2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മലയാളികള്‍ക്ക് ഇരുട്ടടി; കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് യു.കെ; ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയിലടക്കം പുതിയ നിയമങ്ങള്‍ നടപ്പിലാക്കി

മലയാളികള്‍ക്ക് ഇരുട്ടടി; കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് യു.കെ; ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയിലടക്കം പുതിയ നിയമങ്ങള്‍ നടപ്പിലാക്കി

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് യു.കെ. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യു.കെയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണ്. ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് ഓരോ വര്‍ഷവും, പഠനത്തിനും, ജോലിക്കുമായി യു.കെയിലേക്ക് കുടിയേറുന്നത്. ആരോഗ്യം, ഫിനാന്‍സ്, ടെക് മേഖലകളിലേക്കാണ് ഇത്തരം കുടിയേറ്റങ്ങളില്‍ അധികവും.

എന്നാല്‍ സമീപകാലത്തായി യു.കെയില്‍ ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ രാജ്യാന്തര തലത്തില്‍ തന്നെ പ്രതിസന്ധിക്ക് കാരണായി തീര്‍ന്നിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവുമൊക്കെയാണ് സ്വദേശികള്‍ക്കിടയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധം കനക്കാന്‍ കാരണമയി തീര്‍ന്നത്. ഇപ്പോഴിതാ ഏറ്റവും ഡിമാന്റുള്ള ആരോഗ്യ, ഹെല്‍ത്ത് കെയര്‍ മേഖലയിലും പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് യു.കെ സര്‍ക്കാര്‍.

തിരിച്ചടിയായി പുതിയ നിയമം
നേരത്തെ നടപ്പിലാക്കിയ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് പിന്നാലെ പുതിയ വിസ നിയന്ത്രണങ്ങള്‍ക്കാണ് യു.കെ ഇപ്പോള്‍ കോപ്പ് കൂട്ടുന്നത്. ഹെല്‍ത്ത് ആന്‍ഡ് കെയല്‍ വിസയിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താനാണ് നീക്കം. നഴ്‌സുമാര്‍ക്ക് പുറമെ ഏറ്റവുമധികം മലയാളികള്‍ ആശ്രയിച്ചിരുന്ന ഈ വിസയില്‍ അടുത്ത ഏപ്രില്‍ മുതല്‍ പങ്കാളികളെയോ, മക്കളെയോ കൊണ്ടുവരാനാവില്ല. മാത്രമല്ല കുടുംബ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് 38,700 ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം നിലവില്‍ എന്‍.എച്ച്.എസ് ജോലികള്‍ക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. യു.കെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയമം മലയാളികളെ കാര്യമായ നിലയില്‍ തന്നെ ബാധിക്കുമെന്ന് നിസംശയം പറയാം.

മറ്റ് നിയന്ത്രണങ്ങള്‍
ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കിയിരുന്ന 20 ശതമാനം കിഴിവ് നീക്കം ചെയ്തതാണ് മറ്റൊന്ന്. കുടിയേറ്റം മൂലം പൊതുസേവനങ്ങളിലും, വീടുകളുടെ ലഭ്യതയിലും ജോലിയിലും പ്രകടമായ മാറ്റങ്ങള്‍ പൗരന്‍മാരിലുണ്ടാക്കിയ ആശങ്ക പരിഹരിക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

യു.കെയിലേക്ക് കുടിയേറി എത്തുന്നവരുടെയും, യു.കെ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് കുടിയേറുന്ന പൗരന്‍മാരുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം റെക്കോര്‍ഡിലെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. യു.കെ വിട്ട് പോവുന്ന പൗരന്‍മാരുടെ എണ്ണം കുറയ്ക്കാന്‍ മതിയായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് സര്‍ക്കാരില്‍ നിന്ന് നേരത്തെ തന്നെ സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. എങ്കിലും പുതിയ നിയമം പ്രാബല്യത്തിലെത്തുന്നതോടെ യു.കെയുടെ സമ്പദ് വ്യവസ്ഥയെയും, എന്‍എച്ച് എസിന്റെയും പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ മേഖലയിലും പ്രതിസന്ധികള്‍ രൂക്ഷമാക്കാന്‍ സാധ്യതയുണ്ടെന്ന വാദവും ശക്തമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.