
മോസ്കോ: റഷ്യ- ഉക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ അസംസ്കൃത എണ്ണ വിലയും സ്വര്‍ണവിലയും കുതിച്ചുയരുന്നു. അന്താരാഷ്ട്രതലത്തില്‍ അസംസ്കൃത എണ്ണ വില 100 ഡോളറിനരികിലെത്തി. രാജ്യത്ത് ഇന്ധന വില എട്ട് രൂപ വരെ വര്‍ധിച്ചേക്കും.
ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ആഗോളതലത്തില്‍ ക്രൂഡ് വിതരണത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, യുഎസിന്റെയും യൂറോപ്പിന്റെയും ഉപരോധത്തിലേക്ക് നയിക്കുകയും ചെയ്യും.
ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന്, വിതരണത്തെക്കുറിച്ചുള്ള ആശങ്കകളായി കഴിഞ്ഞ രണ്ട് മാസങ്ങളായി എണ്ണവില ഉയരുകയാണ്.
എട്ടു വര്‍ഷത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ അസംസ്തൃത എണ്ണ വില ബാരലിനു 100 ഡോളറിന് മുകളില്‍ എത്തുന്നത്. ആഭ്യന്തര വിപണിയിലും വന്‍ വില വര്‍ദ്ധനവിന് ഇത് വഴിവെക്കും.ബാരലിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ പെട്രോള്‍ഡീസല്‍ ലീറ്ററിന് 70 പൈസ വരെ വര്‍ധിപ്പിക്കേണ്ടി വരും.
നിലവിലുള്ള സാഹചര്യമനുസരിച്ചു നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മാര്‍ച്ച് എഴിന് ശേഷം പെട്രോള്‍,ഡീസല്‍ എന്നിവക്ക് ലീറ്ററിന് എഴ് രൂപമുതല്‍ 8 രൂപ വരെ വര്‍ധിപ്പിക്കും. ഈ കാലയളവില്‍ കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ വില വീണ്ടും ഉയരും. ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ റഷ്യ ഉക്രൈന് സംഘര്‍ഷം വാതക വിലവര്‍ധനവിനും കാരണമാകും.
കൂടാതെ സ്വര്‍ണവിലയും കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 680 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തില്‍ പവന് 37,480 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.
അതേസമയം ഉക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങി. ഉക്രൈനില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന് തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബി.ബി.സിയും സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തത്.