സര്‍വകലാശാല ഓഫിസ് അറ്റന്‍ഡന്റ് പരീക്ഷ; എഴുതാന്‍ കഴിയാത്തവര്‍ക്ക് അവസരം
തിരുവനന്തപുരം• സംസ്ഥാനത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലെ ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് ഓഗസ്റ്റ് അഞ്ച്, 19, സെപ്റ്റംബര്‍ ഒമ്പത് തീയതികളില്‍ നടത്തിയ പൊതുപ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് പി.എസ്.സി വീണ്ടും അവസരം നല്‍കുന്നു.
അംഗീകൃത സ്ഥാപനങ്ങളുടെ പരീക്ഷയുണ്ടായിരുന്നവര്‍, ചികിത്സയിലായിരുന്നവര്‍, പ്രസവസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളില്‍ യാത്രാബുദ്ധിമുട്ടുള്ളവര്‍/ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍, പരീക്ഷാദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാര്‍ഥികള്‍, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 23ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുന്നതാണ്.
ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം പി.എസ്.സി ജില്ലാ ഓഫിസില്‍ നേരിട്ട് അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി ആസ്ഥാന ഓഫിസിലെ ഇ.എഫ് വിഭാഗത്തില്‍ നല്‍കണം. 16 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712546260, 246.
Comments are closed for this post.