
ലക്നൗ: പാര്‍ട്ടിയെ പിതാവിന്റെ കയ്യില്‍ നിന്ന് സ്വന്തമാക്കി, സ്വന്തമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, ഒടുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ ബുദ്ധിപൂര്‍വ്വം സ്വന്തമാക്കി. ഇപ്പോഴിതാ തങ്ങളുടെ എല്ലാമെല്ലാമാണ് മുലായം സിങെന്നു പറഞ്ഞ് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നു.
മാറിമറിയുകയാണ് യു.പി രാഷ്ട്രീയം. സമാജ്വാദി പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പു തന്നെയുണ്ടാക്കി ആദ്യ സ്ഥാനാര്‍ഥി നിര്‍ണയം. അച്ഛന് വേറെ മകന് വേറെയായി… പക്ഷെ, ഇനിയും ഒന്നിക്കാനുള്ള സാധ്യത മങ്ങിയിട്ടില്ലെന്നാണ് അഖിലേഷിന്റെ പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നത്.
കോണ്‍ഗ്രസുമായി വിശാലസഖ്യമുണ്ടാക്കിയാണ് എസ്.പി ഇപ്രാവശ്യം മത്സരിക്കുന്നത്. ബി.ജെ.പിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. അതിനു പക്ഷെ, പാര്‍ട്ടിയുടെ മുഖമായ മുലായം സിങിനെ ഒഴിവാക്കിയാല്‍ ചെറിയൊരു തിരിച്ചടിയുണ്ടാവുമെന്ന് അഖിലേഷിനറിയാം. എല്ലാം മുലായത്തിനു വിട്ടുകൊടുത്താല്‍ തന്റെ കൂടെയുള്ളവരെ ചൊടിപ്പിക്കേണ്ടിയും വന്നേക്കാം. തന്ത്രപൂര്‍വ്വമാണ് അഖിലേഷിന്റെ ഓരോ നീക്കവും.
അഖിലേഷിനേക്കാളും വലുപ്പത്തിലുള്ള മുലായത്തിന്റെ ഫോട്ടോ പതിച്ച പരസ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കൂടെക്കൂടാം, ഒന്നിച്ചുപോവാം എന്ന് ആഹ്വാനം ചെയ്യുന്ന രീതിയിലാണ് പോസ്റ്ററുകള്‍. അഖിലേഷിന്റെ വിളി മുലായം കേള്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.