2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒടുവിൽ പത്ത് വർഷത്തിന് ശേഷം ഉമ്മർക്ക നാട്ടിലേക്ക് തിരിച്ചു; തന്നെ കാത്തിരിക്കുന്ന ഉറ്റവരെ കൺകുളിർക്കെ കാണാനായി

അബ്‌ദുസ്സലാം കൂടരഞ്ഞി

   

     റിയാദ്: പ്രിയപ്പെട്ടവരെ കാണാൻ പത്തുവർഷങ്ങൾക്കു ശേഷം ഉമ്മർക്ക നാട്ടിലേക്ക് തിരിച്ചു. നീണ്ട ഒരു ദശകത്തിന് ശേഷമെങ്കിലും തന്റെ ഉറ്റവരെ കാണാൻ നാട്ടിലേക്ക് പുറപ്പെടാനായി ഉമ്മർക്കക്ക് തുണയായായത് മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലാണ്. വാദി ദിവാസിറിൽ ജോലി ചെയ്‌തിരുന്ന മലപ്പുറം എടവണ്ണ പാലപ്പറ്റ സ്വദേശിയായ ഉമ്മര്‍ക്കയാണ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് യാത്ര തിരിച്ചത്. ജീവിത ചക്രത്തിനിടയിൽ പ്രാരാബ്ദങ്ങള്‍ ഓരോന്നും തീര്‍ക്കുവാന്‍ വേണ്ടി പ്രിയപ്പെട്ടവരെ കാണാതെ സഊദിയിൽ തന്നെ വെന്തുരുകുകയായിരുന്നു ഉമ്മർക്ക.

    ഇരുപതു വര്‍ഷത്തെ പ്രവാസത്തിനിടക്ക്‌ ആകെ മൂന്ന് തവണ മാത്രമാണ് നാട്ടിലേക്ക് പോയത്. ഇതിനിടെ താമസ രേഖയും ഇല്ലാതായതോടെ ഏറെ സങ്കീർണ്ണതയോടെയാണ് ഇവിടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ 4 വര്‍ഷത്തോളമായി താമസ രേഖ ഇല്ലാതെയാണ് അദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നത്. മലയാളി റൂമുകളില്‍ ഭക്ഷണം പാചകം ചെയ്തു നല്‍കലായിരുന്നു ജോലി . അതുകൊണ്ട് തന്നെ വാദി ദവാസിറിലെ ബഹുഭൂരിപക്ഷം മലയാളികളും പാചക കലയിലെ ഉമ്മർക്കയുടെ കൈപ്പുണ്യം അനുഭവിച്ചവരാണ്. കാര്‍ട്ടന്‍ ബോക്സുകള്‍ പെറുക്കി വിറ്റും, ബക്കാല നടത്തിയുമൊക്കെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്ന ഉമ്മർക്ക ഇതിനിടയിൽ നാല് പെൺ മക്കളെയും നല്ല രീതിയില്‍ തന്നെ വിവാഹം കഴിപ്പിക്കാനായതാണ് തിരിഞ്ഞു നോക്കുമ്പോൾ ഏറെ ആശ്വാസം നൽകുന്നത്. പക്ഷെ, ഇതിൽ ഒരാളുടെ കല്യാണത്തിന് പോലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് അദ്ദേഹത്തെ വല്ലാത്തെ ദു:ഖിപ്പിച്ചിരുന്നു.

    ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും ബാധ്യതകള്‍ ഒരു പരിധി വരെ തീര്‍ത്തു നാട്ടില്‍ പോകാൻ ആഗ്രഹിച്ചപ്പോള്‍ രേഖകള്‍ പൂര്‍ണമല്ലത്തതിനാല്‍ യാത്ര ചെയ്യാനായില്ല. പിന്നീടാണ് വിഷയം ഇന്ത്യൻ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക്‌ വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ ലത്തീഫ് മാനന്തേരിയുടെ ശ്രദ്ധയില്‍ എത്തുന്നത്‌. പിഴയടക്കം ഭീമമായ ഒരു തുക അടച്ചാല്‍ മാത്രമേ രേഖകള്‍ ശരിയാക്കാന്‍ കഴിയുമായിരുന്നുള്ളൂ. സോഷ്യൽ ഫോറം പ്രവര്‍ത്തകര്‍ ജവാസാത്ത് മേധാവിയുമായി സംസാരിച്ചു ഉമ്മര്‍ക്കയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ അടക്കേണ്ട തുക പൂര്‍ണമായും ഒഴിവാക്കി കൊടുക്കുകയായിരുന്നു.

    ഒടുവിൽ, പ്രാരാബ്ദങ്ങള്‍ ഓരോന്നും തീർക്കാൻ മണലാരണ്യത്തിൽ ജീവിതം ഹോമിപ്പിച്ച ഒട്ടനവധി പ്രവാസികളുടെ പ്രതീകമായി യാത്ര രേഖകള്‍ എല്ലാം ശരിയായി കിട്ടിയ ഉമ്മർക്ക ഇന്ത്യൻ സോഷ്യല്‍ ഫോറം നല്‍കിയ ടിക്കറ്റില്‍ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്സ് പ്രസ്സില്‍ വെള്ളിയാഴ്ച രാവിലെയാണ് നാട്ടിലേക്ക് തിരിച്ചത്. വാദിയിലെ മലയാളികളുടെ പ്രിയപ്പെട്ട ഉമ്മർക്കക്ക് സമ്മാനങ്ങൾ നൽകി യാത്രയാക്കാൻ വിവിധ മലയാളായി സംഘടനകൾ രംഗത്തെത്തിയിരുന്നു .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.