2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉംറ തീർത്ഥാടനം: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം തീർത്ഥാടകർ എത്തും, ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

ഏതൊക്കെ വിദേശ രാജ്യങ്ങൾക്കാണ് അനുമതിയെന്നത് മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും

അബ്ദുസ്സലാം കൂടരഞ്ഞി

    മക്ക: അടുത്ത മാസം ആരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാസങ്ങൾക്കു മുമ്പ് നിർത്തിവെച്ച ഉംറ തീർത്ഥാടനം പൂർണമായി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ അനുവദിക്കുന്നത്. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ ആദ്യ ഘട്ടത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്, ഉംറ ദേശീയ കമ്മിറ്റി അംഗവും മക്ക ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിലെ ഹോട്ടൽ കമ്മിറ്റി അംഗവുമായ ഹാനി അലി അൽഉമൈരി പറഞ്ഞു. 

    വിദേശ ഉംറ തീർഥാടകരുടെ ബുക്കിംഗ് ആരംഭിക്കുന്നതിന് 6,500 ഓളം വിദേശ ഉംറ ഏജൻസികളും 32 സൈറ്റുകളും പോർട്ടലുകളും ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്. വിദേശ ഉംറ തീർഥാടകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാൻ 531 ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതി നൽകുകയെന്നതിൽ ഇത് വരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ഉടൻ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ സഊദിയിലേക്ക് നേരിട്ടുള്ള പ്രവേശന നിയന്ത്രണങ്ങളുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈ ഘട്ടത്തിൽ അനുമതി ഉണ്ടാകുകയില്ലെന്നാണ് വിവരം.

     കൊവിഡ് വ്യാപന കണക്കുകൾ അവലോകനം ചെയ്ത ശേഷമായിരിക്കും ആരോഗ്യ മന്ത്രാലയം പ്രഖ്യാപനം നടത്തുക. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെയും ആഭ്യന്തര തീർഥാടകരെയും സ്വീകരിക്കാൻ മക്കയിൽ വിശാലമായ സൗകര്യങ്ങളാണുള്ളത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായ 2,70,000 ലേറെ മുറികലൾക്കൊള്ളുന്ന 1,200 ലേറെ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ 18 മുതൽ ആരംഭിച്ച രണ്ടാം ഘട്ടം പ്രതിദിനം 15000 തീർത്ഥാടകർ എന്ന നിലയിൽ പുരോഗമിക്കുകയാണ്. ഇത് വരെ തീർത്ഥാടകർക്കിടയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലയെന്നത് മന്ത്രാലയത്തിന് ആത്മ വിശ്വാസം നൽകുന്നുണ്ട്. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.