2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭൂമിക്കടിയിലെ വണ്ടിന്‍കൂട്ടങ്ങള്‍

ഉക്രൈന്‍ കവി മിരോസ്ലാവ് ലൈയുകിനെക്കുറിച്ച്

അവധൂതരുടെ വന്‍കരകള്‍
ഡോ. രോഷ്‌നി സ്വപ്‌ന

അപശബ്ദങ്ങളുടെയും വെടിയൊച്ചകളുടെയും അശാന്തികളുടെയും ഇടയില്‍നിന്നാണ് സമകാലിക ഉക്രൈനിലെ കവിതകള്‍ ലോകത്തേക്ക് കണ്‍തുറക്കുന്നത്. ഉക്രൈനിലെ കവിതയുടെ ഏറ്റവും തീവ്രമായ ശബ്ദമാണ് മിരോസ്ലാവ് ലൈയുക്. 1990ല്‍ ഉക്രൈനിലെ കാര്‍പ്പാത്തിയനിലെ സ്‌മോദ്‌നയിലാണ് ലൈയുക് ജനിച്ചത്. ഇപ്പോള്‍ ക്വീവില്‍ സ്ഥിരതാമസം.


ഉക്രൈനിലെ മാനകഭാഷയായ ഹുത്സുലി(Hutsul)ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രാദേശിക, നാടോടി വാങ്മയങ്ങളും പാരമ്പര്യങ്ങളും സംയോജിപ്പിച്ചാണ് ലൈയുകിന്റെ കല/കവിത രൂപപ്പെട്ടത്. വ്യക്തിപരതയില്‍നിന്ന് വേര്‍പ്പെട്ടുകൊണ്ട് കറകളഞ്ഞ ആഖ്യാനരീതിയിലാണ് ലൈയുകിന്റെ കവിതകളുടെ ഭാഷ നമ്മോട് ഇടപെടുന്നത്.


ജീവിതത്തില്‍നിന്ന് നേരിട്ട് സ്വാംശീകരിച്ച ഭ്രമാത്മകവും നിര്‍വചിക്കാന്‍ പ്രയാസമുള്ളതുമായ ബിംബങ്ങളാണ് ലൈയുകിന്റെ കവിതകളില്‍ ഏറെയുള്ളത്.
‘ഒരു മരത്തിന്റെ അവസാന ഖണ്ഡികയാണ് ഞാന്‍’ എന്നതുപോലെയുള്ള അപൂര്‍വമായ പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. ആംഗ്ലോ അമേരിക്കന്‍ ആധുനിക കവികളായ എസ്ര പൗണ്ട്, ലോര്‍ക എന്നിവരുടെ സ്വാധീനം ലൈയുകില്‍ ധാരാളമായുണ്ട്. ഭാഷയുടെ വ്യവഹാരത്തില്‍ അദ്ദേഹം ഉപയോഗിക്കുന്ന അയവും വൈപുല്യവും ശ്രദ്ധേയമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഒടുവില്‍ മാത്രം ഉക്രൈനിലേക്കു വന്നെത്തിയ ഈ സവിശേഷതകള്‍ ഉക്രൈനിലെ യുവകവികള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
കവിതയിലെ വൃത്തസ്വാധീനവും സംഗീതാത്മകതയും ഭാവഗീത സ്വഭാവവുമെല്ലാം ഉദാഹരണമായി പറയാം.


ലൈയുക് തന്റെ കവിതകളില്‍ ‘സമയം’, ‘ഇടം’എന്നീ ഘടകത്തെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളായി കണ്ടെത്തുന്നു.
അദ്ദേഹത്തിന്റെ ദീര്‍ഘകവിതകള്‍ ഇതിന് ഉദാഹരണമാണ്. റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തിന്റെ രൂപകാത്മകമായ ഒരു കാഴ്ചയാണ് ‘ഏരിസ്’ എന്ന ദീര്‍ഘ കവിത. മനുഷ്യന്റെ അസ്തിത്വത്തെയും സ്വത്വത്തെയും ഓര്‍മയെയും തുടച്ചെടുക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്ത യുദ്ധത്തിനെതിരേ സമയവും ഇടവും രൂപകാത്മകമായി കലര്‍ത്തിക്കൊണ്ട് പരിവര്‍ത്തിപ്പിച്ച ഒരു കവിതയാണ് ഏരിസ്.
യുദ്ധത്തിന്റെ സംഘര്‍ഷാത്മകതയെ ഏറെ ആശങ്കകളോടെ വെളിപ്പെടുത്തുന്നുണ്ട് പൊതുവില്‍ ലൈയുകിന്റെ കവിതകള്‍. ലൈയുകിന്റെ പല വരികളും ഇത്തരത്തിലുള്ള മാനുഷിക സംഘര്‍ഷങ്ങളെ അഭിസംബോധന ചെയ്യുന്നതു കാണാം.
‘ഒരിക്കല്‍ അവര്‍ക്ക് മൈനുകള്‍ക്കിടയില്‍നിന്ന്
കുതറിയിറങ്ങിയ ഉടലിനെ
കഴുകിയെടുക്കാന്‍ പോലുമാവില്ല’


എന്നെഴുതുമ്പോള്‍ മനുഷ്യരാശിയെ തൂത്തെറിയുന്ന യുദ്ധത്തിന്റെ ഭാവിയിലേക്ക് കവിയുടെ കാഴ്ച പടരുന്നു.


ഒലസ് ഹോണ്‍ചെര്‍ അന്താരാഷ്ട്ര പുരസ്‌കാരം-2012, ദി ഗ്രാന്‍ഡ് പ്രിക്‌സ് ഓഫ് പോയറ്റ്‌സ് റിപ്പബ്ലിക് പുരസ്‌കാരം -2012, ദി കോറണേഷന്‍ ഓഫ് ദി വേള്‍ഡ് പുരസ്‌കാരം (2012, 2013) തുടങ്ങി നിരവധി അന്താരാഷ്ട്ര, ദേശീയ പുരസ്‌കാരങ്ങള്‍ ലൈയുകിനു ലഭിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ പിഎച്ച്.ഡി ബിരുദം നേടിയ ലൈയുക് ക്വീവിലെ മൊഹില അക്കാദമിയില്‍ സര്‍ഗാത്മക രചനയും സാഹിത്യസിദ്ധാന്തങ്ങളും പഠിപ്പിക്കുന്നു.


ലൈയുകിന്റെ കവിതകള്‍
പരിഭാഷ: രോഷ്‌നി സ്വപ്ന
1
വെളുപ്പ്

നീലിച്ച
ഒരു തടാകത്തിനടുത്തുള്ള
ഇരുണ്ടരാത്രിയുടെ നടുവില്‍
ഒരു മഞ്ഞ ഇരുമ്പുവണ്ടി നിര്‍ത്തി
എന്നെ കൊണ്ടുപോകുന്നു.
എവിടേക്കെന്നത്
എനിക്ക്
പ്രശ്‌നമല്ല-
ഞാന്‍ ഈ കൈവരി
പിടിക്കും,
ഒഴിഞ്ഞ കുപ്പിപോലെ
ഈ ലോകത്ത്
തടഞ്ഞുവീഴാതിരിക്കാന്‍…
വീണു ചിതറാതിരിക്കാന്‍ ശ്രമിക്കും.
അവര്‍
കച്ചവടക്കപ്പലിലേക്ക്
എന്നെ കൊണ്ടുപോയി.
എനിക്കറിയാവുന്നതും
എന്നാല്‍, കാണാന്‍ കഴിയാത്തതുമായ
കെട്ടിടങ്ങള്‍ കടന്നുപോയി.
കഴിഞ്ഞ നൂറ്റാണ്ടില്‍
കൊഴിഞ്ഞുപോയ
പോപ്ലര്‍ മരങ്ങള്‍ കടന്നുപോയി.
ഉറങ്ങുന്ന ആളുകളെ മറികടന്നു.
അങ്ങോട്ടുമിങ്ങോട്ടും പായുന്ന
മൂന്നു കീരികളെ കടന്നുപോയി.
അതെല്ലാം എന്റേതായിരുന്നു!
അതെല്ലാം എന്റേതായിരുന്നു?
ഈ വിരലുകള്‍ മാത്രം
എന്റേതായിരുന്നില്ല,
വെളുത്ത ഈ
അഞ്ചു വിരലുകള്‍.
2
ദ്വീപ്

വിജനമായ
ഒരു പര്‍വതനഗരത്തില്‍
ഞാന്‍ കാറ്റിന്റെ
പുഴകളെ കണ്ടു.
മേഘങ്ങളുടെയും
പര്‍വതശിഖരങ്ങളുടെയുമിടയില്‍
ഓടിക്കളിക്കുന്നു.
കാറ്റിന്റെ
കല്ലുകള്‍കൊണ്ട്
കാറ്റുമീനുകളെ കൊണ്ടുപോകുന്നു-
മുങ്ങിമരിച്ച
കാറ്റിന്റെ കടല്‍ക്കളകളെ
കാറ്റുമനുഷ്യര്‍!
ഒരുദിവസം ഞാന്‍
ആകാശ മേല്‍ക്കൂരയിലേക്ക്
കയറും, ഏറ്റവും ഉയരമുള്ള
അംബരചുംബികള്‍ക്കൊപ്പം.
ഒരു കാറ്റ് ചാമരം കെട്ടി,
ഞാന്‍ കപ്പല്‍ കയറും.
ഭൂഖണ്ഡത്തിന്റെ
അവസാനംവരെ
കാറ്റിന്റെ കടല്‍
എവിടെയാണ് തുടങ്ങുന്നത്?
അതിന്റെ അരികില്‍
ഒരു ദ്വീപുണ്ട് –
നിങ്ങള്‍ക്ക്
അതിനെക്കുറിച്ച്
ഒന്നും അറിയില്ല.
3
കാരമുള്ള്
വിതക്കുക

എന്റെ പേര്
എന്നില്‍നിന്ന്
ഒഴിവാക്കുക.
വിതക്കുക കാരമുള്ള്…
എനിക്ക്
നീയാകണം.
കുറുക്കന്മാരെയും മാനുകളെയും
അവരുടെ കാലുകള്‍കോര്‍ത്തു
എനിക്ക് പിടിക്കണം
അല്ലാതെ, അവരെ
പേടിപ്പിക്കാന്‍ വേണ്ടിയല്ല.
തൂവലുകളെപ്പോല്‍
കനം കുറഞ്ഞു
കെട്ടിരിക്കുന്നവരോട്
എനിക്കു പറയാന്‍
എന്റെ വേരുകള്‍കണ്ട
സ്വപ്‌നങ്ങളുണ്ട്.
നരച്ച പാമ്പിനെ
എന്റെ മടിയില്‍
ഒളിപ്പിക്കാനും
അവളുടെ കുട്ടികളെ
പൊതിഞ്ഞു പിടിക്കാനും
എനിക്കാഗ്രഹമുണ്ട്.
ഭൂമിക്കടിയില്‍
വണ്ടിന്‍കൂട്ടങ്ങള്‍
മേഞ്ഞുനടക്കുന്നിടം….!
ചുവന്ന വയറുകളുള്ള നിശാശലഭങ്ങള്‍….!
ചാരനിറത്തിലുള്ള
ചിറകുകള്‍ അപ്രത്യക്ഷമാകുന്നു.
ഒരു വെട്ടുകിളിയുടെ
ഹൃദയമിടിപ്പെങ്ങനെ
ഒരു പുല്ലാങ്കുഴല്‍തുളയിലൂടെ
കടന്നുപോകുന്നു?
കരടികള്‍ക്കും
കാക്കകള്‍ക്കും
കൈകൊണ്ട് ഭക്ഷണം
നല്‍കണം എനിക്ക്.
എനിക്ക് ഞാനാകണം.
എന്റെ പേരില്‍നിന്ന്
എന്നെ ഒഴിവാക്കുക –
മുള്‍പ്പടര്‍പ്പു
വിതയ്ക്കുക.
ഞാന്‍ നിങ്ങളാകാന്‍ ആഗ്രഹിക്കുന്നു.
കുറുക്കന്മാരുടെയും
മാനുകളുടെയും കാലില്‍വീണെനിക്ക്
മാപ്പു പറയണം (വേട്ടയാടാനല്ല)
വേരുകള്‍കണ്ട
സ്വപ്നങ്ങളെപ്പറ്റി പറയാന്‍
നരച്ച പാമ്പിനെ
എന്റെ മടിയില്‍ ഒളിപ്പിക്കാന്‍
അവളുടെ കുട്ടികള്‍ക്ക് ചൂടുപകരാന്‍…
ഭൂമിക്കടിയില്‍ വണ്ടുകള്‍
മേഞ്ഞുനടക്കുന്നിടം കാണാന്‍….
ചുവന്ന വയറുള്ള നിശാശലഭങ്ങളുടെ
ചാരനിറത്തിലുള്ള ചിറകുകള്‍
അപ്രത്യക്ഷമാകുന്നതു കാണാന്‍…
വെട്ടുകിളിയുടെ ഹൃദയമിടിപ്പ്
ഒരു പുല്ലാങ്കുഴലിന്റെ തുളയിലൂടെ
കടക്കുന്നതെങ്ങനെ എന്നറിയാന്‍…
കരടികള്‍ക്കും കാക്കകള്‍ക്കും
കൈകൊണ്ട് ഭക്ഷണം നല്‍കാന്‍…
ഞാന്‍ ‘ഞാന്‍ തന്നെ’യാകാന്‍
ആഗ്രഹിക്കുന്നു.
വിതയ്ക്കൂ മുള്ളുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.