2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തരൂരിനോടുള്ള നിലപാട് കോൺഗ്രസ് തിരുത്തുമോ?

യു.കെ കുമാരൻ

കേവലം ചില പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡോ. ശശി തരൂരിന്റെ മലബാർ പര്യടനത്തെ മുൻനിർത്തി കോൺഗ്രസ് പാർട്ടിയിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നു. വാർത്തകളുടെ നിജസ്ഥിതി എന്താണെന്നറിയാൻ കോൺഗ്രസ് നേതാക്കൾ മുതിർന്നിട്ടില്ല എന്നതാണ് ഖേദകരം. ഇന്ത്യയിൽതന്നെ ഏറ്റവും വിലയേറിയ പ്രഭാഷകരിലൊരാളാണ് ശശി തരൂർ. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി വ്യക്തതയോടെ സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവു പ്രസിദ്ധമാണ്. പല ഭാഗത്തുനിന്ന് അദ്ദേഹത്തെ പ്രഭാഷണം നടത്താൻ ക്ഷണിക്കാറുമുണ്ട്. സാധ്യമായ സ്ഥലങ്ങളിൽ പോവുകയും ചെയ്യും. ക്ഷണം കിട്ടിയ ഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പോകാറുള്ളത്. മലബാർ ഭാഗത്ത് തുടർച്ചയായി പ്രഭാഷണം നടത്താൻ ഇടയായതു അങ്ങനെയാണ്. ഇതിന്റെ യാഥാർഥ്യമെന്തന്നറിയാതെ മാധ്യമപ്രവർത്തകരുടെ ഭാവനയിൽ വിരിഞ്ഞ ആശയമാണ് ശശി തരൂരിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവച്ചുള്ള പ്രഭാഷണ പരമ്പര എന്നത്. ഇതിലാണ് കോൺഗ്രസ് നേതാക്കൾ ചെന്നുവീണത്. ഒട്ടും അഭിലഷണീയമല്ലാത്ത രാഷ്ട്രീയ സാഹചര്യത്തിന് അത് തിരികൊളുത്തുകയും ചെയ്തു.

ശശി തരൂരിന്റെ മലബാർ പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയ നിറമുള്ള ഒരു പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ വർഗീയതക്കെതിരായ സെമിനാറായിരുന്നു അത്. പരിപാടി നടത്താൻ നിയുക്തരായവർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ മുൻകൂട്ടി വിവരം അറിയിച്ചിരുന്നു. അവർ പിന്തുണ വാഗ്ദാനം ചെയ്തു. എന്നാൽ പരിപാടിയുടെ ദിവസം ഈ സെമിനാറിൽ വിഭാഗീയത കാണുകയും കോൺഗ്രസ് ജില്ലാ കമ്മിറ്റി വിലക്കുകയുമാണുണ്ടായത്. മുഖ്യമന്ത്രിപദ മോഹിയായ ശശി തരൂർ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന സെമിനാറാണിതെന്ന പ്രചാരണമായിരുന്നു കാരണം. സന്ദർശനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ തരൂർ ഔദ്യോഗികമായി അറിയിച്ചില്ലെന്ന വ്യാഖ്യാനമുണ്ടായി. യഥാർഥത്തിൽ ശശി തരൂർ എന്ന വ്യക്തിയെ സംബന്ധിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ അറിവില്ലായ്മയിൽ നിന്ന് വരുന്ന ചില സന്ദേഹങ്ങളാണിത്. അദ്ദേഹം സാധാരണ കോൺഗ്രസ് നേതാവല്ല, മറ്റു പല നേതാക്കൾക്കുമുള്ള പാരമ്പര്യവും ഇല്ല. എന്നാൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ ഒരു നേതാവിനുമില്ലാത്ത അനേകം പ്രത്യേകതകൾ ശശി തരൂർ എന്ന അസാമാന്യ വ്യക്തിക്കുണ്ട്. യു.എൻ ഉദ്യോഗത്തിൽനിന്ന് വിരമിച്ച ശേഷം ലോകത്തെ ഏറ്റവും ഉയർന്ന ഏത് ഉദ്യോഗവും സ്വീകരിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചു പ്രിയപ്പെട്ട ജന്മനാട്ടിലേക്ക് മടങ്ങാനാണ് അദ്ദേഹം തയാറായത്. പൊതുജീവിതം ആഗ്രഹിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്. ഇന്ത്യയിലെ ഏറ്റവും നല്ല പ്രഭാഷകരിലൊരാളാണ് തരൂർ. ചരിത്രത്തിലും സർഗാത്മകതയിലും അഗാധജ്ഞാനവുണ്ട്. എന്നാൽ കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിൻ്റെ മഹത്വത്തെ പൂർണമായും ഉൾക്കൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. അതിന്റെ അടയാളങ്ങളാണ് സമീപ കാലത്ത് അദ്ദേഹത്തോട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളെല്ലാം തന്നെ.

എം.പി എന്നല്ലാതെ പാർട്ടി നേതൃത്വത്തിൽ ശശി തരൂരിന് ഒരു സ്ഥാനവും ഇല്ല. അതുകൊണ്ടുതന്നെ പ്രഭാഷണത്തിന് പോവുമ്പോൾ പാർട്ടി നേതൃത്വത്തെ അറിയിക്കേണ്ട ആവശ്യവുമില്ല. മാത്രവുമല്ല, ലോക പ്രശസ്ത എഴുത്തുകാരൻ എന്ന നിലയിൽ ഇത്തരം നിബന്ധനക്ക് വിധേയനാകേണ്ട കാര്യവുമില്ല. എന്നിട്ടും പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
ദേശീയതലത്തിൽ ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ ശക്തികളെക്കുറിച്ചു വിമർശിക്കുമെങ്കിലും സംസ്ഥാന തലങ്ങളിൽ ഇടപെടുന്നില്ല എന്നതാണ് തരൂരിനെക്കുറിച്ചുള്ള പൊതുവായ വിമർശനം. ഇത് ഒരുപരിധിവരെ ശരിയാണെങ്കിലും തരൂർ കടന്നുവന്ന ഭൂതകാലംകൂടി ഇവിടെ പരിഗണിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം എന്നും വിശാല കാഴ്ചപ്പാടോടെ ലോകസാഹചര്യങ്ങളെ പഠിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. തിരുവനന്തപുരം വിമാനത്താവളം, കെ റെയിൽ എന്നീ വിഷയങ്ങളിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് ഈയൊരു പശ്ചാത്തലത്തിലാണ്. എന്നാൽ, കെ റെയിലിന്റെ കാര്യത്തിൽ പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. പ്രാദേശിക വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ലോക കാഴ്ചപ്പാടിനെ കൂട്ടിയിണക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്തു നിലപാടെടുത്തു എന്നൊരു ചോദ്യം ബാക്കിയുണ്ട്.

ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് മുതൽ ഒറ്റപ്പെടലിന് വിധേയനായിട്ടുണ്ട്. ഒരുപക്ഷേ ആദ്യ കുറച്ചു വർഷം മാത്രമാണ് അദ്ദേഹം വിമർശനത്തിന് അതീതനായിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം കോൺഗ്രസിന് ശക്തനായ പ്രതിപക്ഷ നേതാവ് ആവശ്യമായിരുന്നു. വലിയ ധിഷണാശാലിയായ ശശി തരൂർ എം.പി പ്രതിപക്ഷനേതാവായി അവരോധിക്കപ്പെടുമെന്ന് കരുതിയെങ്കിലും ഒട്ടും വാക്ചാതുര്യമില്ലാത്ത ശരാശരിക്കാരനായ നേതാവാണ് പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് വന്നത്. തരൂരിനെ ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ചെറിയ സ്ഥാനങ്ങൾ നൽകിയെങ്കിലും അതൊന്നും തരൂരിനെപ്പോലുള്ള മഹാവ്യക്തിക്ക് ഭൂഷണമായ ഒന്നായിരുന്നില്ല. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തരൂർ മത്സരിച്ചു കോൺഗ്രസിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ വിളംബരം ചെയ്‌തെങ്കിലും അതിനെതിരേയും പരിഹാസങ്ങളും വിമർശനങ്ങളും പാർട്ടിക്കുള്ളിൽനിന്ന് ഉയരുകയുണ്ടായി. കോൺഗ്രസ് പാർട്ടി ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ശശി തരൂരിനെ അതിലൊന്നും ഉൾപ്പെടുത്തിയില്ല, താരപ്രചാരകനാവാനുള്ള വലുപ്പം അദ്ദേഹത്തിനില്ലെന്നായിരുന്നു നിലപാട്. എന്നാൽ ഉത്തര കേരളത്തിലെ എം.എൽ.എ പോലും ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തി എന്നതാണ് അത്ഭുതകരം.

തൻ്റെ നിലപാട് എന്താണെന്ന് ശശി തരൂർ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു ഗ്രൂപ്പിനോടും അദ്ദേഹത്തിന് വിധേയത്വമില്ല. കറകളഞ്ഞ ജനാധിപത്യവാദിയാണ്. വർഗീയതയോടും ഫാസിസത്തോടും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നു. അത്തരം വ്യക്തിയുടെ സജീവ സാന്നിധ്യത്തെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്തുകൊണ്ട് മനസു തുറന്നു സ്വീകരിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രസക്ത ചോദ്യം. വർഷങ്ങൾക്കപ്പുറം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെ മുൻനിർത്തി മാധ്യമ വാർത്തയുടെ പേരിൽ എന്തിനാണ് ഇപ്പോഴേ നിഴൽയുദ്ധം നടത്തുന്നത്? ആരുടെ താൽപര്യ പ്രകാരമാണ് ഇത് ? ശശി തരൂരിനെ നിരന്തരം അകറ്റിനിർത്തുന്നത് പ്രസ്ഥാനത്തിനു ഗുണം ചെയ്യുമോ?

കോൺഗ്രസിലെ ചില നേതാക്കളുടെ അനവസര പ്രസ്താവനകൾ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. കോൺഗ്രസുകാർ ഓർമിക്കേണ്ടത് ശശി തരൂർ കേവലം കോൺഗ്രസുകാരൻ എന്നതിലുപരി വലിയ ചിന്തകനും പ്രഭാഷകനുമാണ് എന്നതാണ്. അദ്ദേഹത്തിന്റെ കഴിവുകളെ പ്രസ്ഥാനം പ്രയോജനപ്പെടുത്തുകയുമാണ് വേണ്ടത്. പ്രസ്ഥാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശരാശരി പാർട്ടി പ്രവർത്തകനായല്ല അദ്ദേഹത്തെ കാണേണ്ടത്. തരൂർ ഊതിവീർപ്പിച്ച ബലൂണല്ല. സൂചികൊണ്ട് എത്ര ആഴത്തിൽ അമർത്തിയാലും അത് പൊട്ടാനും പോകുന്നില്ല. കാരണം അതിനുള്ളിൽ അത്രത്തോളം കാമ്പുണ്ട്. കോൺഗ്രസ് നേതൃത്വം ദയവുചെയ്ത് തരൂരിനെ ഇനിയെങ്കിലും ശരിയായ രീതിയിൽ വായിക്കാൻ തുനിയുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.