2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു, ഇനിയെങ്കിലും അവസാനിപ്പിക്കൂ’ ഇസ്‌റാഈലിനോട് വെടിനിര്‍ത്തല്‍ ആവശ്യം ആവര്‍ത്തിച്ച് ഗുട്ടെറസ്

‘ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു, ഇനിയെങ്കിലും അവസാനിപ്പിക്കൂ’ ഇസ്‌റാഈലിനോട് വെടിനിര്‍ത്തല്‍ ആവശ്യം ആവര്‍ത്തിച്ച് ഗുട്ടെറസ്

ന്യൂയോര്‍ക്ക്: ഇസ്‌റാഈലിനോട് ഗസ്സയിലെ വെടിനിര്‍ത്തല്‍ ആവശ്യം ആവര്‍ത്തിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ‘ ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. യുദ്ധം തുടങ്ങിയതു മുതല്‍ 4,100 ലേറെ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നു’ ന്യൂയോര്‍ക്ക് സിറ്റിയിലെ യുഎന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

‘ദിവസവും നൂറുകണക്കിന് ആൺകുട്ടികളും പെൺകുട്ടികളും കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘർഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ മാധ്യമപ്രവർത്തകർ നാലാഴ്ചയ്ക്കുള്ളിൽ ഗസ്സയിൽ കൊല്ലപ്പെട്ടു. നമ്മുടെ സംഘടനയുടെ (യു.എൻ) ചരിത്രത്തിൽ മറ്റേത് ഘട്ടത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ജീവനക്കാർ ഗസ്സയിൽ കൊല്ലപ്പെട്ടു. കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും ഉടൻ വെടിനിർത്തൽ വേണമെന്നതിന് ഊന്നൽ നൽകുന്നു’ ഗുട്ടെറസ് പറഞ്ഞു.

‘ആശുപത്രികൾ, അഭയാർത്ഥി ക്യാമ്പുകൾ, പള്ളികൾ, ചർച്ചുകൾ, അഭയകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള യുഎൻ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടത്തുന്നു. അവിടെ ആരും സുരക്ഷിതരല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നത്. ഇൻകുബേറ്ററുകളിൽ കഴിയുന്ന നവജാത ശിശുക്കളും ലൈഫ് സപ്പോർട്ടിലുള്ള രോഗികളും ആശുപത്രികളിൽ ഇന്ധനമില്ലാത്തതിനാൽ മരിക്കും. ഇത് മനുഷ്യരാശിയുടെ പ്രതിസന്ധിയാണ്’ ഗുട്ടെറസ് പറഞ്ഞു.

   

‘അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ പച്ചയായ ലംഘനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണം. ആരും നിയമത്തിന് അതീതരല്ല. വെടിനിർത്തൽ ഉടൻ നടപ്പാക്കണം. ഗസ്സയിൽ ബന്ദികളാക്കകിയവരെ ഉടൻ മോചിപ്പികകണം. സിവിലിയന്മാരെ മനുഷ്യ കവചങ്ങൾ ആയി ഉപയോഗിക്കുന്നതും ഇസ്‌റാഈലിന് നേരെ റോക്കറ്റുകൾ വിക്ഷേപിക്കുന്നതും ഹമാസ് നിർത്തണം’ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽനിന്ന് സംഭവിച്ചതല്ലെന്ന് നേരത്തെ യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

നിലവിൽ ഗസ്സയിൽ ലഭിക്കുന്ന മാനുഷിക സഹായം തുലോംതുച്ഛമാണെന്ന് അദ്ദേഹം പറഞ്ഞു. റഫ അതിർത്തി വഴി കടത്തിവിടുന്ന ട്രക്കുകളുടെ എണ്ണം ഗസ്സയുടെ അടിയന്തര ആവശ്യങ്ങൾ പൂർത്തീകരിക്കാൻ അപര്യാപ്തമാണ്. 2.7 ദശലക്ഷം ഫലസ്തീനികളെ സഹായിക്കുന്നതിനായി 1.2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് യു.എൻ തുടക്കമിട്ടതായി ഗുട്ടെറസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.