2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

യു.എന്‍ മാറ്റിനിര്‍ത്തുന്ന ഇന്ത്യയില്‍ സംഭവിക്കുന്നത്


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെ രക്ഷാസമിതിയില്‍നിന്ന് എത്രകാലം മാറ്റിനിര്‍ത്തുമെന്നാണ് യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചത്. വളരെ ന്യായയുക്തമായ ചോദ്യമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. 135 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയെ യു.എന്നിന്റെ അധികാര സംവിധാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും നീതിരഹിതമാണ്.

യു.എന്നിന്റെ പ്രവര്‍ത്തനങ്ങളിലും നടപടിക്രമങ്ങളിലും കാതലായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. യു.എന്‍ സുശക്തമായി നിലനില്‍ക്കേണ്ടത് ലോകരാഷ്ട്രങ്ങളുടെ ക്ഷേമത്തിന് അനിവാര്യമാണ്. 75 വര്‍ഷം പാരമ്പര്യമുള്ള യു.എന്നില്‍ മതിയായ അധികാര പ്രാതിനിധ്യം ഇന്ത്യയ്ക്കുണ്ടാകണം. മാനവികതയുടെ ശത്രുക്കള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നതില്‍ ഇന്ത്യ ഒരിക്കലും മടിച്ചുനിന്നിട്ടില്ല. സമാധാനം, സുരക്ഷ, അഭിവൃദ്ധി എന്നിവയെ എപ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അനുഭവസമ്പത്ത് ലോകനന്മയ്ക്കായി ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ ശ്രവണസുന്ദരമായ പ്രസംഗമാണ് മോദി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയത്. തന്റെ സ്വതസിദ്ധമായ പ്രഭാഷണചാതുരി യു.എന്‍ ജനറല്‍ അസംബ്ലിയിലും ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍, വര്‍ത്തമാനകാല ഇന്ത്യയുടെ അവസ്ഥ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നിന്ന് എത്രയോ കാതം അകലെയാണെന്ന് ലോകത്തിനുതന്നെ ബോധ്യമായ കാര്യമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അദ്ദേഹം വിശേഷിപ്പിച്ച ഇന്ത്യയെ ഫാസിസം നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ആര്‍ക്കാണറിയാത്തത്. പാര്‍ലമെന്റിനെ നിശ്ചലമാക്കിയാണ് മോദി ഭരണകൂടം കോര്‍പറേറ്റുകള്‍ക്കുവേണ്ടി നിയമങ്ങള്‍ പടച്ചുവിടുന്നത്. ജനതയുടെ ഹിതമാണ് ജനാധിപത്യ സംവിധാനത്തിലൂടെ പൂത്തുലയേണ്ടത്. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ സംഭവിക്കുന്നതെന്താണ്? പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ചുരുട്ടിയെറിഞ്ഞല്ലേ രാജ്യസഭയില്‍ കാര്‍ഷിക ഭേദഗതി ബില്ലുകള്‍ പാസാക്കിയത്. ചര്‍ച്ചയും വോട്ടെടുപ്പുമില്ലാതെ പാസാക്കിയ ഈ നിയമങ്ങളുടെ പിതൃത്വമെങ്ങനെയാണ് നമ്മുടെ പാര്‍ല്ലമെന്ററി സമ്പ്രദായത്തിന് അവകാശപ്പെടാനാവുക. ഏകാധിപത്യത്തിന്റെ നിലപാടായിരുന്നില്ലേ രാജ്യസഭാ ചെയറില്‍നിന്ന് ഉണ്ടായത് ? കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശാധികാരങ്ങള്‍ ഏകപക്ഷീയമായി ചീന്തിയെറിയപ്പെട്ട ഒരു രാജ്യത്തെ എങ്ങനെയാണിപ്പോള്‍ ലോകം നോക്കുന്നത്. ആ കാഴ്ചപ്പാട് യു.എന്നിലും പ്രതിഫലിക്കുന്നുണ്ടാവില്ലേ.

സര്‍ക്കാര്‍ കവര്‍ന്നെടുത്ത അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കര്‍ഷകരും തൊഴിലാളികളും തെരുവില്‍ സമരമുഖത്താണ്. ജനാധിപത്യത്തെ മറയാക്കി ഫാസിസത്തിന്റെ തേരോട്ടമാണ് ഇന്നത്തെ ഇന്ത്യയില്‍ നടക്കുന്നത്. മൃഗീയ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തില്‍ രാഷ്ട്രത്തെ ഫാസിസത്തിലേക്കാണ് ഭരിക്കുന്ന പാര്‍ട്ടി നയിക്കുന്നത്. ഭരണഘടനയെയും പാര്‍ലിമെന്റിനെയും നോക്കുകുത്തിയാക്കി ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ട് കര്‍ഷകരെയും തൊഴിലാളികളെയും തെരുവുതെണ്ടികളാക്കുന്ന ഏഴു ബില്ലുകളാണ് ഭരണകൂടം പാസാക്കിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് യു.എന്നില്‍ ഊറ്റംകൊള്ളുമ്പോഴും രാജ്യത്തെ പാര്‍ലമെന്ററി സമ്പ്രദായം കശക്കിയെറിയപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനാധിപത്യത്തിന്റെപേരില്‍ അരങ്ങേറിയ അസംബന്ധ നാടകത്തിന് ലോകംതന്നെ സാക്ഷിയായതല്ലേ. പണ്ടൊക്കെ ഇത്തരം കാര്യങ്ങള്‍ ലോകദൃഷ്ടിയില്‍നിന്ന് മറച്ചുവയ്ക്കാമായിരുന്നു. വിവരസാങ്കേതികവിദ്യ അതിശയകരമാംവിധം വികസിച്ച ഈ കാലത്ത് ജനാധിപത്യത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ച പാര്‍ലിമെന്റില്‍ നടന്ന കാര്യങ്ങളൊക്കെയും യു.എന്നിന്റെ ശ്രദ്ധയിലും പെട്ടിരിക്കുമല്ലോ.

നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹി വംശഹത്യയുടെ പേരില്‍ വേട്ടക്കാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സമുന്നതരായ രാഷ്ട്രീയ നേതാക്കളെയും പ്രതികളാക്കുന്ന കുറ്റപത്രനിര്‍മാണം നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഗോലിമാരോ എന്നാക്രോശിച്ച ഹിന്ദുത്വ ഭീകരര്‍ നിര്‍ഭയം വിലസുകയും ചെയ്യുന്നു.

ഡല്‍ഹി വംശഹത്യാക്കേസില്‍ ഇരയാക്കപ്പെട്ട മറ്റൊരു മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഇന്ന് ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. സമുന്നതരായ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹി വംശഹത്യാ കേസില്‍ പ്രതികളാണ്. ഉമര്‍ ഖാലിദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ നോം ചോംസ്‌കി അടക്കം 208 പ്രമുഖരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഡല്‍ഹി വംശഹത്യയുടെ പേരില്‍ നടക്കുന്നത് പൊലിസ് അന്വേഷണമല്ലെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന വേട്ടയാടലാണെന്നും ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഉമര്‍ ഖാലിദിനെ ഭീകരനാക്കുന്നത് അദ്ദേഹം സര്‍ക്കാരിനെതിരേ സംസാരിക്കുന്നതുകൊണ്ട് മാത്രമല്ല, മുസ്‌ലിമായതിനാലും കൂടിയാണെന്ന അന്താരാഷ്ട്ര ബുദ്ധിജീവികളുടെ വിലയിരുത്തല്‍ ശുഭോദര്‍ക്കമാണ്.

യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം വേണമെന്ന ആവശ്യം തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടതാണ്. കാലം മാറുന്നതിനനുസരിച്ച് യു.എന്‍ ചട്ടങ്ങളും നിയമങ്ങളും മാറേണ്ടതുണ്ട്. പക്ഷേ, ഈ ആവശ്യം ഇന്നത്തെ ഭരണകൂടം ജനാധിപത്യരാഷ്ട്രത്തിന്റെ മേന്മപറഞ്ഞ് ആവശ്യപ്പെടുന്നതില്‍ വിരോധാഭാസമുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.