2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.എ.എ ചര്‍ച്ചയ്‌ക്കെടുത്ത് യു.കെ ഹൗസ് ഓഫ് ലോര്‍ഡ്‌സ്; നിയമം പുന:പരിശോധിക്കാന്‍ മോദിയോട് ആവശ്യപ്പെടും

'സി.എ.എ വിഭജിക്കുന്ന നിയമം, പ്രതിഷേധക്കാരെ നേരിടുന്നതില്‍ നിയന്ത്രണം വേണം'

 

ലണ്ടന്‍: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി (സി.എ.എ) ചര്‍ച്ചയ്‌ക്കെടുത്ത് യു.കെയിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സ്. ന്യൂനപക്ഷാവകാശത്തില്‍ ഉടലെടുക്കുന്ന ആശങ്കകള്‍ ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ പ്രതിനിധികളെ അയക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ക്രോസ് ബെഞ്ച് പീയര്‍ ജോണ്‍ മോണ്‍ടാഗുവാണ് വിഷയം മേശപ്പുറത്ത് വച്ചത്. സി.എ.എ പുന:പരിശോധിക്കണമെന്ന് യു.കെ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇത് ഇന്ത്യന്‍ സമൂഹത്തിലുണ്ടാക്കുന്ന പരിണിതഫലം പരിശോധിക്കണമെന്നും ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യം അതീവശ്രദ്ധയോടെ വീക്ഷിച്ചുവരികയാണെന്നും നടപടി വ്യക്തമായും ഇന്ത്യയെ വിഭജിക്കുന്നതാണെന്നും മറുപടിയായി യു.കെ സര്‍ക്കാര്‍ അറിയിച്ചു.

‘ഈ നിയമം ഭിന്നിപ്പിക്കലിന്റേതാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് -ഈ സഭയില്‍ അടക്കം ഇന്ന് വ്യക്തമാക്കി- ഇക്കാര്യം വ്യക്തമായി അറിയാമെന്ന് എനിക്കറിയാം. നിയമത്തിന്റെ പരിണിതഫലത്തില്‍ യു.കെ സര്‍ക്കാര്‍ ആശങ്കയിലാണ്’- സര്‍ക്കാരിനു വേണ്ടി ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫിസ് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ബരോണസ് ലിസ് സഗ് പറഞ്ഞു.

‘ഇതിന്റെ മുഴുവന്‍ പരിണിതഫലം ഇപ്പോഴും അവ്യക്തമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ആശങ്കകള്‍ പരിഗണിക്കുമെന്ന് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഭരണഘടന അടിസ്ഥാനമാക്കിയും ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യവും മാനിച്ചും എല്ലാ മതവിഭാഗത്തിലെ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു’- ബരോണസ് ലിസ് സഗ് പറഞ്ഞു.

പ്രതിഷേധിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ലെന്നും മറ്റു മതങ്ങളില്‍ പെട്ടവരുണ്ടെന്നും ചര്‍ച്ച തുടങ്ങിവച്ച ‘ഏള്‍ ഓഫ് സാന്‍ഡ്‌വിച്ച്’ ജോണ്‍ മോണ്‍ടാഗു ഇന്ത്യയില്‍ താന്‍ കുറച്ചുകാലം ചെലവഴിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു.

‘ന്യൂഡല്‍ഹി, അലിഗഢ് അടക്കം രാജ്യത്തെല്ലായിടത്തും നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നു. ഇത് മുസ്‌ലിം വിഭാഗത്തില്‍ നിന്നു മാത്രമല്ല നടക്കുന്നത്’- ജോണ്‍ മോണ്‍ടാഗു പറഞ്ഞു.

എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്നുള്ള ഭീതിയെ ഇന്ത്യന്‍ വംശജനായ പിയര്‍ ലോര്‍ഡ് മേഘ്‌നാട് ദേശായ് ചൂണ്ടിക്കാണിച്ചു. ‘ഇത് ഭരണഘടനാ വിരുദ്ധമായ നിയമമെന്നാണ് പറയുന്നത്. എന്നാല്‍ സുപ്രിം കോടതി ഈ വിഷയം കേട്ടിട്ടില്ലാത്തതിനാല്‍ നമുക്കത് അറിയില്ല. എന്നാല്‍ ഭീതി നിലനില്‍ക്കുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.