
കൊച്ചി: തൃക്കാക്കരയിലെ വിധിയെഴുത്ത് പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം കൂടിയായി ഉമ തോമസ്. യു.ഡി.എഫിലെ വനിതകളില്‍ രണ്ടാമത്തെയാളും. യു.ഡി.എഫിലെ ഏക വനിത ആര്.എം.പിയിലെ കെ.കെ രമയാണ്. അവര്‍ക്കൊപ്പം പ്രതിപക്ഷ നിരയിലുണ്ടാകും ഇനി ഉമ തോമസ്. പി.ടിയുടെ മനസും നിലപാടുകളും തുടരും.
എണ്‍പതുകളുടെ തുടക്കത്തിലാണ് മഹാരാജാസ് കോളജില്‍ നിന്ന് ഉമ തോമസ് കെ.എസ്.യു യൂണിയന് ഭാരവാഹിയായത്. മഹാരാജാസ് കോളേജില്‍വെച്ചാണ് അവര്‍ പി.ടി. തോമസിനെ ആദ്യമായി കാണുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ജീവിത സഖിയുമായിമാറി.
മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ഉമ തോമസ് തൃക്കാക്കരയുടെ പുതിയ നായികയാകുന്നത്. നേരത്തെ ബെന്നി ബെഹ്നാന് നേടിയ ഭൂരിപക്ഷത്തേയും ഉമ മറി കടന്നിരിക്കുകയാണ്. ഇങ്ങനെ നിയമസഭയിലേക്ക് അവര്‍ നടന്നു കയറുമ്പോള്‍, തൃക്കാക്കരയുടെ മനസിലും ശരീരത്തിലും ഒരേ പേരുമാത്രം. ഒരേ വികാരവും.
അന്‍പത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980-85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാര്‍ഥിയായി മഹാരാജാസിലെത്തിയത്. 82ല്‍ കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു. 84ല്‍ കെ.എസ്.യു.വിന്റെ പാനലില്‍ വൈസ് ചെയര്മാന് ആയി. ബിഎസ്സി സുവോളജി വിദ്യാര്‍ഥിനിയായിരിക്കേയാണ് കെ.എസ്.യു സംസ്ഥാനപ്രസിഡന്റായിരുന്ന പി.ടി തോമസിനെ പരിചയപ്പെടുന്നത്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും മഹാരാജാസ് കോളേജ് ഉമാ തോമസിനൊപ്പമാണ്.
രാഷ്ട്രീയത്തില്‍ വലിയ പരിചയമില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ലക്ഷണമൊത്ത രാഷ്ട്രീയക്കാരിയായി മാറാന്‍ വളരെപെട്ടെന്നുതന്നെ സാധിച്ചു. എതിരാളികള്‍ക്ക് കുറിക്കുകൊളളുന്ന മറുപടികള്‍ നല്കി. ഇടതുസ്ഥാനാര്ഥിക്കെതിരേ ഉയര്‍ന്ന വ്യാജ വീഡിയോ വിവാദത്തില്‍ ഒരിക്കലും അവരതിനെ പിന്തുണച്ചില്ലെന്നുമാത്രമല്ല, സ്ഥാനാര്‍ഥിയുടെ ഭാര്യക്കൊപ്പം നിന്നു. അതുചെയ്തവരെ തള്ളിപ്പറഞ്ഞു. എല്ലാം കൊണ്ടും മനുഷ്യപ്പറ്റുള്ള വാക്കുകളും നന്മയുടെ വന്‍ മരവുമായി. എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റി. പി.ടിയെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ജനവിഭാഗം അവരെയും അതേ രീതിയില്‍ സ്വീകരിച്ചിരിക്കുന്നു. അതിനുള്ള ഏറ്റവും വലിയ സാക്ഷ്യപത്രമായി ഈ വിജയം.
ഇടതുപക്ഷം സെഞ്ച്വറിയടിക്കുമെന്ന പ്രചാരണത്തെ ഉമ നിഷ്പ്രഭമാക്കി.”ഇടതുപക്ഷം സെഞ്ച്വറിയടിച്ചാലോ?” എന്ന ചോദ്യത്തിന് ‘അതെന്താ 99ല്‍ നിര്‍ത്തിക്കൂടേ?’എന്ന മറുചോദ്യം അക്ഷരംപ്രതി ശരിയായിരിക്കുന്നു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഫിനാന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് മാനേജറായിരുന്ന ഉമ തോമസ് ഇനി തൃക്കാക്കരയുടെ സ്വന്തം.