2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൊഴിലില്ലായ്മ: പ്രശ്‌നവും പരിഹാരവും

ഹിലാല്‍ ഹസ്സന്‍

 

കേരളത്തില്‍ മൂന്ന് കോടി 45 ലക്ഷം ജനങ്ങളുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 23 ശതമാനം വരും യുവതീ യുവാക്കള്‍. അതില്‍
21.7 % ഗ്രാമങ്ങളിലും 18% നഗരങ്ങലിലുമാണ്. ഉത്പാദകമായ (Productive) ആയ യുവതയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക ചാലക ശക്തി. ഇവര്‍ നിഷക്രിയരായി നില്‍ക്കുമ്പോല്‍ വഴിതെറ്റുകയും ചിലപ്പോള്‍ ക്രിമിനലുകള്‍ ആയി തീരുകയും ചെയ്യും. പൊടുന്നനെ ഉള്ള പണ സമ്പാദ്യത്തിനുള്ള വഴികള്‍ അന്വേഷിക്കുകയും ചിലര്‍ സ്വര്‍ണ ക്കടത്ത് കാരായോ , മയക്കു മരുന്ന് വില്‍പ്പന നടത്തുന്നവരായോ മാറാറുമുണ്ട് . ചിലര്‍ മയക്കു മരുന്നിനോ മദ്യത്തിനോ അടിമകളായി മാറുന്നു.

കേരളത്തിലെ തൊഴില്‍ വകുപ്പ് മന്ത്രി അസ്സംബ്ലിയില്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കിയ കണക്കനുസരിച്ചു സംസ്ഥാനത്ത് 3625852 തൊഴില്‍ അന്വേഷകര്‍ ഉണ്ട്. ഇതില്‍ 2300139 വനിതകളും 1325713 പുരുഷന്മാരുമാണ്. 56 ശതമാനം പത്താം ക്ലാസ്സ് വിദ്ധ്യാഭ്യാസവും,23 ശതമാനം എച്ച എസ് സി യുമാണ്. 3,31,192 ബിരുധം ഉള്ളവരും , 94,590 ബിരുദാനന്തര ബിരുധം ഉള്ളവരും ,
7303 മെഡിക്കല്‍ ബിരുധധാരികളു , 12,006 നഴ്‌സിംഗ് ബിരുധ ധാരികളും, 44,559 എഞ്ചിനീയറിംഗ് ബിരുധ ധാരികളുമാണ്. തൊഴിലില്ലയ്മയുടെ കണക്കില്‍ നമുക്ക് മുകളില്‍ സിക്കിമും ത്രിപുരയുമേ ഉളളൂ .

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി കാത്തിരിക്കുന്നവരും. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നു കാത്തിരിക്കുന്ന പലരെയും നമുക്ക് കാണാന്‍ കഴിയും. 2018 ലെ കണക്കാനനുസരിച്ചു കേരളത്തില്‍ 11.73 ലക്ഷം തൊഴിലാളികളാണ് സംഘടിത വിഭാഗത്തിലുള്ളത്. അതില്‍ സംസ്ഥാന ജീവനക്കാര്‍ 46.2 ശതമാനവും,ബാക്കി 10.5ശതമാനം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും കൂടാതെ തദ്ദേശ സ്വയംവകുപ്പ് , സംസ്ഥാന ക്വാസി സര്‍ക്കാര്‍,എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബാക്കി നല്ല ഒരു വിഭാഗം സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

 

ആദ്യ കാലങ്ങളില്‍ തൊഴില്‍ മെഖലയിലെ, തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്നെതിരായി ശക്തി പ്രാപിച്ച ട്രേഡ് യൂനിയന്‍ ക്രമേണ വ്യാപാര മേഖലയെ നിശ്ചലാവസ്ഥയിലേക്ക് എത്തിക്കുന്ന സ്ഥിതിയുണ്ടായി. ഏതു സംഘടിത ശക്തിക്കും വിലപേശാവുന്ന അവസ്ഥയായി. പ്രതിരോധമെന്ന നിലയില്‍ 1984 ല്‍ വ്യാപാരി വ്യവസായികളും സംഘടിച്ചു ഒരു ശബ്ദമായി. കുറെയൊക്കെ അതു ഉപകരിച്ചു എന്നു വേണം കരുതാന്‍. എന്തിനും ഏതിനും തോന്നുമ്പോള്‍ സമരം എന്നുള്ളത് മാറി ഒരു വ്യവസ്ഥയോടെ അവകാശ സംരക്ഷണം വന്നു. തൊഴിലുടമകള്‍ക്ക് സംസ്‌കാര സമ്പന്നമായ, മനുഷ്യാവകാശ സംരക്ഷണ നിലപാടിലേക്കുള്ള പരിവര്‍ത്തനം വന്നതായും കാണാന്‍ കഴിയും.

70 കളില്‍ ട്രാക്ടര്‍ കൊണ്ടു വന്നപ്പോല്‍, ഉണ്ടായ ചെറുത്തു നില്‍പ്പ് ഒരു നിലക്ക് അന്നത്തെ സാഹചര്യത്തില്‍ ചിലപ്പോള്‍ നീതികരിക്കാവുന്നതാകാം. ഒരു ‘ട്രാക്ടര്‍ മണിക്കൂര്‍’ , ദരിദ്ര രാഷ്ട്രമായിരുന്ന നമ്മളുടെ ഏറ്റവും താഴെ തട്ടിലുള്ള കര്‍ഷകതൊഴിലാളികള്‍ പട്ടിണിയിലാകാം എന്നുള്ള ഉത്കണ്ഠ സ്വാഭാവികമാണ്. 80 കളില്‍ കംപ്യൂട്ടര്‍ വല്‍ക്കരണ സമയത്തും പൊടുന്നനെ ഉള്ള തൊഴില്‍ നഷ്ടം ആശങ്ക ഉണ്ടാക്കിയിരിക്കാം. എന്നാല്‍ വേണ്ടിയിരുന്നത് സംസ്ഥാനത്തിന് വികസനത്തിന്റെ വേഗതയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടേക്കാവുന്നവരെ ആദ്യം തന്നെ കരുതലോടെ സംരക്ഷിച്ചു, നൂതനമായ ആശയങ്ങള്‍ നടപ്പിലാക്കുക തന്നെയാണ്. പുതിയ രീതിയിലുള്ള തൊഴിലവസരങ്ങളോടെയുള്ള, കാലം ആവശ്യപ്പെടുന്ന വേഗത യോടെയുള്ള ഭരണ രീതി തന്നെയാണ്.

നമ്മുടെ സംസ്ഥാനം വ്യാവസായിക സംരംഭക സൗഹൃദമല്ല എന്നു പരക്കെ പറയപ്പെടുമ്പോള്‍ തന്നെ, നമ്മള്‍ വീട്ടില്‍നിന്നും പുറത്തിറങ്ങിയാല്‍ കാണുന്ന ചെറിയ കടകള്‍ മുതല്‍, ഓട്ടോ, ബസ്,സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുതും വളരെ വലുതുമായ തുണിക്കടകള്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍, ചെറുതും വലുതുമായ ആശുപത്രികള്‍ ഹോട്ടലുകള്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കൃഷി ഇടങ്ങളില്‍, കയര്‍, കശുവണ്ടി, ബീഡി തൊഴിലാളികള്‍ ,ഐടി മേഖലയില്‍,അങ്ങിനെ നാനാതുറകളിലായി അനേക ലക്ഷങ്ങള്‍ ജോലി ചെയ്തു വരുന്നു. അനേകായിരം പേര്‍ക്ക് ജോലി കൊടുക്കുന്ന സ്വകാര്യ മേഖലയിലെ ആഗോള പ്രശസ്തമായ വന്‍ ബ്രാന്‍ഡുകള്‍ നമുക്ക് ഉണ്ട്. മില്‍മ, ഈസ്റ്റേണ്‍, വി ഗാര്‍ഡ്, കൃഷ്ണ തുളസി, കിറ്റെക്‌സ്,വി കെ സി,പോപ്പി,പങ്കജ് കസ്തുരി,സ്‌കൂബി ഡേ,അന്ന,കൈരളി ടി എം ടി ,ധാത്രി എന്നിങ്ങനെ നിരവധിയുണ്ട്. കൂടാതെ അനേകായിരങ്ങള്‍ക്ക് ജോലി നല്‍കുന്ന അനവധി ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ വേറെയുമുണ്ട്.

36 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. ഒരു തൊഴില്‍ അവസരം ഉണ്ടാകാന്‍ എത്ര രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് വേണം എന്ന് ശാസ്ത്രീയമായി തിട്ടപ്പെടുത്തി അത്രയും രൂപയുടെ നിക്ഷേപം സ്വകാര്യ മേഖലയില്‍ നിന്നു സമയ ബന്ധിതമായി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കണം. ഉദാഹരണമായി ഐടി മേഖലയില്‍ അമ്പതിനായിരം തൊഴില്‍ അവസരമാണ് വേണ്ടതെങ്കില്‍, ഒരു തൊഴില്‍ അവസരത്തിനു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാന്‍ നാലു ലക്ഷം രൂപ . എങ്കില്‍ 2000 കോടിയുടെ നിക്ഷേപം കൊണ്ടുവരണം. അങ്ങിനെ മറ്റ് തൊഴലവസരങ്ങള്‍ക്കും ആനുപാതികമായി വേണ്ട നിക്ഷേപം കൊണ്ടു വരണം. ഇങ്ങിനെ ലക്ഷ്യം വച്ചുള്ള ശ്രമങ്ങളാണ് സംസ്ഥാനത്തിനായി കാലം ആവശ്യപ്പെടുന്നത്.

 

അനുയോജ്യമായ പരിഷ്‌കരണവും ആധുനിക വല്‍ക്കരണവും തൊഴില്‍ വകുപ്പിലും വ്യവസായ വകുപ്പിലും ഉണ്ടാകണം. എല്ലാ ജില്ലയിലേയും വ്യവസായ വകുപ്പിന്റെ ഓഫീസില്‍ നിന്നും, പ്രോത്സാഹന ജനകവും വ്യക്തവുമായ സഹായം ലഭിക്കണം.’സര്‍ക്കര്‍ കാര്യം മുറപോലെ ‘ യുടെ മുറ അങ്ങിനെയുള്ള ഒന്നായി മാറണം

പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്ന സംരംഭങ്ങളും തൊഴില്‍ മേഖലകളും സമാന്തരമായി ഉണ്ടാകേണ്ടതുണ്ട്. കുടുംബശ്രീ പോലെയുള്ള വനിതകളുടെ കൂട്ടായ്മ സേവന മേഖലയില്‍ അനേകം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നു.’കുടുംബശ്രീ ഉന്നതി’ എന്ന പേരില്‍ ഐടി മേഖലയിലും പ്രവര്‍ത്തിക്കുന്നു. ചെറിയ മുതല്‍ മുടക്കില്‍ കൂടുതല്‍ പെര്‍ക്കു ജോലി ലഭിക്കുന്ന നമ്മുടെ കുടുംബശ്രീ സംരംഭങ്ങല്‍ വളരെ പ്രശംസ അര്‍ഹിക്കുന്നു. വനിതകള്‍ സമ്പാദിക്കുന്ന അംഗം ( earning member )ആയി വരുന്നത് പ്രത്യകിച്ചു താഴെ തട്ടിലുള്ളവര്‍ക്ക് രണ്ടറ്റവും മുട്ടിക്കാന്‍ ഇടവരുത്തും. നല്ല ജീവിത നിലവാരത്തിന് തന്നെ ഉതകുമാറാകും. കുടുംബശ്രീ മാതൃകയില്‍ എല്ലാ തലത്തിലുമുള്ള സ്ത്രീകള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള മേഖലയിലെ ജോലി ഏറ്റെടുക്കുന്ന സാധ്യത തേടാവുന്നതാണ്. സ്ത്രീകള്‍ കൂടുതല്‍ മേഖലയിലേക്ക് വരണം. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ചലനം ഉണ്ടാക്കും.സഹകരണ മേഖലയിലും വളരെ വിജയം നേടിയ സംരംഭങ്ങള്‍ ഉണ്ട്.ആ നിലയിലും തൊഴിലവസരങ്ങള്‍ ഉണ്ടാകണം .

36 ലക്ഷം തൊഴില്‍ അന്വേഷകര്‍ ഉള്ളപ്പോള്‍ തന്നെയാണ് കേരളത്തിന് പുറത്തു നിന്നുള്ള 25 ലക്ഷത്തിനു മേലെ അതിഥി തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്‌യുന്നത്. അവര്‍ ഇവിടെ ചെയ്യുന്ന ജോലികള്‍ നിര്‍മ്മാണ മേഖലയില്‍ ഹോട്ടലുകളില്‍, തയ്യല്‍,പ്ലൈ വുഡ് പോലെയുള്ള ഫാക്ടറികളില്‍ എന്നിങ്ങനെ ആണ്. ഇതേ ജോലിക്കു ഗള്‍ഫ് രാജ്യങ്ങളിലെ തത്തുല്യമായ വേതനം തന്നെ ആണ് അവര്‍ക്ക് ഇവിടെ ലഭിക്കുന്നത് .പണ്ടൊക്കെ നമ്മള്‍ ഇവിടെ ഇത്തരം ജോലികള്‍ ചെയ്തിരുന്നു. ക്രമേണ സ്വന്തം നാട്ടില്‍ ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നതില്‍ ജാള്യത വന്നത് പോലെ. കൂടാതെ തയ്യല്‍ ജോലി പോലെയുള്ള കൂടുതല്‍ സമയം മുറിക്കകത്തു ഇരുന്നു ജോലി ചെയ്യാന്‍ മലയാളികളെ കിട്ടാതായി .ജോലി അന്വേഷിച്ചു കേരളത്തിന് പുറത്തു പോയിട്ടുള്ള മലയാളികള്‍ 34 ലക്ഷത്തിനു മുകളിലാണ്. ഈ കണക്കുകളൊക്ക നമ്മളുടെ കണ്ണു തുറപ്പിക്കുകയും മാറ്റി ചിന്തിപ്പിക്കുകയും ചെയ്യേണ്ടതാണ് .

സോഷ്യല്‍ മീഡിയയില്‍ അഭിരമിച്ചിരിക്കുന്നവരാണ് നമ്മളുടെ യുവാക്കള്‍ എന്നു പരിഭവിച്ചിരിക്കുമ്പോഴാണ് വെള്ള പ്പൊക്കങ്ങളിലും, മറ്റു പ്രകൃതി ദുരന്ത സമയങ്ങളിലൊക്കെയും ലോകത്തിന് മാത്രകയായി സേവന സന്നദ്ധരായി മാറി നമ്മുടെ യുവത.

കുറച്ചു കാലങ്ങളായി ചെറുപ്പക്കാര്‍ക്കിടയില്‍ വന്നു മാറ്റം നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒരു പോസിറ്റീവ് മനോഭാവം പല പുതിയ മേഖലകള്‍ അവര്‍ കണ്ടെത്തുന്നു. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട് അപ്പ്കള്‍ ഓണ്‍ ലൈന്‍ വഴി ആയി സ്വന്തമായി ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. മൊബൈല്‍ ഷോപ്പുകള്‍, ചായ/കാപ്പി കടകള്‍, ഒല, ഉബര്‍ എന്നീ കാള്‍ ടാക്‌സി ഓടിക്കുന്നു. വിദ്യാത്ഥികള്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു.

ഇപ്പോള്‍ കോവിഡ് നിയന്ത്രണത്തില്‍ അയവു വന്ന അന്നു മുതല്‍ വളരെ സജീവമായി പ്രതികൂല കാലാവസ്ഥയില്‍ പോലും ഭക്ഷണവും മറ്റും നമ്മള്‍ക്കെത്തിക്കുന്ന സ്വിഗ്ഗി, സോമറ്റോ,പോറ്റാഫോ മുതലായ സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്യുന്നവര്‍. എണ്ണത്തില്‍ കുറവെങ്കിലും ഇതു ഒരു പുതിയ പ്രതീക്ഷ നല്‍കുന്ന തൊഴില്‍ സംസ്‌കാരമാണ്. ഇതു അണഞ്ഞു പോകാന്‍ അനുവദിക്കരുത് ഇത് ഒരു മനോഭാവ മാറ്റമാണ് (attitude change ). എന്തു ജോലിയും സ്വന്തം നാട്ടില്‍ തന്നെ ചെയ്യും എന്ന ഈ മാറ്റം, സങ്കോചമില്ലാത്ത സന്നദ്ധത, അഭിനന്ദനാര്‍ഹമാണ്.

നിര്‍മ്മാണ മേഖലയിലോ തയ്യല്‍ മേഖലയിലോ ഏതു മേഖലയിലോ ആകട്ടെ ജോലിയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നൂതനമായ ഉപകരണങ്ങള്‍ ഉപയോഗിച്ചു ശാസ്ത്രീയമായ രീതിയില്‍ ആയാസത്തോടെയും സുരക്ഷിതമായും ജോലി ചെയ്യാനുള്ള നൈപുണ്യം നല്‍കണം . ഹൃസ്വമായതോ , സായാഹ്‌ന ക്ലാസ്സുകളായോ നല്‍കാവുന്നതാണ് . ഐടിഐ കളും പോളി ടെക്‌നിക്കളും ഇന്നത്തേയും ഭാവിയിലേയും ജോലി ലഭ്യമാകുന്ന രീതിയിലുള്ള പാഠ്യ പദ്ധതികളും പരിശീലനങ്ങളും നല്‍കണം.

ഇതിനായി സര്‍ക്കാരിനു പല പദ്ധതികള്‍ ഉണ്ട്. പക്ഷെ വേണ്ട രീതിയില്‍ ജനങ്ങളില്‍ അവബോധം ഇല്ല.വാര്‍ഡ് തലത്തിലും വിദ്യാലയങ്ങള്‍ വഴിയും ബോധ വല്‍കരിക്കണം നല്‍കണം. സര്‍ക്കാര്‍ ലക്ഷ്യ പ്രാപ്ത്തിക്കായി സജീവമായി തുടര്‍ നടപടികള്‍ ചെയ്യേണ്ടതുണ്ട്.

ഏതൊരു സ്ഥാപനത്തിനെന്ന പൊലെ സംസ്ഥാനത്തിനും കാര്യക്ഷമതയുള്ള ഭരണാധികാരികള്‍ ഒരു ഭാഗ്യമാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ സമയ ബന്ധിതമായി തുടങ്ങണം. എപ്പോഴോ എന്നല്ല ഇപ്പോള്‍ തന്നെ നേടിക്കൊടുക്കുക. എത്ര പെട്ടെന്ന് ഒരുക്കി കൊടുത്തു എന്നുള്ളതായിരിക്കണം സര്‍ക്കാരിന്റെ കാര്യക്ഷമത അളക്കുന്ന ഒരു അളവ് കോല്‍. യുവത നമ്മുടെ ഉത്തരവാദിത്തവും പ്രതീക്ഷയുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.