
യു.എന്‍: ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ തീരുമാനത്തെ തള്ളി യു.എന്‍ പൊതുസഭ. പ്രഖ്യാപനത്തിനെതിരെ പൊതുസഭയില്‍ (ജനറല്‍ അസംബ്ലി) വോട്ടിനു വച്ച പ്രമേയത്തിന് അനുകൂലമായി 128 അംഗരാജ്യങ്ങള്‍ വോട്ടുചെയ്തു. 193 അംഗ സഭയിലെ ഒന്‍പതു പേര് മാത്രമാണ് എതിര്‍ത്ത് വോട്ടുചെയ്തത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
|
അമേരിക്കയുടെ ഭീഷണികള്‍ മറികടന്നാണ് 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. ട്രംപിന്റെ തീരുമാനത്തിനെതിരെ ശക്തമായ താക്കീത് നല്കാന് വോട്ടെടുപ്പിലൂടെ ഫലസ്തീന് അനുകൂല രാജ്യങ്ങള്‍ക്കായി. ഈജിപ്തിന്റെയും തുര്‍ക്കിയുടെയും നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്.
അമേരിക്കയുടെ ഭീഷണി
”അവര്‍ നൂറുകണക്കിന് മില്യണ്‍ ഡോളറുകള്‍ കൈപ്പറ്റുകയും തങ്ങള്‍ക്കെതിരെ വോട്ടുചെയ്യുകയും ചെയ്യുന്നു. തങ്ങള്‍ക്കെതിരെ വോട്ടു ചെയ്യുന്നവരെ വീക്ഷിക്കുന്നുണ്ട്”- വോട്ടെടുപ്പിനു തൊട്ടുമുന്‍പ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
നേരത്തെ, പ്രമേയം യു.എന്‍ സുരക്ഷാ സമിതിയില്‍ വോട്ടിനിട്ടപ്പോള്‍ അമേരിക്ക വീറ്റോ ചെയ്തിരുന്നു. 14 രാജ്യങ്ങളും അനുകൂലമായി വോട്ടുചെയ്തപ്പോഴാണ് അമേരിക്ക മാത്രം വീറ്റോ ഉപയോഗിച്ച് എതിര്‍ത്തത്. അതിനു ശേഷം ഭീഷണിയുടെ സ്വരമായിരുന്നു അമേരിക്കയ്ക്ക്. തങ്ങള്‍ക്കെതിരെ വോട്ടു ചെയ്യുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെയും ഭീഷണിപ്പെടുത്തിയിരുന്നു.
അതേനാണയത്തില്‍ തിരിച്ചടിച്ച ഉര്ദുഗാന്
എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് പുല്ലുവില കല്‍പ്പിക്കുന്നതായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പ്രതികരണം. ഡോളറുകള്‍ കൊണ്ട് തുര്‍ക്കിയുടെ ജനാധിപത്യം വിലയ്ക്ക് വാങ്ങാനാവില്ലെന്നും ലോക രാജ്യങ്ങള്‍ ശക്തമായ പാഠം പഠിപ്പിക്കണമെന്നും ഉര്ദുഗാന് ആഹ്വാനം ചെയ്തിരുന്നു.
”മിസ്റ്റര്‍ ട്രംപ്, നിങ്ങളുടെ ഡോളറുകള്‍ കൊണ്ട് തുര്‍ക്കിയുടെ ജനാധിപത്യത്തെ വാങ്ങാനാവില്ല. ഞങ്ങളുടെ തീരുമാനം വ്യക്തമാണ്”- ഉര്ദുഗാന് പ്രസ്താവിച്ചു.
ട്രംപിന്റെ പ്രഖ്യാപനം
ഡിസംബര്‍ ആറിനായിരുന്നു ട്രംപിന്റെ വിവാദ പ്രഖ്യാപനം. ജറൂസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുകയാണെന്ന് അറിയിക്കുകയുമായിരുന്നു. പിന്നാലെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനത്തിനെതിരെ വിയോജിപ്പുമായി രംഗത്തെത്തി.