ഉൾക്കാഴ്ച
മുഹമ്മദ്
യവനപുരാണങ്ങളിൽ പ്രൊക്രസ്റ്റസ് എന്നൊരു കഥാപാത്രമുണ്ട്. തനി കാട്ടാളനായൊരു മനുഷ്യൻ. അദ്ദേഹത്തിന്റെ വിചിത്രമായ നടപടി കണ്ടാൽ ചിരിയും ഒപ്പം വെറുപ്പും വരും. നിശ്ചിത അളവിലുള്ള ഒരു കട്ടിലുണ്ടായിരുന്നുവത്രെ അയാൾക്ക്. വഴിയാത്രക്കാരെ പിടിച്ചുകൊണ്ടുവന്ന് അയാൾ ആ കട്ടിലിൽ കിടത്തും. തുടർന്ന് അവരുടെ നീളം അളന്നുനോക്കും. കട്ടിലിനു സമമാണെങ്കിൽ അവരെ വെറുതെ വിടും. കട്ടിലിനേക്കാൾ നീളം കുറവാണെങ്കിൽ പിടിച്ചുവലിച്ച് കട്ടിലിനു സമമാക്കും. ഇനി കട്ടിലിനേക്കാൾ നീളം കൂടുതലാണെങ്കിൽ കൂടുതലുള്ള ഭാഗം മുറിച്ചുകളഞ്ഞ് കട്ടിലിനു സമമാക്കുകയും ചെയ്യും. കട്ടിലിനൊത്ത വലുപ്പമുള്ളവർ രക്ഷപ്പെട്ടു. അല്ലാത്തവർക്കു കഷ്ടകാലം.
ഇതൊരു കഥയല്ലേ എന്നുകരുതി തള്ളിക്കോളൂ. പക്ഷേ, അറിഞ്ഞോ അറിയാതെയോ നമ്മളും ഒരു പ്രൊക്രസ്റ്റസായി മാറാറുണ്ടെന്നു പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ? പ്രൊക്രസ്റ്റസിനൊരു കട്ടിലുള്ളപോലെ നമുക്കൊരു നിലവാരമുണ്ട്. ആ നിലവാരത്തിനൊത്ത ആളുകളെല്ലാം നമുക്കു കൊള്ളാവുന്നവർ. അവരെ നാം വെറുതെവിടും. അല്ലാത്തവരെല്ലാം നമുക്കു തള്ളപ്പെടേണ്ടവർ. അവരെ വെറുതെ വച്ചേക്കില്ല!
നമ്മെക്കാൾ കൂടുതൽ ചെലവഴിക്കുന്നവർ നമുക്കു ധൂർത്തന്മാരാണ്. നമ്മെക്കാൾ കുറഞ്ഞ അളവിൽ ചെലവഴിക്കുന്നവർ നമുക്കു പിശുക്കന്മാരും. നാം ചെലവഴിക്കുന്ന അളവിൽ ചെലവഴിക്കുന്നവരാണ് മിതത്വത്തിന്റെ ആളുകൾ! അവരെ നാം വെറുതെ വിടും. അല്ലാത്തവരെ ധൂർത്തന്മാരും പിശുക്കന്മാരുമാക്കി മാറ്റും.
നമ്മെക്കാൾ മികച്ചവരെ കണ്ടാൽ അവരോട് അസൂയ കാണിക്കും. അവരെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമവും നടത്തും. നമ്മെക്കാൾ താഴ്ന്നവരെ കണ്ടാൽ അവരെ കൊച്ചാക്കാനും അഹങ്കാരച്ചുവയുള്ള സംസാരം നടത്താനും ശ്രമിക്കും. നമ്മെക്കാൾ നന്നായി പ്രവർത്തിക്കുന്നവനോട് പറയുക, വല്ലാതെ ഓവറാക്കേണ്ട എന്നാണ്. നമ്മുടെ മികവിൽ പ്രവർത്തിക്കാത്തവനോട് പറയുക ‘ഒന്നു നന്നായി ചെയ്യൂ’ എന്നും. നമ്മെക്കാൾ കൂടുതൽ ഉണ്ണുന്നവനെ കണ്ടാൽ നമ്മുടെ കമന്റ് ‘നീയൊരു തീറ്റപ്പണ്ടാരംതന്നെ’ എന്നായിരിക്കും. ഇനി അൽപം മാത്രം കഴിക്കുന്നവനെ കണ്ടാൽ നമ്മുടെ ചോദ്യം ‘നീയെന്താ തീരെ തിന്നാത്തത് ’ എന്നും.
നമ്മെക്കാൾ വേഗത്തിൽ ഡ്രൈവ് ചെയ്യുന്നവനെ കണ്ടാൽ അമർഷത്തടെ നാം ചോദിക്കും ‘എവിടേക്കാണ് അവനൊക്കെ ഇത്ര വേഗത്തിൽ’ എന്ന്. ഇനി നമ്മെക്കാൾ വേഗം കുറച്ചാണു പോകുന്നതെങ്കിൽ ഹോണടിച്ച് അവന്റെ കാതടപ്പിക്കുകയും ചെയ്യും. നമുക്കു പാകമുള്ളവനാണ് മികച്ച ഡ്രൈവർ!
പ്രതിപക്ഷത്തേക്കാൾ മികച്ച നിലവാരമാണ് ഭരണരംഗത്ത് ഭരണപക്ഷം കാഴ്ചവയ്ക്കുന്നതെങ്കിൽ അവരുടെ പദ്ധതികളെ പരമാവധി നിരുത്സാഹപ്പെടുത്താനും എതിർക്കാനും ശ്രമിക്കും. തങ്ങളേക്കാൾ ഒരാളും വളരരുതെന്നാണു വെപ്പ്. ഇനി തങ്ങളെക്കാൾ മോശമായ ഭരണമാണ് കാഴ്ചവയ്ക്കുന്നതെങ്കിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളുമായി നാടായ നാടൊക്കെയും ചുറ്റിനടക്കുകയും ചെയ്യും! നമുക്കു പറ്റിയവർ മാത്രമാണ് ‘കഴിവുള്ള’ ഭരണകർത്താക്കൾ.
കമ്മിറ്റിയിൽ ഒരാൾ കൂടുതൽ മികച്ച പ്രകടനങ്ങളാണു കാഴ്ചവയ്ക്കുന്നുതെങ്കിൽ അസൂയക്കാർ അയാളെ വളരാൻ സമ്മതിക്കില്ല. യോഗ്യതയുണ്ടായാലും എന്തെങ്കിലും പാരകൾ പണിത് അയാളെ താഴെയിടാൻ നോക്കും. ഇനി തീരെ പ്രവർത്തിക്കുന്നില്ലെങ്കിലോ, നീയെന്താ തീരെ സഹകരിക്കാത്തതെന്നു ചോദിച്ച് കയർക്കുകയും ചെയ്യും. നന്മയുടെ വിഷയത്തിൽ കൂടുതൽ കണിശതയും ആരാധനകളിൽ വലിയ നിഷ്ഠയും പുലർത്തുന്നവനെ കണ്ടാൽ പറയുക, അമിതഭക്തൻ എന്നായിരിക്കും. അല്ലെങ്കിൽ കപടഭക്തൻ. അതേസമയം, നമ്മെക്കാൾ മോശമായ ജീവിതം നയിക്കുന്നവനെ കണ്ടാൽ അയാളെ സമൂഹത്തിൽ നിന്നുതന്നെ എഴുതിത്തള്ളുകയും ചെയ്യും.
നമ്മുടെ പദ്ധതികൾക്കു തടസം നിൽക്കുന്നവിധം മഴ പെയ്താൽ അതു നമുക്കു നശിച്ച മഴ. ഇനി മഴ പെയ്തില്ലെങ്കിലും രക്ഷയില്ല. എവിടെ മഴ എന്നു ചോദിച്ച് അലമുറയിടുകയും ചെയ്യും. നിയമങ്ങളിൽ കർക്കശമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മാനേജറെങ്കിൽ കൂടെയുള്ളവർ പിണങ്ങും. അയാൾക്ക് ഇല്ലാത്ത കുറ്റങ്ങളും കുറവുകളും ഉണ്ടാവില്ല. ചെറിയ തെറ്റുകൾ പോലും മഹാപാപങ്ങളായി അവർ അവതരിപ്പിക്കും. അതേസമയം, നിയമങ്ങളിൽ ഒരു കണിശതയുമില്ലാത്ത നിസ്സംഗനാണ് അദ്ദേഹമെങ്കിൽ അയാളെ മാനേജ് ചെയ്യാനായിരിക്കും കൂടെയുള്ളവർ ശ്രമിക്കുക. കാര്യങ്ങൾ കുത്തഴിഞ്ഞുപോകുന്നതിന്റെ കാരണം നിങ്ങളുടെ നിഷ്ക്രിയത്വമാണെന്നു പറഞ്ഞ് അയാൾക്കെതിരേ തിരിയും. വിദ്യാർഥികളുടെ അച്ചടക്കരാഹിത്യത്തിനു നിയമനടപടി സ്വീകരിച്ചാൽ നാടാകെ പരാതിപ്രളയം. അച്ചടക്കരാഹിത്യം കണ്ടില്ലെന്നു നടിച്ചാലോ, അധ്യാപകർ അലസരും നിഷ്ക്രിയരുമാണെന്ന അഭിപ്രായപ്രളയവും.
വസ്തുതകളെ വിലയിരുത്താൻ സ്വന്തം നിലവാരത്തെ മാനദണ്ഡപ്പെടുത്തുന്നത് യുക്തിയല്ല. അവനവനെ മാറ്റിനിർത്തി യാഥാർഥ്യമെന്ത് എന്ന അന്വേഷണമാണ് അനിവാര്യമായും വേണ്ടത്. സ്വന്തത്തെ നോക്കി ബാക്കിയുള്ളവരെ കാണാൻ ശ്രമിച്ചാൽ നന്മയും തിന്മയും സത്യവും അസത്യവും യാഥാർഥ്യവും അയഥാർഥ്യവും മനസിലാകാതെ വരും.
•
Comments are closed for this post.