2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കല്‍പ്പണിക്കാരെയും ആശാരിമാരെയും നോട്ടമിട്ട് യു.കെ; നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് സുവര്‍ണാവസരം

കല്‍പ്പണിക്കാരെയും ആശാരിമാരെയും നോട്ടമിട്ട് യു.കെ; നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് സുവര്‍ണാവസരം

രാജ്യത്ത് കെട്ടിട നിര്‍മാണ മേഖലയിലെ ജോലിക്കരുടെ കുറവ് പരിഹരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളൊരുക്കി യു.കെ ഗവണ്‍മെന്റ്. ഇതിനായി നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട എട്ടോളം തൊഴിലുകള്‍ അടിയന്തിര ആവശ്യമുള്ള ജോലികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍ ഉത്തരവിറക്കി. ഇതോടെ നിര്‍മാണ മേഖലയില്‍ പരിചയ സമ്പത്തുള്ള ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം യു.കെയിലെ കരാര്‍ കമ്പനികള്‍ക്ക് ഇനി വളരെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും വിദേശ പണിക്കാരെ രാജ്യത്തെത്തിക്കാന്‍ സാധിക്കും. ഇവര്‍ക്കായി വിസ നടപടികളിലടക്കം പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കും.

ഇഷ്ടിക പണിക്കാര്‍, ആശാരിമാര്‍, ടൈല്‍ പണിക്കാര്‍, റൂഫിങ് പണിക്കാര്‍, കല്‍പ്പണിക്കാര്‍, തേപ്പ് പണിക്കാര്‍ എന്നിവര്‍ക്ക് പുറമെ നിര്‍മാണ മേഖലയിലെ മറ്റ് തൊഴിലാളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരാര്‍ ഉടമ നല്‍കുന്ന വിസയും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനവുമാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. ഇത്തരത്തില്‍ രാജ്യത്തെത്തുന്ന തൊഴിലാളികള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ ശമ്പളത്തിലും വര്‍ധനവുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നിര്‍മാണ മേഖലയെ അടിയന്തിരമായി ജോലിക്കാര്‍ ആവശ്യമുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.കെയിലെ കുടിയേറ്റ സമിതി ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. സിവില്‍ എഞ്ചിനിയര്‍, ലാബ് ടെക്‌നീഷ്യന്‍സ്, ആരോഗ്യ മേഖലയിലെ ജോലിക്കാര്‍ എന്നിവരെ നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം പുതിയ പരിഷ്‌കരണങ്ങള്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് എതിരാണെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. രാജ്യത്തേക്കുള്ള വിദേശികളുടെ കടന്നുവരവ് നിയന്ത്രിക്കുമെന്ന പ്രധാനമന്ത്രി ഋഷി സുനകും പാര്‍ട്ടിയും നിലപാടില്‍ നിന്ന് വ്യതിചലിക്കുകയാണെന്നാണ് വിമര്‍ശനമുയരുന്നത്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോഡിലെത്തിയിരുന്നു. 606,000 ആളുകളാണ് ഈ കാലയളവില്‍ രാജ്യത്തെത്തിയത്. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തിറങ്ങാനുളള യു.കെയുടെ തീരുമാനമാണ് രാജ്യത്ത് തൊഴിലാളി ക്ഷാമത്തിന് കാരണമെന്നാണ് ബ്രെക്‌സിറ്റ് വിരോധികളുടെ ആരോപണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.