ലക്‌നൗ: ഓക്‌സിജന്‍ ക്ഷാമമുള്‍പെടെ അനുഭവിക്കുന്നില്ലെന്ന് വാദിക്കുമ്പോഴും യോഗിയുടെ യു.പി കൊവിഡില്‍ ശ്വാസം മുട്ടുകയാണെന്ന് കാണിക്കുന്നതാണ് വാര്‍ത്തകള്‍. രാജ്യത്ത് കൊവിഡ് കെടുതി അനുഭവിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2.97 ലക്ഷത്തിലും മേലെയാണ് ഇവിടെ ആക്ടിവ് കേസുകള്‍. ആളുകള്‍ ആശുപത്രികള്‍ക്കു മുന്നില്‍ ബെഡുകള്‍ക്കും ഓക്‌സിജനുമായി പരക്കം പായുന്ന കാഴ്ചയാണ് എങ്ങും.
കഴിഞ്ഞ നാലു ദിവസമായി ഭാര്യ 53കാരി രശ്മിക്കു വേണ്ടി ഏതെങ്കിലും ഒരു ആശുപത്രിയില്‍ ഒരു ബെഡ് കിട്ടുമോ എന്ന പരക്കം പാച്ചിലിലാണ് ഞാന്‍. അനില്‍ ബാജ്‌പേയ് എന്നയാള്‍ പറയുന്നു. ഉദ്യോഗസ്ഥര്‍, ആശുപത്രികള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍, സുഹൃത്തുക്കള്‍ അങ്ങിനെ നിരവധി കാളുകള്‍. അവരുടെ ഓക്‌സിജന്‍ ലെവല്‍ ഞായറാഴ്ച മുതല്‍ 60ല്‍ താഴെയാണ്- അനില്‍ വിലപിക്കുന്നു. ബെഡ് ഒഴിവില്ലെന്നാണ് വിളിക്കുന്നവരെല്ലാം പറയുന്നത്- നിസ്സഹായനായി അനില്‍ പറയുന്നു.
പൊലിസിനുമില്ല യോഗിയുടെ യു.പിയില്‍ രക്ഷ. തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഡ്യൂട്ടിക്കിടെ രോഗബാധിതനായ 34കാരനായ കോണ്‍സ്റ്റബിള്‍ പറയുന്നത്. ജില്ലാ ഭരണകൂടത്തില്‍ നിന്ന് ഒരു സഹാവും ലഭിച്ചിട്ടില്ല. വീട്ടില്‍ ഇരുന്ന് ഓണ്‍ലൈനായി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണ്. പോസിറ്റിവ് ആണെന്ന റിസല്‍ട്ട് ലഭിക്കാത്തതിനാല്‍ സീനിയേഴ്‌സിനെ അറിയിക്കാനും കഴിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ ലക്ഷണങ്ങളും തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. ശനിയാഴ്ച മുതല്‍ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു തുടങ്ങി. ഒരു ലക്ഷം രൂപ നല്‍കിയാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
2,153 കേസുകളും 19 മരണവുമാണ് കാണ്‍പൂരില്‍ മാത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വരാണസിയില്‍ 2,057 കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബെഡുകളില്ലാതെയും വെന്റിലേറ്റര്‍ ലഭിക്കാതെയും മരണം കാത്ത് കിടക്കുന്നവര്‍ നിരവധിയാണ് സംസ്ഥാനത്ത്.
എന്നാല്‍ സംസ്ഥാനത്ത് ഒന്നിനും ക്ഷാമം നേരിടുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.
Comments are closed for this post.