
ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) മെഴുകുതിരി മാര്‍ച്ച് നടത്തിയ സംഭവത്തില്‍ മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ കേസെടുത്ത് യു.പി പൊലിസ്. ഐ.പി.സി 145, 188 വകുപ്പുകള്‍ പ്രകാരമാണ് 78 കാരനായ അസീസ് ഖുറേഷിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആറു മാസം മുന്‍പ് നടത്തിയ പരിപാടിക്കെതിരെയാണ് കേസ്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളുടെ ഗവര്‍ണറായിരുന്ന കോണ്‍ഗ്രസ് നേതാവ് അസീസ് ഖുറേഷി. കേസ് സംബന്ധിച്ച് മൊറാദാബാദ് പൊലിസ് തനിക്ക് നോട്ടീസ് നല്‍കിയെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. കേസില്‍ മൊഴില്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് നോട്ടീസെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും അഭിപ്രായംസ്വാതന്ത്ര്യം ഭരണഘടന നല്കുന്ന അവകാശമാണെന്നും അദ്ദേഹം പ്രതികരിച്ചു. മുസ്ലിംകളും മറ്റുള്ളവരെ പോലെ തന്നെ അവകാശങ്ങളുള്ള പൗരന്മാരാണെന്നും അതിനു വേണ്ടി യാചിക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.