വൈകീട്ട് അധ്യാപിക ക്ഷമാപണം നടത്തിയതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തില്‍ പരാതി കൊടുക്കുന്നില്ലെന്നും ഇനി കുട്ടിയെ ക്ലാസില്‍ പറഞ്ഞയക്കുന്നില്ലെന്നും പിതാവ് ഇര്‍ഷാദ് പറഞ്ഞു. പരാതി കൊടുത്തിട്ട് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.